മസ്കത്ത്: വാണിജ്യ, വ്യവസായിക പദ്ധതികൾക്കും ഇന്ധന സ്റ്റേഷനുകൾക്കുമായി 27 കരാറുകളിൽ ഭവന, നഗരാസൂത്രണ മന്ത്രാലയം ഒപ്പുവെച്ചു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഒമാൻ ഡിസൈൻ ആൻഡ് ബിൽഡ് വീക്കിലായിരുന്നു കരാർ ഒപ്പിട്ടത്. ഭവന നഗരാസൂത്രണ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അലി അൽ മുതവയാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.
ശഹീൻ ചുഴലിക്കാറ്റ് ബാധിച്ചവർക്കായി സുവൈഖ്, ഖബൂറ വിലായത്തുകളിൽ 30 ഭവന യൂനിറ്റുകൾ നിർമിക്കുന്നതിനുള്ള കരാറും ഒപ്പുവെച്ചു. ഒരു ദശലക്ഷം റിയാൽ ചെലവിലാണ് ഭവന യൂനിറ്റുകൾ ഒരുക്കുക. വടക്കൻ ബാത്തിന ഗവർണറേറ്റിൽ ശഹീൻ ചുഴലിക്കാറ്റിൽ നാശം വിതച്ച പൗരന്മാർക്കായി 328 ഭവന യൂനിറ്റുകൾ നിർമിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതിയൊരുങ്ങുന്നത്. സ്പെഷലൈസ്ഡ് ടെക്നിക്കൽ ടീമുകൾ മുഖേന വന, നഗരാസൂത്രണ മന്ത്രാലയം തകർന്ന വീടുകളുടെ ഫീൽഡ് സർവേകളും പഠനങ്ങളും നടത്തിയിരുന്നു.
ദാഹിറയിൽ മൂന്ന്, ദോഫാറിൽ നാല്, അൽ വുസ്തയിൽ മൂന്ന്, തെക്കൻ ശർഖിയയിൽ രണ്ട് എന്നിങ്ങനെ ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള ഭൂവിനിയോഗ കരാറിനും ധാരണയായി. മസ്കത്ത്, തെക്കൻ ബാത്തിന, ദാഖിലിയ, അൽ വുസ്ത ഗവർണറേറ്റുകളിൽ 71,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള വാണിജ്യ, വ്യവസായിക പ്ലോട്ടുകളും സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.