മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള ചടങ്ങിൽ വാർത്ത വിതരണ മന്ത്രാലയം ‘ഒമാൻ ദി വിഷൻ ആൻഡ് ദി ഫ്യൂച്ചർ’ എന്ന തലക്കെട്ടിൽ ‘ഒമാൻ ഇയർബുക്ക് 2023’ പുറത്തിറക്കി. മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 28ാമത് പതിപ്പിന്റെ കൾച്ചറൽ കമ്മിറ്റിയുമായി സഹകരിച്ചായിരുന്നു പുസ്തകത്തിന്റെ പ്രകാശനം. വിവിധ മേഖലകളിലെ ഒമാന്റെ പുരോഗതിയുടെ സമഗ്രമായ വിവരണമാണ് വാർഷിക പ്രസിദ്ധീകരണം നൽകുന്നതെന്ന് ഒമാൻ ഇയർബുക്കിന്റെ വർക്കിങ് ടീം മേധാവി ഡോ. മുഹമ്മദ് അലി അൽ ഹിനായി പറഞ്ഞു. 1979ൽ അതിന്റെ ആദ്യ പതിപ്പ് മുതൽ ഒമാന്റെ പുരോഗതി, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളിലെ നേട്ടങ്ങളുടെ വസ്തുനിഷ്ഠ രേഖയായി പുസ്തകം വർത്തിച്ചിട്ടുണ്ടെന്ന് ഡോ. മുഹമ്മദ് വിശദീകരിച്ചു. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, സ്പാനിഷ് എന്നീ അഞ്ച് ഭാഷകളിലാണ് ഒമാൻ ഇയർബുക്ക് പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാൻ എംബസികളുടെയും കോൺസുലേറ്റുകളുടെയും ലൈബ്രറികൾ, അന്താരാഷ്ട്ര പുസ്തകമേളകൾ, ഫെസ്റ്റുകൾ തുടങ്ങിയ വേദികളിൽ പുസ്തകം ലഭ്യമാക്കും. ഒമാൻ ഇയർ ബുക്ക് ഡിജിറ്റൽ ഫോർമാറ്റിലും വിവിധ ഭാഷകളിൽ ഇൻഫർമേഷൻ മിനിസ്ട്രി എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്ന് ഡോ. മുഹമ്മദ് ചൂണ്ടിക്കാട്ടി. പ്രകാശനത്തോടനുബന്ധിച്ച് കഴിഞ്ഞ കാലയളവിലെ ഇയർബുക്കിന്റെ അധ്യായങ്ങളെ കുറിച്ച് ചർച്ചയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.