മസ്കത്ത്: ന്യൂഡൽഹിയിൽ നടക്കുന്ന ജി20 മന്ത്രിതല യോഗത്തിന്റെ 18ാമത് സെഷനിൽ ഒമാന്റെ പങ്കാളിത്തം തുടരുന്നു. ഗവേഷണവുമായി ബന്ധപ്പെട്ട മന്ത്രിമാരുടെ യോഗത്തിലും ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും ഡെപ്യൂട്ടിമാരുടെയും മൂന്നാമത്തെ യോഗത്തിലും തൊഴിൽ, ഊർജം, പരിസ്ഥിതി, കാലാവസ്ഥ സുസ്ഥിരത എന്നിവക്കായുള്ള വർക്കിങ് ഗ്രൂപ്പുകളുടെ മന്ത്രിതല യോഗത്തിലും സുൽത്താനേറ്റ് പങ്കെടുത്തു.
നേരത്തെ, ഒമാനെ പ്രതിനിധീകരിച്ച് ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയം ജി20 ഗവേഷണ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ മുംബൈയിൽ നടന്ന യോഗം ജൂലൈ ഏഴിനാണ് സമാപിച്ചത്.
സംഘത്തെ ഉന്നതവിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രി ഡോ. റഹ്മ ഇബ്രാഹിം അൽ മഹ്റൂഖിയാണ് നയിച്ചത്. ശാസ്ത്ര ഗവേഷണവും നൂതനത്വവും പ്രോത്സാഹിപ്പിക്കുന്നതിൽ ഒമാന്റെ ശ്രമങ്ങളെ സംബന്ധിച്ച് യോഗത്തിൽ മന്ത്രി വിശദീകരിച്ചു. പൊതുവെ ലോകരാജ്യങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഈ മീറ്റിങ്ങിന് പ്രാധാന്യമുണ്ടെന്നും സമൂഹങ്ങളുടെ പുരോഗതിയിലേക്ക് നയിക്കുന്ന മികച്ച പ്രവർത്തനങ്ങളും അറിവുകളും പങ്കുവെക്കുന്നതിനുള്ള ഫലപ്രദമായ വേദിയാണ് ഈ മീറ്റിങ് നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെ ഡയറക്ടർ പ്രഫസർ അനിരുദ്ധ പണ്ഡിറ്റുമായി മന്ത്രിയും പ്രതിനിധി സംഘവും കൂടിക്കാഴ്ചയും നടത്തി. പുനരുപയോഗ ഊർജം ‘ഹൈഡ്രജൻ’, ജലശുദ്ധീകരണം, ഭക്ഷ്യസുരക്ഷ, സംരംഭകത്വം എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രീയ ഗവേഷണങ്ങളിലെ അനുഭവങ്ങൾ ഇരുപക്ഷവും കൈമാറി. ചില ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ, ടിഷ്യു ഉൽപാദനം, ഭക്ഷണം, പരിശീലനം, സംരംഭകത്വം എന്നിവക്കുള്ള ലബോറട്ടറികൾ, മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എൻജിനീയറിങ് എന്നിവയും മന്ത്രി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.