മസ്കത്ത്: കോവിഡ് മഹാമാരി കാലത്ത് നേടിയെടുത്ത ഓൺലൈൻ ഷോപ്പിങ് ശീലം വിട്ടൊഴിയാതെ ഉപഭോക്താക്കൾ. 2021ൽ, വസ്ത്രങ്ങൾ, പാദരക്ഷകൾ, കായിക സാമഗ്രികൾ, പലചരക്ക് സാധനങ്ങൾ, ഭക്ഷണം, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങി എല്ലാത്തരം ഷോപ്പിങ്ങിനും ആളുകൾ ഓൺലൈനിനെയായിരുന്നു ആശ്രയിച്ചിരുന്നത്.
രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി എടുത്തുകളഞ്ഞതോടെ ഉപഭോക്താക്കളെ സ്വീകരിക്കാനായി ഷോപ്പിങ് സെന്ററുകൾ പൂർണാർഥത്തിലാണ് ഒരുങ്ങിയത്. ചിലയിടത്തൊക്കെ പ്രത്യേക ആനുകൂല്യങ്ങളും അധികൃതർ നൽകുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴും നല്ലൊരു ശതമാനം ആളുകളും കോവിഡ് കാലത്ത് ശീലിച്ച ഓൺലൈൻ ഷോപ്പിങ് രീതിതന്നെയാണ് തുടരുന്നത്.
ഷോപ്പിങ്ങിനായി മാളുകളിലും സെന്‍ററിലും എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. എന്നാൽ, ഇവരിൽ ഭൂരിപക്ഷംപേരും പണമടക്കുന്നത് കാർഡുകൾ വഴിയാണ്. മാത്രമല്ല കാർഡുകൾ വളരെ ജാഗ്രതയോടെ ഉപയോഗിക്കാനും ഉപഭോക്താക്കൾക്ക് സാധിക്കുന്നുണ്ട്.
ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ ഡിജിറ്റൽ സൂചകങ്ങൾ കാണിക്കുന്നത് നല്ലൊരു ശതമാനം ആളുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ്. പാദരക്ഷകൾ, കായിക ഇനങ്ങൾ, ആക്സസറികൾ തുടങ്ങിയ സാധനങ്ങൾ ഓൺലൈനിലൂടെ വാങ്ങിയത് 66 ശതമാനം ആളുകളാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഭക്ഷണവും പലചരക്ക് സാധനങ്ങളും 57 ശതമാനമാണ്.
ഫർണിച്ചർ പോലെയുള്ള വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ മുതലായവ ഓൺലൈനിലുടെ മേടിച്ചത് 40 ശതമാനം ആളുകളാണെന്ന് കണക്കിൽ പറയുന്നു. സൗന്ദര്യവർധക വസ്തുക്കൾ, ചർമസംരക്ഷണ ഉൽപന്നങ്ങൾ 27 ശതമാനം, യാത്ര, താമസം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് 26 ശതമാനംപേരും ഓൺലൈനിനെയാണ് ആശ്രയിച്ചത്.
മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽസ്, ആരോഗ്യ ഉൽപന്നങ്ങൾ എന്നിവക്കും ഓൺലൈനിൽ ആവശ്യക്കാരുണ്ടായിരുന്നു. അതേസമയം, രാജ്യത്ത് 72 ശതമാനം ആളുകളും നേരിട്ട് ഷോപ്പിങ് നടത്താൻ ഇഷ്ടപ്പെടുന്നവരാണെന്ന് ഡിജിറ്റൽ സൂചകങ്ങൾ കാണിക്കുന്നു.
വാറന്റികൾ, ഉൽപന്നങ്ങൾ സ്വീകരിക്കുന്നതും തിരികെ നൽകുന്നതും, ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട സുരക്ഷ, ഡെലിവറിപോലുള്ള സാങ്കേതിക പ്രശ്‌നങ്ങൾ എന്നിവയിൽ ഏകദേശം 44 ശതമാനം ആളുകൾക്ക് ആശങ്കകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.