മസ്കത്ത്: തപാൽ സ്റ്റാമ്പുകളിലൂടെ സൂറിന്റെ ചരിത്രം വിശദീകരിക്കുന്ന പ്രദർശനത്തിന് മസ്കത്തിലെ നാഷനൽ മ്യൂസിയത്തിൽ തുടക്കമായി. ‘തപാൽ സ്റ്റാമ്പുകളുടെ ഓർമയിൽ സൂർ വിലായത്ത്’ എന്ന തലക്കെട്ടിൽ നടക്കുന്ന പ്രദർശനം നവംബർ 14 വരെ തുടരും.
2024ലെ അറബ് ടൂറിസം തലസ്ഥാനമായി സൂറിനെ തിരഞ്ഞെടുത്തതിനോട് അനുബന്ധിച്ചാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. തപാൽ സ്റ്റാമ്പുകളിലൂടെ രേഖപ്പെടുത്തിയിരിക്കുന്ന സൂറിന്റെ സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും ദൃശ്യയതയാണ് പ്രദർശനം.
തെക്കൻ ശർഖിയ ഗവർണർ ഡോ. യഹ്യ ബിൻ ബദർ അൽ മാവാലി ഉദ്ഘാടനം ചെയ്തു. പരമ്പരാഗത കരകൗശലവസ്തുക്കൾ, സമുദ്ര പൈതൃകം, ഐക്കണിക് ചിഹ്നങ്ങൾ എന്നിവയുൾപ്പെടെ സൂറിന്റെ സമ്പന്നമായ ചരിത്ര നാഴികക്കല്ലുകൾ അടയാളപ്പെടുത്തുന്നതാണ് പ്രദർശനം.
ഇവിടെ ഒരുക്കിയിരിക്കുന്ന ശേഖരത്തിൽ പലതും സ്റ്റാമ്പ് ശേഖര തൽപരനും ഒമാൻ മ്യൂസിയംസ് ഫ്രണ്ട്സ് അംഗവുമായ അബ്ദുല്ല ബിൻ സഈദ് അൽ സാദിയുടെ വ്യക്തിഗത ശേഖരത്തിൽ നിന്നുള്ളതാണ്.
ഒമാനി കപ്പലുകൾക്കായി സമർപ്പിച്ച 1996ലെ സ്റ്റാമ്പ് സീരീസ്, സൂറിന്റെ പ്രശസ്തമായ കപ്പൽനിർമ്മാണ പാരമ്പര്യം, 2001ലെ ‘അൽ ഖഞ്ജർ അൽ സൗരി’സ്റ്റാമ്പ് , സൂർ ഖഞ്ചറിന്റെ കരകൗശല നൈപുണ്യം, ഒമാനി ഫലജ് സ്റ്റാമ്പ് തുടങ്ങിയവയെല്ലാം പ്രദർശനത്തിൽ കാണാവുന്നതാണ്.
ഒമാനി നാവികൻ നാസർ ബിൻ അലി അൽ ഖാദൂരിയുടെ ‘ദ മിനറൽ ഓഫ് സീക്രട്ട്സ് ഇൻ മറൈൻ സയൻസസ്’ പോലെയുള്ള അപൂർവ കൈയെഴുത്തുപ്രതികളും സൂറിലെ ജനങ്ങളുടെ ആഴത്തിലുള്ള സമുദ്രവിജ്ഞാനം വ്യക്തമാക്കുന്നു. ഓരോ സ്റ്റാമ്പിനും അതിന്റേതായ കാലഘട്ടത്തിന്റെ കഥയുണ്ടെന്ന് ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച നാഷനൽ മ്യൂസിയത്തിലെ മ്യൂസിയം അഫയേഴ്സ് ഡയറക്ടർ ജനറൽ ഡോ ഫാത്തിമ ബിൻത് മുഹമ്മദ് അൽ ബലൂഷി പറഞ്ഞു.
മ്യൂസിയം ഇവന്റുകളിലേക്കുള്ള സൗജന്യ പ്രവേശനം, പരിശീലന അവസരങ്ങൾ തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്ന ‘ഫ്രണ്ട്സ് ഓഫ് ഒമാൻ മ്യൂസിയംസ്’ അംഗത്വത്തെ കുറിച്ചും അൽ ബലൂഷി എടുത്തുപറഞ്ഞു. സ്റ്റാമ്പുകൾ ഒമാന്റെ ചരിത്രത്തിന്റെ ‘അംബാസഡർ’ആയി എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിനെക്കുറിച്ച് ഒമാൻ പോസ്റ്റിനെ പ്രതിനിധീകരിച്ച് സംസാരിച്ച അൽ സാദി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.