മസ്കത്ത്: രാജ്യത്ത് വൈദ്യുതി തടസ്സങ്ങൾ നേരിട്ട എല്ലാ പ്രദേശങ്ങളിലേയും സേവനങ്ങൾ പൂർണമായി പുനഃസ്ഥാപിച്ചതായി അതോറിറ്റി ഫോർ പബ്ലിക് സർവിസസ് റെഗുലേഷൻ (എ.പി.എസ്.ആർ) അറിയിച്ചു. അധികൃതരുടെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ മണിക്കൂറുകൾ എടുത്താണ് വിവിധ സ്ഥലങ്ങളിൽ ഘട്ടം ഘട്ടമായി വൈദ്യുതി പുനഃസ്ഥാപിച്ചത്. തിങ്കളാഴ്ച വൈവകീട്ടോടെ തന്നെ ഭൂരിഭാഗം ഗവർണറേറ്റുകളിലും സേവനങ്ങൾ ലഭ്യമാക്കിയിരുന്നു. വൈദ്യുതി തടസ്സങ്ങൾ നേരിട്ടാൽ മസ്കത്ത് ഗവർണറേറ്റിലുള്ളവർക്ക് കമ്പനിയുടെ കോൾ സെന്ററുമായി 80070008 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ വ്യക്തമാക്കി.
തിങ്കളാഴ്ച്ച ഉച്ചക്ക് 1.30 ഓടെയാണ് മസ്കത്തടക്കമുള്ള ഗവർണേറ്റുകളിൽ വൈദ്യതി വിതരണം തടസ്സപ്പെട്ടത്.
ഇബ്രി, നഹിദ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന 400 കിലോ വാൾട്ട് പവർ ട്രാൻസ്മിഷൻ ലൈനുകളിലെ (മെയിൻ ലൈനും ബാക്കപ്പ് ലൈനും) സാങ്കേതിക തകരാർ ആണ് വൈദ്യുതി മുടങ്ങാന്‍ കാരണമായതെന്ന് പബ്ലിക് സർവിസസ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. സംഭവത്തിൽ വൈദ്യുതി വിതണണ കമ്പനിയായാ നാമ ഗ്രൂപ്പ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ ശാശ്വത പരിഹാരം ആസൂത്രണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
മിക്ക ഗവര്‍ണറേറ്റുകളിലും വൈദ്യുതി മുടങ്ങിയെങ്കിലും ദോഫാര്‍, ദാഹിറ, ബുറൈമി, മുസന്ദം ഗവര്‍ണറേറ്റുകളിലും വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ഖാബൂറ, സുഹാര്‍, ലിവ, ശിനാസ് വിലായത്തുകളിലും വൈദ്യുതി വിതരണം സാധാരണ നിലയില്‍ തുടര്‍ന്നു. വൈദ്യുതി വിതരണം തടസ്സപ്പെട്ടത് ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.
വൈദ്യുതി മുടങ്ങിയത് ഓഫിസുകളുടെയും മാളുകളുടെയും പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. അസഹ്യമായ ചൂട് കാരണം പലരും ഫ്ലാറ്റുകളിൽനിന്നും പുറത്തിറങ്ങി നിൽക്കുകയായിരുന്നു. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ നേരിട്ടെങ്കിലും വിമാന സർവിസുകളെ ബാധിച്ചില്ല. വിമാനത്താളം പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഒമാൻ എയർപോർട്ട്സ് അധികൃതർ തിങ്കളാഴച വൈകീട്ട് ആറുമണിയോടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.