മസ്കത്ത്: ഈ വർഷത്തെ ലോബ്സ്റ്റർ (വലിയ കൊഞ്ച്) ബന്ധന സീസൺ മാർച്ച് ഒന്നിന് ആരംഭിക്കുമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലെ മത്സ്യത്തൊഴിലാളികൾക്കും ലോബ്സ്റ്റർ മത്സ്യബന്ധന സീസൺ പ്രധാനപ്പെട്ട കാലമാണ്. എല്ലാ മത്സ്യത്തൊഴിലാളികളും കമ്പനികളും തങ്ങൾ പിടിക്കുന്ന ലോബ്സ്റ്ററിന്റെ അളവ് രജിസ്റ്റർ ചെയ്യണം. ഇങ്ങനെ ചെയ്തിട്ടില്ലെങ്കിൽ സീസൺ അവസാനിച്ചതിനുശേഷം ലോബ്സ്റ്റർ വ്യാപാരം ചെയ്യാനോ കയറ്റുമതി ചെയ്യാനോ അനുവദിക്കുകയില്ല. മാർച്ച് ഒന്നുമുതൽ മേയ് 31വരെയാണ് സുൽത്താനേറ്റിലെ ലോബ്സ്റ്റർ മത്സ്യബന്ധന സീസൺ. വർധിച്ചുവരുന്ന ആവശ്യം കാരണം പ്രാദേശിക, അന്തർദേശീയ വിപണികളിൽ ലോബ്സ്റ്റർ ഒരു പ്രധാന സമുദ്ര വിഭവമാണ്.
ഈ പ്രകൃതി വിഭവം സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളെയും ചട്ടങ്ങളെയും വഴികളെയും കുറിച്ച് മനസ്സിലാക്കാനായി മത്സ്യത്തൊഴിലാളികൾക്ക് നിരവധി പരിപാടികൾ വർഷംതോറും മന്ത്രാലയം നടത്താറുണ്ട്. ജൂൺ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ ലോബ്സ്റ്റർ പിടിക്കുന്നതിന് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവിലാണ് ഇവയുടെ പ്രജനനം നടക്കുന്നത്. പുതു സീസണിനെ വരവേൽക്കാനായി ദോഫാർ, അൽ വുസ്ത, തെക്കൻ ഷർഖിയ ഗവർണറേറ്റുകളിൽ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. കൃഷി മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2020ൽ 4.9 ദശലക്ഷം റിയാൽ മൂല്യമുള്ള 950 ടൺ ലോബ്സ്റ്ററുകളെയാണ് പിടികൂടിയത്. ഇതിൽ 353 ടൺ കയറ്റുമതി ചെയ്തു. ലോബ്സ്റ്ററുകൾ പാറകൾക്കും പവിഴപ്പുറ്റുകൾക്കും ഇടയിലും അതുപോലെ മണൽ, കളിമണ്ണ് ചുറ്റുപാടുകളിലും കടൽത്തീരത്തോട് ചേർന്നുള്ള ആഴം കുറഞ്ഞിടത്തുമാണ് കണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.