മസ്കത്ത്: തുടർച്ചയായി പെയ്ത മഴ കഴിഞ്ഞ രണ്ടുദിവസങ്ങളായി ഒഴിഞ്ഞതോടെ ജനജീവിതം സാധാരണ നിലയിലേക്കു പതിയെ നീങ്ങിത്തുടങ്ങി. തെക്ക്-വടക്ക് ബാത്തിന, ബുറൈമി, മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളിലെ വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ ഊർജിത ശുചീകരണ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
റോഡുകളിലേക്കുവീണ കല്ലുകളും മണ്ണുകളും മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ നീക്കി പ്രധാന പാതകളെല്ലാം ഗതാഗതയോഗ്യമാക്കി വാഹനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്. വാദികൾ കുത്തിയൊലിച്ച് റോഡുകൾ പലതും ഒലിച്ചുപോകുകയും ചിലതൊക്കെ അപ്പാടെ തകരുകയും ചെയ്തിട്ടുണ്ട്. ഇതു മൂലം ബുറൈമിയിലെ ഉൾ പ്രദേശങ്ങൾ പലതും ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥിതിയാണെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. കടകളിലും വീടുകളിലും ചളി അടിഞ്ഞുകൂടി കിടക്കുകയാണ്. ഇവ സന്നദ്ധ പ്രവർത്തകരുടെയും മറ്റും കൂട്ടായ്മയിൽ നീക്കിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഈ വീടുകളിൽ പലതിലും പഴയതുപോലെ താമസം ആരംഭിക്കാൻ ദിവസങ്ങളെടുക്കുമെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു.
ഏറ്റവും കൂടുതൽ ആൾ നഷ്ടവും നാശവും വരുത്തിയത് വടക്കൻ ശർഖിയ ഗവർണറേറ്റിലാണ്. ഇവിടെ മീറ്ററുകളോളം ദൂരത്തിലാണ് പലയിടത്തും റോഡുകൾ തകർന്നുകിടക്കുന്നത്. പകർച്ചവ്യാധികൾ പടർന്നുപിടിക്കാതിരിക്കാൻ ശുചീകരണ പ്രവർത്തനങ്ങളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ ആരോഗ്യ പ്രവർത്തകർ നൽകിവരുന്നുണ്ട്. മഴ കുറഞ്ഞെങ്കിലും പല ഗവർണറേറ്റുകളിലും ഇപ്പോഴും വാദികൾ നിറഞ്ഞൊഴുകുന്നുണ്ട്. വാരാന്ത്യ അവധി ദിനങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും കൂടുതൽ സന്നദ്ധ പ്രവർത്തകർ മഴബാധിത മേഖലകളിലേക്കൊഴുകും. ഇതോടെ സേവന പ്രവർത്തകർക്ക് കൂടുതൽ വേഗത കൈവരികയും ചെയ്യും.
അതേസമയം, അവശ്യ സാധനങ്ങൾക്ക് പ്രയാസങ്ങൾ നേരിടുന്ന വാദി ബനി ഖാലിദ് വിലായത്ത് നിവാസികൾക്ക് ആർ.ഒ.പിയുടെ ഹെലികോപ്ടർ വഴി ഇവ എത്തിച്ചു.
റോയൽ ഒമാൻ പൊലീസ്, റോയൽ ആർമി ഓഫ് ഒമാൻ, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്മെന്റ് എന്നിവയുടെ ഫീൽഡ് ടീമുകൾ മാഹൂത് വിലായത്തിലെ വാദി അൽ സെയിലിൽ കുടുങ്ങിയ 23 പേരെ രക്ഷപ്പെടുത്തി. എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.
മഴക്ക് ശമനം വന്നതിനാൽ, അടിയന്തര സേവനത്തിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി എമർജൻസി മാനേജ്മെന്റ് നാഷനൽ കമ്മിറ്റി അറിയിച്ചു. ബന്ധപ്പെട്ട അധികൃതർ ഓരോ പ്രദേശങ്ങളിലെയും നാശനഷ്ടങ്ങളുടെ കണക്കെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.