മസ്കത്ത്: ന്യൂനമർദ്ദത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്ത മഴയിൽ വിറങ്ങലിച്ച് വടക്കൻ ഗവർണറേറ്റുകൾ. ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരി ച്ചൊരിയുന്നത്. വിവിധ ഇടങ്ങളിൽ ആലിപ്പഴവും വർഷിച്ചു.
തെക്ക്-വടക്ക് ബാത്തിന, ബുറൈമി, മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളിലാണ് ദുരിതപ്പെയ്ത്ത് തുടരുന്നത്. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലാണ്. മലയാളിയുൾപ്പെടെ 19 പേരുടെ ജീവനുകളാണ് രണ്ട് ദിവസത്തെ മഴയിൽ പൊലിഞ്ഞത്. ഇതിൽ 12പേരും കുട്ടികളാണെന്നാണ് ഏറെ സങ്കടകരം. ഏറെ നഷ്ടവും ദുരിതവും വിതച്ചത് വടക്കൻ ശർഖിയയിലാണ്. ഞായറാഴ്ച തുടങ്ങിയ മഴ രാത്രിയോടെ കരുത്താർജിച്ച് തിങ്കളാഴ്ചയും കോരിച്ചൊരിയുകയായിരുന്നു.
വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മിക്കവാദികളും നിറഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും വാദികൾ മുറിച്ചുകടക്കരുതെന്നും അധികൃതർ നിർദേശിച്ചു.
രക്ഷാപ്രവർത്തനം ഊർജിതം
വെള്ളക്കെട്ടുകളിൽനിനും വാദികളിൽനിന്നുമായി സ്കൂൾ കുട്ടികളടക്കം 1,300 ലധികം പേരെ രക്ഷിച്ചതായി സി.ഡി.എ.എ പറഞ്ഞു. മുദൈബിയിലെ ഒരുസ്കൂളിൽ നിന്ന് 1,200 വിദ്യാർഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു. ഇബ്രയിൽ, 27 കുട്ടികളുമായി ഒരു സ്കൂൾ ബസ് ഒരു വാദിയിൽ ഒലിച്ചുപോയെങ്കിലും എല്ലാവരെയും രക്ഷിച്ചു. ആർക്കും പരിക്കുകളൊന്നുമില്ല. സമദ് ഷാനിൽ വാദി റൗദ സ്കൂൾ കെട്ടിടത്തിലേക്ക് വെള്ളം കയറി. സ്കൂളിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒലിച്ചുപോയതായി റോയൽ ഒമാൻ പെലീസ് അറിയിച്ചു. ഇവിടെനിന്ന് നിരവധിപേരെ ഒഴിപ്പിക്കുകയും ചെയ്തു.
പൊലീസ് ഏവിയേഷൻ യൂനിറ്റുകളും പരിശോധനയുമായി രംഗത്തുണ്ട്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള വ്യക്തികൾ ഉൾപ്പെടെ 35ലധികം പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. വാദി ബാനി ഖാലിദിൽ ഒരു വീട് തകർന്നു. അകത്ത് കുടുങ്ങിയവരെ പ്രത്യേക സംഘം വിജയകരമായി രക്ഷപ്പെടുത്തി. കൂടാതെ, വാദി ബാനി ഖാലിദിലെ അൽ ഖാം ഏരിയയിൽ വെള്ളം കയറിയ മൂന്ന് വീടുകളിൽ നിന്ന് 20 പൗരന്മാരെ രക്ഷപ്പെടുത്തി.
മസ്കത്ത് ഗവർണറേറ്റിലെ വാദി ഹേമിൽ വാഹനം ഒഴുക്കിൽപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന സ്വദേശി പൗരനെ സി.ഡി.എ എ. സംഘം രക്ഷപ്പെടുത്തി. മസ്കത്തിലെ ഒരു സ്കൂളിൽനിന്ന് പത്ത് വിദ്യാർഥികളെയും രക്ഷാപ്രവർത്തകർ ഒഴിപ്പിച്ചു. വെള്ളം കയറിയതിനെ തുടർന്ന് ഇസ്കിയിലെ വീട്ടിൽനിന്ന് ഏഴുപേരെ രക്ഷപ്പെടുത്തി. വാദികളിൽ നിരവധി വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടതയായും റിപ്പോർട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ഇബ്രിയിലെ വാദി അൽ വഹ്റയിൽ മൂന്നുപേർ കുടുങ്ങി. അമീറാത്തിലെ വാദിയിൽ കുടുങ്ങിയ പൗരനെ റോയൽ ഒമാൻ പൊലീസ് രക്ഷപ്പെടുത്തി.
ജാഗ്രതാ സന്ദേശങ്ങൾ മൊബൈലിലൂടെ നൽകി അധികൃതർ
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ കനത്ത മഴയെക്കുറിച്ച് സ്വദേശികൾക്കും വിദേശികൾക്കും മൊബൈലിലൂടെ മുന്നറിയിപ്പു നൽകി അധികൃതർ. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പ്രത്യേക ശബ്ദത്തോടെ ജാഗ്രതാ സന്ദേശങ്ങൾ ലഭിച്ചത്. ഇംഗീഷ്, അറബിക്ക്, ഹിന്ദി, ഉർദു തുടങ്ങിയ ഭാഷകളിലായിരുന്നു സന്ദേശം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നും വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥ മുന്നറിയിപ്പുകൾ പിന്തുടരണമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടകം.
പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മൊബൈലിലൂടെ നേരത്തെ മുന്നറിയിപ്പു നൽകുന്ന സേവനങ്ങൾ രാജ്യത്ത് കഴിഞ്ഞവർഷം തുടക്കമായിരുന്നു. ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച ജാഗ്രത സന്ദേശങ്ങൾലഭിച്ചത്. ഇക്കഴിഞ്ഞ മാർച്ച് മാസത്തിലും അസ്ഥിര കാലാവാസ്ഥയുമായി ബന്ധപ്പെട്ടും സന്ദേശങ്ങൾ നൽകിയിരുന്നു. ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും കമ്യുനിക്കേഷൻ സർവിസ് പ്രൊവൈഡർമാരുമായും സഹകരിച്ചാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്.
പൊതുജന സുരക്ഷയും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പും വർധിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രധാന ചുവടുവെപ്പാണ് ഈ സംരംഭം. സന്ദേശങ്ങൾ അയക്കുന്നടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളുടെയും സഹകരണത്തോടെ അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉർദു എന്നീ ഭാഷകളിലാണ് മൊബൈൽ ഫോണുകൾവഴി മുന്നറിയിപ്പു നൽകുന്നത്. കാലാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പ് ഏത് പ്രദേശത്താണോ ലക്ഷ്യംവെക്കുന്നത് അവിടുത്തെ ആയിരക്കണക്കിന് ആളുകളിലേക്കെത്തിക്കാൻ പുതിയ ബ്രോഡ്കാസ്റ്റ് സേവനം സഹായിക്കും.
ഇത് എല്ലാ മൊബൈൽ ഉപയോക്താക്കളും ആക്ടിവേറ്റ് ചെയ്യണമെന്ന് ‘ട്രാ’ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്ടിവേറ്റ് ചെയ്യേണ്ട രീതിയെക്കുറിച്ചുള്ള വിഡിയോയും ഇറക്കിയിരുന്നു. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾക്ക് ഇടക്കിടെ വിധേയമാകുന്ന സ്ഥലമാണ് സുൽത്താനേറ്റ്. ഇത്തരം ജാഗ്രതാ അറിയിപ്പ് സംവിധാനം നിരവധി മനുഷ്യജീവനുകൾ രക്ഷിക്കാനും നാശനഷ്ടങ്ങൾ കുറക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
നോവുപടർത്തി സുനില്‍കുമാറിന്റെ മരണം
മസ്കത്ത്: കനത്ത മഴയിൽ വടക്കൻ ശർഖിയ ഗവർണറേറ്റിലെ ബിദിയ സനായയ്യിൽ മരിച്ച പത്തനംതിട്ട അടൂർ കടമ്പനാട് സ്വദേശി വടക്ക് നെല്ലിമുകള്‍ തടത്തില്‍ കിഴക്കേതില്‍ സുനില്‍കുമാറിന്റെ (55) വിയോഗം ഒമാനിലെ മലയാളി പ്രവാസികളിൽ നോവ് പടർത്തി. വാദി കുത്തിയൊലിച്ചതിനെതുടർന്ന് ഇദ്ദേഹം നടത്തിയിരുന്ന വർക്ഷോപ്പിന്റെ മതിൽ തകർന്നാണ് അപകടം.
ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മഴ തുടങ്ങിയതോടെ കടയടക്കാനായി മറ്റ് ജീവനക്കാരോടൊപ്പം പുറത്തിറങ്ങി ഗേറ്റ് പൂട്ടുന്നതിനിടെയായിരുന്നു അപകടം. കടയുടെ മതിലിന് ഒരാളിലേറെ പൊക്കമുണ്ട്. അതുകൊണ്ടുതന്നെ വാദി കുത്തിയൊലിച്ച് വരുന്നത് കാണാൻ സാധിച്ചിരുന്നില്ലെന്ന് ദുരന്തത്തിന് നേരിട്ട് സാക്ഷ്യം വഹിച്ച സുനിൽകുമാറിന്റെ മൂത്ത സഹോദരൻ സുരേഷ് നിറകണ്ണുകളോടെ ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
ഉഗ്രശബ്ദത്തോടെയായിരുന്നു വാദി കുത്തിയൊലിച്ച് എത്തിയിരുന്നത്. മതിൽ തകർന്ന് കടയിലേക്ക് വെള്ളം കയറി. എന്റെ മൂക്കറ്റംവരെ വെള്ളം എത്തിയിരുന്നു. കൂടെയുണ്ടായിരുന്ന 13 കാരനായ മകനെ അന്തരീക്ഷത്തിൽ ഉയർത്തിനിർത്തിയായിരുന്നു രക്ഷിച്ചിരുന്നത്. സംസാരിച്ചാൽ വായിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽ ആലപ്പുഴ സ്വദേശിയായ അശ്വിന്റെ കാലിന് ഒടിവ് പറ്റുകയും ചെയ്തിട്ടുണ്ട്. സുനിൽകുമാറിന്റെ പാസ്പോർട്ട് മഴയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. അടിയന്തര പാസ്പോർട്ടിന് അപേക്ഷിച്ചിട്ടുണ്ടെന്നും ഇത് ലഭിക്കുന്ന മുറക്ക് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും സുരേഷ് പറഞ്ഞു. 15 വർഷത്തോളമായി ബിദിയ സനായയ്യിൽ വർക്ഷോപ്പ് നടത്തിവരികയാണ് സുനിൽകുമാർ. ദിവ്യയാണ് മരിച്ച സുനിലിന്റെ ഭാര്യ. മകള്‍: സ്വാതി സുനില്‍
ഇന്ന് മുതൽ മഴ കനക്കും
മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായുള്ള മഴ രാജ്യത്ത് ചൊവ്വാഴ്ച കനക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ കാലാവസ്ഥാ നിരീക്ഷക ഐഷ ജുമാ അൽ ഖാസ്മി പറഞ്ഞു.
ചൊവ്വാഴ്ച പകലിൽ ശക്തിയായി ചൊരിയുന്ന മഴ അർധരാത്രി മുതൽ ബുധനാഴ്ച പുലർച്ച വരെ അത്യധികം ശക്തിയോടെ കോരിച്ചൊരിയും. മുസന്ദം, ദാഹിറ, ബുറൈമി, വടക്കൻബത്തിന, ദഖിലിയ ഗവർണറേറ്റുകളിലും തെക്കൻ ബാത്തിന, മസ്കത്ത്, അൽ വുസ്ത ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിലുമാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ദാഖിലിയ, തെക്ക്-വടക്ക് ഗവർണറേറ്റുകളിലും ഇതിന്റെ ആഘാതം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷക അറിയിച്ചു.
അഞ്ച് ഗവർണറേറ്റുകളിൽ ഇന്ന് പൊതുഅവധി
മസ്കത്ത്: കനത്ത മഴയുടെ പശ്ചാതലത്തിൽ രാജ്യത്തെ അഞ്ച് ഗവർണറേറ്റുകളിൽ അധികൃതർ പൊതു അവധി നൽകി. മുസന്ദം, ബുറൈമി, ദാഹിറ, വടക്കൻ ബാത്തിന, ദാഖിലിയ ഗവർണറേറ്റുകളിൽ സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കാണ് ചൊവ്വാഴ്ച അവധി നൽകിയിരിക്കുന്നത്.
വാദിയിൽ കാണാതായവർക്കായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിൽ
കനത്ത മഴയിൽ ഒമാനിലെ വടക്കൻ ഗവർണറേറ്റുകളൊന്നിൽനിന്നുള്ള കാഴ്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.