മത്ര: മസ്കത്ത് ഉള്‍പ്പെടെ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴ ദുര്ബലാമായി കടന്നു പോകുന്നതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍. ന്യൂനമര്‍ദത്തിന്റെ ഭാഗമായി മസ്കത്തുള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.
എന്നാല്‍, മസ്കത്തില് ചൊവ്വാഴ്ച അര്‍ധരാത്രി നേരിയ തോതിലൊരു മഴ പെയ്തുവെന്നല്ലാതെ കൂടുതൽ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ അധികൃതരും വ്യാപാരികളും പൗര സമൂഹവും ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. കാലാവസ്ഥ വ്യതിയാനമുണ്ടാവുകയും ശക്തമായ മഴ രൂപപ്പെടുകയും ചെയ്താല്‍ വാദിയിലൂടെയും മറ്റും മഴവെള്ളം കുത്തിയൊഴുകി നാശ നഷ്ടങ്ങളുണ്ടാകാറുള്ള പതിവ് പ്രതിഭാസങ്ങളെ മറി കടക്കാന്‍ മികച്ച മുന്നൊരുക്കങ്ങള്‍ ഗവർണറേറ്റിൽ നടത്തിയിരുന്നു.
മത്രയടക്കമുള്ള സൂഖുകളിലെ വ്യാപാരികള്‍ കടകളിലെ താഴ്ഭാഗങ്ങളില്‍ സ്റ്റോക്ക് ചെയ്തിരുന്ന സാധനങ്ങളും മറ്റും ഗോഡൗണുകളിലേക്കും ഉയരമുള്ള ഭാഗങ്ങളിലേക്കും മാറ്റിയിരുന്നു. ഷട്ടറുകളും അത് പോലുള്ള വെള്ളം കടന്നുകയറാന്‍ സാധ്യതയുള്ള ഗ്യാപ്പുകളൊക്കെ ഇരുമ്പ് ബാരിക്കേട് സ്ഥാപിച്ചും ഫോം പുട്ടി ഉപയോഗിച്ച് പഴുതുകള്‍ അടച്ചുമാണ് പോയത്.
മസ്കത്ത് ഭാഗങ്ങളില്‍ ഏത് സമയവും മഴ പെയ്തേക്കുമെന്ന് തോന്നത്തക്ക വിധം മഴ മേഘങ്ങള്‍ ഗര്‍ഭം ധരിച്ചത് പോലുള്ള മേഘാവൃതമായ മൂടിക്കെട്ടിയ അന്തരീക്ഷമാണ് ദൃശ്യമായത്. തണുത്ത കാറ്റും വീശിക്കൊണ്ടാണ് ഈ ദിവസങ്ങള്‍ കടന്ന് പോയത്. അത് കൊണ്ട് തന്നെ ചുട്ട് പൊള്ളിച്ചു കൊണ്ടിരുന്ന കനത്ത ചൂടില്‍ നിന്നും ചെറിയ ആശ്വാസം ലഭിച്ചിരുന്നു. മഴ ആശങ്കകള്ക്കിടയിലുണ്ടായ മികച്ച കലാവസ്ഥ ആശ്വാസമായി മാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.