സുഹാർ: റമദാൻ രാവുകൾക്ക് വർണക്കാഴ്ച ഒരുക്കി സുഹാർ അംബാർ പാർക്ക് ദീപാലങ്കാരത്തിൽകുളിച്ചു നിൽക്കുന്നത് കാണികൾക്ക് കൗതുകമാകുന്നു. റമദാൻ ആരംഭത്തിൽതന്നെ പാർക്കിൽ ഫെസ്റ്റിന്റെ ഒരുക്കം ആരംഭിച്ചിരുന്നു. ഈദ് വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത്.
റമദാൻ സന്ദേശം ആലേഖനം ചെയ്ത ബോർഡുകൾ, ദീപാലങ്കാരം കൊണ്ട് തീർത്ത കമാനങ്ങൾ, കുട്ടികൾക്ക് ആർത്തുല്ലസിക്കാൻ പാകത്തിലുള്ള കൂടാരങ്ങൾ, പാരമ്പര്യ ഒമാനി ഭക്ഷണ സ്റ്റാളുകൾക്ക് പുറമെ നവീന ഭക്ഷണം വിളമ്പുന്ന കിയോസ്കുകളും ഉണ്ട്. രാവേറെ നീളുന്ന പരിപാടികൾ അത്താഴ സമയത്തിനു മുമ്പ് അവസാനിക്കും. വരാന്ത്യഅവധി ദിവസമായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സ്വദേശികളും വിദേശികളും അടക്കം നൂറുകണക്കിന് ആളുകളാണ് ഇവിടേക്കെത്തിയത്. രാത്രി പ്രാർഥനക്ക് ശേഷം സജീവമാകുന്ന പാർക്കിൽ നിരവധി കാഴ്ച ഒരുക്കിയിട്ടുണ്ട്.
കളിപ്പാട്ടങ്ങൾ, സവാരിക്കുള്ള സൈക്കിൾ, അമ്യൂസ്മെന്റ് പാർക്ക്, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, ഭക്ഷണ ചന്തകൾ, ചായക്കടകൾ എന്നിവ കാഴ്ചക്കാർക്കും ഭക്ഷണ പ്രേമികൾക്കും ഏറെ പ്രിയമാകുകയാണ്. സ്വദേശികളെ പോലെ വിദേശികളും എത്തുന്ന പാർക്കാണിത്. സുഹാർ ടൗണിൽ തന്നെയുള്ള പാർക്കായത് കാരണം ആർക്കും വേഗം എത്തിപ്പെടാം. ഒമാന്റെ വിവിധ ഭാഗങ്ങളിലെ കലാകാരന്മാരുടെ പാരമ്പര്യ കലാരൂപങ്ങളും ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന പവിലിയനുകളും പുത്തനറിവാണ് സന്ദർശകർക്ക് പകരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.