മസ്കത്ത്: കത്തുന്ന ചൂടിന് ആശ്വാസമേകി വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു. കനത്ത കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു മഴ കോരിച്ചൊരിഞ്ഞത്. അനിഷ്ടസംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാദികൾ നിറഞ്ഞൊഴുകുകയും പലയിടത്തും ആലിപ്പഴവും വർഷിച്ചു. ഉൾപ്രദേശങ്ങളിലെ റോഡുകളിൽ നേരീയ തോതിൽ വെള്ളം കയറി. അൽഹംറ, നിസ്വ, ഇബ്രി, മുദൈബി ദോഫാറിലെ ജബൽ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. തിങ്കളാഴ്ച മുതൽക്കുതന്നെ വിവിധ സ്ഥലങ്ങളിൽ നേരിയ തോതിൽ മഴ ലഭിച്ചിരുന്നു.
എന്നാൽ, ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് ശക്തിയാർജിക്കാൻ തുടങ്ങിയത്. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം താപനിലയിൽ പ്രകടമായ മാറ്റംവന്നിട്ടുണ്ട്. ശനിയാഴ്ചവരെ രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലായിരിക്കും മഴ ലഭിക്കുക. വാദികൾ നിറഞ്ഞൊഴുകും.
ബുധൻ, വ്യാഴം ദിവസങ്ങളിൽ 10 മുതൽ 30 മില്ലിമീറ്റർ വരെ ലഭിച്ചേക്കും. മണിക്കൂറിൽ 27 മുതൽ 55 കി.മീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുക. അറബിക്കടലിന്റെ തീരപ്രദേശങ്ങളിൽ രണ്ടു മുതൽ നാലു മീറ്റർ വരെ തിരമാലകൾ ഉയരും. ഒമാന്റെ തീരപ്രദേശങ്ങളിൽ ഇത് 1.5 മുതൽ രണ്ട് മീറ്റർ വരെ ആയിരിക്കും. വെള്ളി, ശനി ദിവസങ്ങളിൽ വിവിധയിടങ്ങളിൽ 10 മുതൽ 20 മി.മീറ്റർ വരെ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. 27-37 കി.മീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുക.
അറബിക്കടലിന്റെ തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും. വേണ്ട മുൻകരുതൽ നടപടികളെടുക്കണമെന്നും കടലിൽ പോകുന്നതിനു മുമ്പ് കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.