മസ്കത്ത്: ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ തുടർച്ചയായി പെയ്ത കനത്ത മഴക്ക് ബുധനാഴ്ചയോടെ ശമനം ലഭിച്ചു. സാധാരണ ജീവിതം തിരിച്ചു പിടിക്കുന്നതിനുള്ള ഊർജിത ശ്രമങ്ങളാണ് മിക്ക ഗവർണറേറ്റുകളിലും നടന്നുവരുന്നത്. റോഡുകളിലേക്കുവീണ വലിയ പാറക്കെട്ടുകളും മണ്ണും വിവിധ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നീക്കികൊണ്ടിരിക്കുകയാണ്. വാദികുത്തിയൊലിച്ച് സുഹാർ, ബുറൈമി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ റോഡുകൾ പാടെ തകർന്നിട്ടുണ്ട്.
ചിലയിടത്ത് പാതകൾ വിണ്ടുകീറിയ നിലയിലാണ്. ഇവയെല്ലാം യുദ്ധകാല അടിസ്ഥാനത്തിൽ നന്നാക്കി ഗതാഗതം സുഗമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽനിന്നെല്ലാം വെള്ളം നീങ്ങി തുടങ്ങിയിട്ടുണ്ട്. കനത്ത മഴയിൽ ഖാബൂറ മുതൽ ശിനാസ്വരെ വൈദ്യുതിയും ആശയ വിനിമയ സംവിധാനവും ഇന്റർനെറ്റ് സേവനവും ചൊവ്വാഴ്ച അർധരാത്രിയോടെ തടസ്സപ്പെട്ടു. എന്നാൽ, ബുധനാഴ്ച ഉച്ചയോടെ ഇവ പുനഃസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി. ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടത് സൂപ്പർ മാർക്കറ്റുകൾ, ഓൺലൈൻ ബാങ്കിങ്, എ.ടി.എം എന്നിവയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്തു. ബാത്തിന, ബുറൈമി തുടങ്ങിയ ഗവർണറേറ്റുകളിലെ വെള്ളം കയറിയ വീടുകളിലെല്ലാം ചളിയും ഈത്തപ്പന മരങ്ങളെല്ലാം അടിഞ്ഞുകൂടി കിടക്കുകയാണ്. ഇവയെല്ലാം ശരിയാക്കി കാര്യങ്ങൾ പഴയതുപോലെയാകാൻ ദിവസങ്ങളെടുക്കുമെന്ന് വീട്ടുകാർ പറഞ്ഞു. പ്രളയബാധിത മേഖലകളിലെ വാണിജ്യ സ്ഥാപനങ്ങളെല്ലാം കഴിഞ്ഞ രണ്ട് ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്.
എന്നാൽ, വ്യാഴാഴ്ചയോടെ ഇവ തുറന്നു പ്രവർത്തിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികൾ. അതേസമയം, സഹം വിലായത്തിൽ വാദിയിലകപ്പെട്ട് കാണാതായ ഏഷ്യൻ പൗരത്വമുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ മഴക്കെടുതിയിൽ രാജ്യത്ത് മരിച്ചവരുടെ എണ്ണം 20 ആയി. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു തിരച്ചിലിൽ നടത്തിയിരുന്നത്. മഴക്ക് ശമനമുണ്ടായിരുന്നെങ്കിലും വടക്കൻ ഗവർണറേറ്റുകളിലെ മിക്ക വിലായത്തുകളിലും വാദികൾ നിറഞ്ഞൊഴുകുകയാണ്.
ജനങ്ങൾ ഇവ മുറിച്ചുകടക്കരുതെയന്നും ജാഗ്രതപാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. വ്യാഴാഴ്ച അൽവുസ്ത, ദോഫാർ സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
അതേസമയം, ചൊവ്വാഴ്ച രാത്രി കനത്ത മഴയാണ് മസ്കത്തടക്കമുള്ള മിക്ക ഗവർണറേറ്റുകളിലും ലഭിച്ചത്. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിഞ്ഞത്. ബുറൈമി ഗവർണറേറ്റിലെ പല വിലായത്തുകളിലും 200 മില്ലീമീറ്ററർവരെ മഴ ലഭിച്ചതായി റിപ്പോർട്ടുണ്ട്. നിരവധി വാഹനങ്ങൾ വാദിയിൽ ഒഴുകിപ്പോകുകയും ഡസൻ കണക്കിന് ആളുകൾ അവരുടെ വീടുകളിൽ കുടുങ്ങിക്കിടക്കുന്നതിനും ഇടയാക്കി.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ ജീവനക്കാർ വടക്കൻ ബത്തിന, ദാഹിറ ഗവർണറേറ്റുകളിൽ രണ്ട് പ്രസവ കേസുകൾ അടിയന്തര വൈദ്യസഹായമെത്തിക്കുകയും ചെയ്തു.
സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിലായി 18 അഭയകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. സ്വദേശികളും വിദേശികളുമുൾപ്പെടെ ആയിരക്കണക്കിനാളുകളാണ് ഇവിടങ്ങളിൽ കഴിയുന്നത്.
സിവിൽ ഡിഫൻ ആൻഡ് ആഒബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.