മസ്കത്ത്: ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഒമാനിലും വിവിധ പരിപാടികൾ നടക്കും. ഇന്ത്യൻ എംബസിയിൽ വെള്ളിയാഴ്ച രാവിലെ എട്ടിന് അംബാസഡർ അമിത് നാരങ് പതാക ഉയർത്തും. തുടർന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കും.
ഒമാനിലെ എല്ലാ ഇന്ത്യൻ പൗരൻമാരെയും പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിയുടെ സൈറ്റിലും സമൂഹ മാധ്യമങ്ങളിലുമായി നൽകിയ പ്രത്യേക ലിങ്കിൽ രജിസ്റ്റർ ചെയ്ത് ഇന്ത്യൻ സ്വദേശികൾക്ക് പരിപാടിയുടെ ഭാഗമാകാമെന്ന് എംബസി നേരത്തേ അറിയിച്ചിരുന്നു.
ഇന്ത്യൻ സ്കൂളുകളിലും വിവിധ ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കുട്ടികളുടെ കലാപരിപാടികൾ, മധുരവിതരണം എന്നിവ സ്കൂളുകളിൽ നടക്കും. റിപ്പബ്ലിക് ദിനാഘോഷഭാഗമായി വിവിധ മത്സരങ്ങളും സ്കുളുകളിൽ നടക്കുന്നുണ്ട്. വിവിധ ഇന്ത്യൻ കൂട്ടായ്മകളും, സംഘടനകളും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
75ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അംബാസഡർ ഇന്ത്യൻ പ്രവാസികൾക്ക് ആശംസകൾ നേർന്നു. ഈ അവസരത്തിൽ ഇന്ത്യൻ ഗവൺമെന്റിന്റെയും ഇന്ത്യയിലെ ജനങ്ങളുടെയുംപേരിൽ സുൽത്താൻ ഹൈതം ബിൻ താരിഖിനും ഒമാനിലെ നല്ലവരായ ജനങ്ങൾക്കും സമാധാനത്തിനും സമൃദ്ധിക്കും പുരോഗതിക്കുമായുള്ള ആശംസകൾ നേരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ കഠിനാധ്വാനത്തിലൂടെയും ഉത്സാഹത്തിലൂടെയും ആത്മാർഥതയിലൂടെയും ഒമാനി സമൂഹത്തിൽ വളരെയധികം ബഹുമാനവും ആദരവും നേടിയ ഒമാനിലെ ഇന്ത്യൻ സമൂഹത്തെ അഭിനന്ദിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിൽ അവരുടെ പങ്കു വളരെയധികം വിലമതിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതിവേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥകളിൽ ഇന്ത്യ ഇന്ന് മുൻപന്തിയിലാണ്.
ആധുനിക ലോകത്ത് ശാസ്ത്ര, ബഹിരാകാശ മേഖലകളിലെ ഒരു പ്രധാന ശക്തി എന്ന നിലയിലും, വികസനത്തിന്റെ പാത തെളിയിക്കുന്ന, ശുദ്ധമായ ഊർജം, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ എന്നിവയിലും ആഗോള സമാധാനത്തിനും സുസ്ഥിര വികസനത്തിനുമുള്ള ഉൾക്കാഴ്ചയിലും പ്രധാന ശക്തിയും റോൾ മോഡലുമാണ് ഇന്നത്തെ ഇന്ത്യയെന്നും അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.