മസ്കത്ത്: ജല സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലെ വിലായത്തുകളിലെ 25 നീരുറവുകളുടെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും നടത്തുന്നു. ജലവിഭവ വകുപ്പ് പ്രതിനിധീകരിക്കുന്ന ദോഫാർ ഗവർണറേറ്റിലെ അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് വാട്ടർ റിസോഴ്സസ് ഡയറക്ടറേറ്റ് ജനറലാണ് ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമായി പ്രവർത്തിക്കുന്നത്.
ഇതിന്റെ ഭാഗമായി വിവിധ ജലസ്രോതസ്സുകൾ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. ജലസ്രോതസ്സുകൾ വികസിപ്പിക്കുന്നതിനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമൊപ്പം കമ്മ്യൂണിറ്റി അംഗങ്ങളും വിനോദ സഞ്ചാരികളും പതിവായി സന്ദർശിക്കുന്നിടങ്ങളാക്കി ഇവയെ പരിവർത്തിപ്പിച്ച് അവയിൽനിന്ന് പ്രയോജനം നേടുന്നതിനും അധികൃതർ ശ്രമിക്കുന്നുണ്ട്.
ദോഫാർ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലുള്ള 25 ജലസ്രോതസ്സുകളുടെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും മന്ത്രാലയം നടത്തിവരുകയാണെന്ന് ജലവിഭവ വകുപ്പ് ഡയറക്ടർ എൻജിനീയർ അലി ബിൻ ബഖീത് ബെയ്ത് സഈദ് പറഞ്ഞു.
സലാല-11 സൈറ്റുകൾ, താഖ-അഞ്ച്, റഖ്യുത്ത് -നാല്, മിർബാത്ത് -മൂന്ന്, തുംറൈത്, ധൽകൂത്ത് വിലായത്തുകളിൽ ഓരോ സൈറ്റു വീതവും ആണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. അടുത്തവർഷത്തിന്റെ ആദ്യ പകുതിയിൽ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.