മസ്കത്ത്: രാജ്യത്തെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ ജബൽ അഖ്ദറിൽ റോസാപ്പൂ വിളവെടുപ്പ് തുടങ്ങി. വിവിധ ഗ്രാമങ്ങളിലായി ഏക്കർ കണക്കിന് സ്ഥലങ്ങളിലാണ് റോസാപ്പൂ പൂത്തുലഞ്ഞ് നിൽക്കുന്നത്. പെരുന്നാൾ അവധി ആരംഭിച്ചതോടെ ഈ നയന മനോഹര കാഴ്ചകൾ തേടി സഞ്ചാരികൾ ഇങ്ങോട്ടൊഴുകും. മാർച്ച് മുതൽ ആരംഭിക്കുന്ന പൂക്കാലം ഏപ്രിലിലാണ് ഉയർന്ന ഉൽപാദനത്തിലെത്തുന്നത്. മേയ് ആദ്യത്തോടെ സീസൺ അവസാനിക്കുകയും ചെയ്യും. ഏഴേക്കറിലായി 5,000ത്തില്‍ പരം പനിനീര് ചെടികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. പനിനീർ പൂക്കളുടെ തനിമയും ഗുണമേന്മയും ലഭിക്കാനായി രാവിലെയും വൈകുന്നേരവുമാണ് പനിനീർ പൂക്കൾ ശേഖരിക്കുന്നത്. രാവിലെ സൂര്യൻ ഉദിച്ചുയരുന്നതിന് മുമ്പും വൈകുന്നേരം നാലര മുതൽ ആറുവരെയുമാണ് പൂക്കൾ ശേഖരിക്കുന്നത്.
ജബൽ അഖ്ദറിലെ കർഷകർ പലരും പരമ്പരാഗത പനിനീർ കൃഷി ക്കാരാണ്. വർഷങ്ങളായി ഈ കൃഷി നടത്തുന്നവരും പിതാക്കളിൽനിന്നും പിതാമഹന്മാരിൽനിന്നും കൃഷി പഠിച്ചവരും നിരവധിയാണ്. ചെറുതും വലുതുമായി തോട്ടങ്ങളിൽനിന്ന് പൂക്കൾ ശേഖരിച്ച് ഫാക്ടറികളിലെത്തിക്കുന്നവരും നിരവധിയാണ്.പുതിയ തലമുറ പനീനീർ പൂ കൃഷി ടൂറിസത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. വിനോദ സഞ്ചാരികളെ ദിവസങ്ങളോളം ഒപ്പം ചേർത്ത് പനിനീർ പൂ പറിക്കലും അനുബന്ധ കാര്യങ്ങളും ടൂറിസത്തിനായി ഉപയോഗിക്കുന്നവരാണിവർ. ചിലപ്പോൾ ഏഴ് ദിവസമോ മൂന്നാഴ്ചയോ ഒക്കെയായി തങ്ങി തോട്ടത്തിൽപോയി പൂക്കൾ ശേഖരിക്കുന്നതിലും അനുബന്ധ കാര്യങ്ങളിലും ഭാഗഭാക്കാവുന്ന പരിപാടിയാണിത്. പൂ പറിക്കുന്നതിന് പ്രത്യേക രീതിയുണ്ട്. നടുവിരലും തള്ള വിരലും ഉപയോഗിച്ചാണ് പൂക്കൾ പറിക്കുന്നത്. ഏതായാലും
ഇവിടെനിന്നും ഉൽപാദിപ്പിക്കുന്ന റോസ് വാട്ടര്‍ അന്താരാഷ്ട്ര വിപണിയിലടക്കം ഏറെ ആവശ്യക്കാരുള്ളവയാണ്. പനിനീർചെടി നട്ടു വളർത്തലും പൂക്കളിൽ നിന്ന് റോസ് വാട്ടർ ഉൽപാദിപ്പിക്കലുമൊക്കെ ജബൽ അഖ്ദറിലെ കർഷകരുടെ പ്രധാന വരുമാന മാർഗമാണ്.
അൽ ഐൻ, അൽ ശുറൈജ, സൈഖ്, അൽ ഖാഷാ എന്നീ ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതൽ പനിനീർ കൃഷി നടക്കുന്നത്. ഇവിടെ ഏഴേക്കറിൽ അയ്യായിരത്തിൽ രം പനിനീർ ചെടികളുണ്ട്. ഒരേക്കറിൽനിന്ന് നാലായിരം ലിറ്റർ റോസ് വാട്ടർ ഉൽപാദിപ്പിക്കാനാവും. മൊത്തം 28,000 ലിറ്റർ റോസ് വാട്ടറാണ് ജബൽ അഖ്ദറിൽ ഒരു സീസണിൽ ഉൽപാദിപ്പിക്കാൻ കഴിയുന്നത്.
അതേസമയം, ഗവർണറേറ്റിലെ ജബൽ അഖ്ദറിൽ റോസപ്പൂ കൃഷി വ്യാപിപ്പിക്കാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. റോസാപ്പൂ കൃഷിയുടെ അധിക മൂല്യം ഉയർത്തുന്ന പദ്ധതിക്കായി അഗ്രികൾച്ചറൽ ആൻഡ് ഫിഷറീസ് ഡെവലപ്മെൻറ് ഫണ്ടിൽനിന്ന് 1,50,000 റിയാലാണ് അനുവദിച്ചിട്ടുള്ളത്. 15 കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പനിനീർ ഉൽപന്നങ്ങളുടെ നിർമാണമേഖലയിലും അനുബന്ധ വ്യവസായങ്ങളിലും 15 ഗുണഭോക്താക്കൾക്ക് പരിശീലനം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജബൽ അഖ്ദറിലെ റോസ് കൃഷിയെയും അനുബന്ധ വ്യവസായങ്ങളെയും കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ശേഖരിക്കുക, മേഖലയിലെ റോസാപ്പൂക്കളുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലെ ചില ചെറുകിട ഇടത്തരം സംരംഭങ്ങളുമായി സഹകരിച്ച് അഞ്ചേക്കറിൽ റോസാപ്പൂ കൃഷിയെ പിന്തുണക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഭൂമി, കാർഷിക യന്ത്രങ്ങളെ പിന്തുണക്കുന്നതിനും ഇടപാടുകൾ മെച്ചപ്പെടുത്തുന്നതിനും പുറമെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.