മസ്കത്ത്: ശഹീൻ ചുഴലിക്കാറ്റിലും കനത്ത മഴയിലും വിവിധ ഗവർണറേറ്റുകളിൽ നാശം േനരിട്ട വീടുകൾക്ക് അടിയന്തര സഹായമായി 1000 റിയാൽ അനുവദിക്കാൻ മന്ത്രിതല സമിതി തീരുമാനിച്ചതായി ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. വിവിധ ഗവർണറേറ്റുകളിൽ നിരവധി വീടുകളാണ് തകർന്നിരിക്കുന്നത്. പലതും വാസയോഗ്യമല്ലാതായിട്ടുണ്ട്. അതേസമയം, ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും വിലയിരുത്താൻ മന്ത്രിതല സമിതിയുടെ രണ്ടാമത്തെ യോഗം സുവൈക്ക് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ചേർന്നു.
പുനരധിവാസം, അടിസ്ഥാന സൗകര്യമൊരുക്കൽ, പൊതുജനാരോഗ്യം തുടങ്ങിയ വിവിധ മേഖലയിലെ കാര്യങ്ങൾ ചർച്ചചെയ്തു. റോഡുകളും മറ്റും തുറന്ന് സാധാരണക്കാരുടെ ജീവിതം തിരിച്ചുകൊണ്ടുവരാൻ വിവിധ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങളെ സമിതി അഭിനന്ദിച്ചു.
ദുരിതബാധിത ഗ്രാമങ്ങളിലെ കുടുംബങ്ങൾ നേരിട്ട നാശനഷ്ടങ്ങളുടെ പട്ടിക പൂർത്തിയാക്കുന്നത് തുടരുകയാണെന്ന് സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ചത്ത മൃഗങ്ങളെ നീക്കംചെയ്യുന്നതടക്കമുള്ള നിരവധി ശുചീകരണപ്രവർത്തനങ്ങൾ ആരോഗ്യവകുപ്പുകളുടെ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുണ്ട്.
കെട്ടിക്കിടക്കുന്ന വെള്ളം ഒഴവാക്കുന്നതിനും സാമ്പിളുകൾ എടുത്തതിനുശേഷം കുളങ്ങൾ പകർച്ചവ്യാധികൾ ഇല്ലാത്തതാണെന്ന് ഉറപ്പുവരുത്താനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജലദൗർലഭ്യം േനരിടുന്ന സ്ഥലങ്ങളിലേക്ക് കരസേനയുമായി സഹകരിച്ച് വെള്ളമെത്തിക്കുന്നുണ്ട്. ധനമന്ത്രി സുൽത്താൻ ബിൻ സലീം അൽഹബ്സിയാണ് മന്ത്രിതല സമിതിയുടെ അധ്യക്ഷൻ. ശഹീൻ ചുഴലിക്കാറ്റ് വീശിയ ഉടൻ തന്നെ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് പ്രത്യേക യോഗം വിളിച്ച് മന്ത്രിതലസമതി രൂപവത്കരിക്കാൻ നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.