മസ്കത്ത്: റഷ്യ-യുക്രെയ്ൻ വിഷയത്തിൽ ഇരുരാജ്യങ്ങളും നയതന്ത്ര വഴിയിൽ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ്. അൽ ബറക കൊട്ടാരത്തിൽ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. റഷ്യ-യുക്രെയ്ൻ വിഷയം ആശങ്കയോടെയാണ് ഒമാൻ നിരീക്ഷിക്കുന്നത്.
യു.എൻ ചാർട്ടർ, അന്താരാഷ്ട്ര നിയമങ്ങൾ, നല്ല അയൽപക്ക ബന്ധം എന്നിവയുടെ അടിസ്ഥാനത്തിൽ സംഭാഷണത്തിലൂടെയും സമാധാനപരമായ ചർച്ചകളിലൂടെയും പ്രശ്നപരിഹാരത്തിന് വഴിതേടണം. റമദാൻ മാസത്തിന്റെ മുന്നോടിയായി സാമൂഹിക സുരക്ഷ വിഭാഗങ്ങൾക്ക് അധിക ശമ്പളം നൽകാനും ചരക്കുകളുടെയും സേവനങ്ങളുടെയും ഉയർന്ന വില കുറക്കാനുള്ള നടപടി സ്വീകരിക്കാനും നിർദേശം നൽകി.
ബുറൈമി ഗവർണറേറ്റിലെ മഹ്ദ വിലായത്തിലെ അൽറൗദയിൽ സാമ്പത്തിക മേഖല സ്ഥാപിക്കാനും നിർദേശം നൽകി. വിലായത്തിനും ഗവർണറേറ്റിനുമുള്ളിൽ പ്രാദേശിക സമ്പദ്വ്യവസ്ഥയെ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം സജീവമാക്കേണ്ടത് പ്രധാനമാണെന്ന് സുൽത്താൻ പറഞ്ഞു. സ്വകാര്യ മേഖലയിലെ സാഹചര്യങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ചില ഫീസ് കുറക്കാനും സുൽത്താൻ നിർദേശം നൽകി.
കൂടുതൽ നേട്ടങ്ങൾ സാക്ഷാത്കരിക്കുന്നതിനായി എല്ലാ വ്യക്തികളും പാർട്ടികളും കൂടുതൽ പരിശ്രമിക്കുകയും സഹകരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും സുൽത്താൻ അടിവരയിട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.