മസ്കത്ത്: ബജറ്റ് വിമാനക്കമ്പനിയായ സലാം എയർ ഇന്ത്യൻ സെക്ടറിലേക്ക് സർവിസുകൾ നിർത്തുന്നത് പ്രവാസികളെ ആശങ്കപ്പെടുത്തുന്നു. എന്നാൽ, സേവനം നിർത്താൻ കാരണം സാങ്കേതികപ്രശ്നമായതിനാൽ സർവിസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
നിലവിൽ മസ്കത്തിൽനിന്ന് തിരുവനന്തപുരം, ജയ്പുർ, ലഖ്നോ എന്നിവിടങ്ങളിലേക്കും സലാലയിൽനിന്ന് കോഴിക്കോട്ടേക്കുമാണ് സലാം എയർ സർവിസ് നടത്തുന്നത്. അടുത്ത മാസം ഒന്നു മുതൽ കോഴിക്കോട്ടേക്കും സർവിസുകൾ ആരംഭിക്കാനിരിക്കെയാണ് ഇന്ത്യൻ സെക്ടറിൽനിന്ന് പൂർണമായി പിൻവാങ്ങുകയാണെന്ന അറിയിപ്പ് വരുന്നത്. വെബ്സൈറ്റിൽനിന്ന് ബുക്കിങ്ങിനുള്ള സൗകര്യം ഒഴിവാക്കിയിട്ടുണ്ട്. റിസർവേഷൻ ചെയ്ത എല്ലാ യാത്രക്കാർക്കും പൂർണമായും റീഫണ്ട് നൽകുമെന്നും ഇതേക്കുറിച്ച് സംശയമുണ്ടെങ്കിൽ ബന്ധപ്പെടാവുന്നതാണെന്നും കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ, വിമാന സർവിസുകൾ നിർത്തിവെക്കുന്നതിനുള്ള കാരണം വ്യക്തമല്ല. മറ്റു രാജ്യങ്ങളിലേക്കുള്ള സർവിസുകൾ തുടരുന്നതിനാൽ സാമ്പത്തിക പ്രതിസന്ധിയല്ല എന്നത് വ്യക്തമാണ്.
സലാം എയറിന്റെ ഇന്ത്യൻ സെക്ടറിലേക്കുള്ള ൈലസൻസ് പുതുക്കാൻ കഴിയാത്തതാണ് കാരണമെന്നാണ് അറിയുന്നത്. ഇവ പുതുക്കിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് ട്രാവൽ ഏജൻസികളും യാത്രക്കാരും. വിഷയം സാങ്കേതികം മാത്രമായതിനാൽ സർവിസുകൾ പുനഃസ്ഥാപിക്കുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ സെക്ടറിലേക്ക് സലാം എയർ സർവിസ് നിർത്തിയത് സാങ്കേതികമാണെന്നും പ്രതിസന്ധികൾ ഉടൻ പരിഹരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി റൂവിയിൽ ട്രാവൽ ഏജൻസി സ്ഥാപനം നടത്തുന്ന മലപ്പുറം സ്വദേശി പ്രതികരിച്ചു.
ഇത്രയേറെ സർവിസുകളുള്ള സലാം എയർ സർവിസ് പൂർണമായി നിർത്തില്ലെന്നും അദ്ദേഹം പറഞ്ഞു. രജിസ്ട്രേഷൻ സംബന്ധമായ സാങ്കേതികപ്രശ്നമായിരിക്കാമിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സലാം എയർ സർവിസ് നിർത്തിവെച്ചതോടെ മറ്റു വിമാനക്കമ്പനികളുടെ നിരക്കുകൾ ഉയരാൻ സാധ്യതയുണ്ട്. എന്നാൽ, നിലവിൽ എയർ ഇന്ത്യ എക്സ്പ്രസും ഒമാൻ എയറും ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചിട്ടില്ല.
സലാം എയർ പൂർണമായി നിർത്തിക്കഴിഞ്ഞാൽ നിരക്കുകൾ ഉയരുമെന്നാണ് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. സലാം എയർ അടക്കമുള്ള വിമാന സർവിസുകൾ നിർത്തുന്നത് നിലവിൽ ഒമാനിൽനിന്ന് സർവിസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെയും ഒമാൻ എയറിന്റെയും കുത്തകക്ക് കാരണമാവുമെന്നും പലരും ഭയക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.