മസ്കത്ത്: ആശങ്കയുടെ കാർമേഘങ്ങൾ നീങ്ങി. ഷഹീൻ ചുഴലിക്കാറ്റിെൻറ ഭീതിയൊഴിഞ്ഞതോടെ നഗരജീവിതം സാധാരണനിലയിലായി. സർക്കാർ, സ്വകാര്യസ്ഥാപനങ്ങൾക്ക് അവധിയായതിനാൽ നഗരത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ ചെറിയതോതിൽ തുറന്ന് പ്രവർത്തിച്ചു. ദിവസവേതനത്തിന് േജാലിചെയ്യുന്ന നിർമാണ മേഖലയിലെ തൊഴിലാളികൾ തൊഴിൽസ്ഥലത്തേക്ക് മടങ്ങിത്തുടങ്ങി. ഹൈപർ മാർക്കറ്റ്, കോഫി ഷോപ്, ബാർബർ ഷോപ് എന്നിവ രാവിലെ തന്നെ തുറന്നു. റോഡ് ഗതാഗതം സാധാരണഗതിയിലായി. റോഡുകളിലേക്ക് വീണ മരങ്ങളും മറ്റും അധികൃതർ നീക്കി. പല വ്യാപാരസ്ഥാപനങ്ങളുടെയും മേൽക്കൂരകൾ പറന്നുപോയി.
ശുചീകരണവും ഭക്ഷണ വിതരണവും നടത്തി
പല പ്രദേശങ്ങളിലും മലയാളികളടക്കമുള്ള കൂട്ടായ്മകളുടെ നേതൃത്വത്തിൽ ശുചീകരണവും ഭക്ഷണവിതരണവും നടന്നു. പ്രവാസി വെൽഫെയർ വളൻറിയേഴ്സ് ഖദറ മേഖലയിൽ ഭക്ഷണം വിതരണം ചെയ്തു. മസ്കത്തിൽനിന്നുള്ള മൂന്ന് സംഘങ്ങളായാണ് തർമത്ത് മേഖലയിൽ ശുചീകരണം നടക്കുന്നത്. വരും ദിവസങ്ങളിൽ വെള്ളം കയറിയവരുടെ വീടുകൾ വൃത്തിയാക്കാൻ പ്രവാസി വെൽഫെയർ വളൻറിയർമാരുടെ സഹായം ലഭിക്കുമെന്നും മേഖല സെക്രട്ടറി അർഷാദ് വളാഞ്ചേരി അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി പ്രവർത്തിക്കുന്ന കേന്ദ്ര ഹെൽപ് ലൈൻ സംവിധാനം നിരവധി പ്രവാസികൾക്ക് ഉപകാരപ്രദമായതായും ജനസേവന കമ്മിറ്റി കൺവീനർ സഫീർ നരിക്കുനി അറിയിച്ചു. സേവന പ്രവർത്തങ്ങൾക്ക് മുനീർ മാസ്റ്റർ, ഷമീം, സാദിക്ക് നെല്ലിക്കുഴി, സഫ്വാൻ, നസറുദ്ദീൻ, നൂറുദ്ദീൻ, ഷമീർ കൊല്ലക്കാൻ എന്നിവർ നേതൃത്വം നൽകി.
വാദികൾ നിറഞ്ഞൊഴുകി; ഗതാഗതം തടസ്സപ്പെട്ടു
മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിൽ പലയിടത്തും വാദികൾ നിറഞ്ഞൊഴുകി. ഞായറാഴ്ച രാത്രി 8.25നാണ് ഷഹീൻ ഒമാെൻറ തീരം തൊടുന്നത്. ഇതേതുടർന്ന് മുസന്ന, സുവൈഖ്, വടക്ക്-തെക്കൻ ബാത്തിന ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ഞായറാഴ്ച രാത്രി ലഭിച്ചത്. പലയിടത്തും വൈദ്യുതി മുടങ്ങി. വടക്കൻ-തെക്കൻ ബാത്തിനകളിലെ ബർക്ക, മുസന്ന, നോർത്ത് സുവൈക്ക് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് വൈദ്യുതി നിലച്ചത്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സുവൈഖ്, മുസന്ന, ബർഖ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മരങ്ങൾ വീണു. അൽബാത്തിന ഗവർണറേറ്റിലെ അൽ ഖാബൂറയിൽ ശക്തമായ വെള്ളപ്പൊക്കമാണുണ്ടായത്. സുവൈഖ് വിലയാത്തിലെ താഴ്വരയിൽ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന ആളുകളെ രക്ഷിച്ചു. ഇവിടെ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടം തകർന്നുവീണു, ആളപായമില്ല. ഇവരെ പിന്നീട് അഭയകേന്ദ്രത്തിലേക്കു മാറ്റിയതായി റിപ്പോർട്ടുണ്ട്. ഖാബൂറയിലും സുവൈഖിലും 300 മില്ലി മീറ്ററിൽ കൂടുതൽ മഴ രേഖപ്പെടുത്തിയതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിെൻറ കണക്കുകൾ സൂചിപ്പിക്കുന്നു. ഖബൂറയിൽ 369 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.
സുവൈക്ക് 300, സീബിൽ 222 മില്ലി മീറ്റർ മഴയും കിട്ടി. വടക്കൻ ബാത്തിനയിൽ സഹം, മസ്കത്ത് ഗവർണറേറ്റിലെ ബാർക്ക, ബൗഷർ എന്നിവിടങ്ങളിൽ യഥാക്രമം 214, 203, 202 മില്ലിലിറ്റർ മഴ ലഭിച്ചു. മറ്റു ഗവർണറേറ്റുകളിൽ 200 മില്ലി മീറ്ററിനു താഴെയാണ്. മസ്കത്ത് ഗവർണറേറ്റിലെ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റോഡിലെ ചളിയും മറ്റും നീക്കി. വടക്കൻ ബാത്തിന മെയിൻ റോഡിെൻറ ചില ഭാഗങ്ങളിൽ ഗതാഗതം നിലച്ചു. സുവൈകിലെ വാദിയിൽ കുടുങ്ങിയ രണ്ടുപേരെ ഒമാൻ പൊലീസ് രക്ഷപ്പെടുത്തി. റോയൽ ഒാഫിസ് മിനിസ്റ്റർ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാൻ ദേശിയ ദുരന്ത നിവാരണ കേന്ദ്രം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി താൽക്കാലികമായി അടച്ചു. വടക്കൻ-തെക്കൻ ബാത്തിനകളിലെ വിദ്യാലയങ്ങൾക്ക് അടുത്ത മൂന്നു ദിവസത്തേക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങൾക്കും അവധി ബാധകമായിരിക്കും. മസ്കത്ത്, ദാഹിറ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് ചൊവ്വാഴ്ച അവധി നൽകി.
മന്ത്രിതല കമ്മിറ്റി രൂപവത്കരിക്കാൻ സുൽത്താൻ ഉത്തരവിട്ടു
മസ്കത്ത്: ഒമാെൻറ വിവിധ ഭാഗങ്ങൾ ശഹീൻ ചുഴലിക്കാറ്റ് അടിച്ചുവീശിയതു മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് മന്ത്രി തല കമ്മിറ്റി രൂപവത്കരിച്ചു. ചുഴലിക്കാറ്റുമൂലം വിവിധ ഗവർണറേറ്റുകളിലെ ജനങ്ങളുടെ വീടുകൾക്കും സ്വത്തിനുമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനാണിത്. ചുഴലിക്കാറ്റ് മൂലം നാശനഷ്ടങ്ങൾ അനുഭവിക്കുന്നവർക്ക് എത്രയും പെെട്ടന്ന് സഹായമെത്തിക്കുകയാണ് കമ്മിറ്റിയുടെ ദൗത്യം. കേടുപാടുകൾ സംഭവിച്ച റോഡുകൾ അടക്കമുള്ളവയുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനും തടസ്സപ്പെട്ട സേവനങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കാനും ഉത്തരവിൽ പറയുന്നു. ഒമാൻ ധനമന്ത്രിയാണ് മന്ത്രിതല കമ്മിറ്റിയെ നയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.