സുഹാർ: ബാത്തിന മേഖലയിൽ നാശം വിതച്ച ഷഹീൻ ചുഴലിക്കാറ്റിലും പേമാരിയിലും പാസ്പോർട്ട് നഷ്ടപ്പെട്ട മലയാളികളടക്കമുള്ള ഇന്ത്യക്കാർ ദുരിതത്തിൽ. നാട്ടിൽ പോകേണ്ടവരും വിസ കഴിയാറായവരും ഇക്കൂട്ടത്തിലുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സൂക്ഷിച്ചതും സ്വന്തമായി കൈയിൽ വെച്ചതുമായ പാസ്പോർട്ടുകളാണ് നശിച്ചുപോയത്. ദുരന്തം വിതച്ച ബാത്തിന മേഖലയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയിരുന്നു.
കച്ചവടസ്ഥാപനങ്ങൾ നഷ്ടപ്പെട്ടവർക്ക് സാമ്പത്തികസഹായവും കേടുവന്നതോ നഷ്ടപ്പെട്ടതോ ആയ പാസ്പോർട്ട് സൗജന്യമായി മാറി നൽകണമെന്നുമായിരുന്നു എംബസി ഉദ്യോഗസ്ഥരോട് ഖാബൂറയിലെ സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നത്. പ്രശ്നം അനുഭാവപൂർവം പരിഗണിക്കുമെന്ന് ഉദ്യോഗസ്ഥർ വാക്കു നൽകിയതുമായിരുന്നു.
എന്നാൽ, കെടുതി കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും ഗൗരവമായ രണ്ടു കാര്യങ്ങൾക്കും എംബസിയുടെ ഭാഗത്തുനിന്നും ഒരു നീക്കവും ഉണ്ടായില്ലെന്ന് കച്ചവടക്കാർ പറയുന്നു. സന്നദ്ധ സംഘടന പ്രതിനിധികളോട് നഷ്ടപ്പെട്ട പാസ്പോർട്ടുകളുടെ വിവരങ്ങൾ ശേഖരിച്ച് എംബസിയുടെ മെയിൽ ഐ.ഡിയിലേക്ക് അയക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു.
ഇതുപ്രകാരം 69 പേരുടെ വിവരങ്ങൾ അറിയിച്ചെങ്കിലും ഒരു മറുപടിയും ഉണ്ടായിട്ടില്ല എന്ന് എംബസിയുമായി ഈ വിഷയത്തിൽ ഇടപെട്ട ഡോക്ടർ മഹേഷ് പറയുന്നു. ഇന്ത്യൻ സ്ഥാനപതിയുടെ മാറ്റം ഇതിനിടയിൽ വന്നത്കൊണ്ടാണ് തീരുമാനങ്ങൾ വൈകുന്നതെന്നാണ് എംബസിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. അതേസമയം, സർക്കാറിെൻറയും സന്നദ്ധ സംഘടനകളുടെയും മറ്റു സംവിധാനങ്ങളുടെയും ചിട്ടയായ പ്രവർത്തനത്താൽ ബാത്തിന മേഖല സാധാരണ നിലയിലേക്ക് തിരിച്ചു വന്നു തുടങ്ങിയിട്ടുണ്ട്.
ദുരന്തത്തിൽ നിരവധിപേരുടെ വസ്തുവകകളും കൃഷിവിളകളും വാഹനങ്ങളും പാർപ്പിടവും കച്ചവടസ്ഥാപനങ്ങളും നശിച്ചിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ നാശം നേരിട്ടത് കച്ചവടക്കാർക്കാണ്. മലയാളികൾ അടക്കം ഇന്ത്യക്കാരുടെ സ്ഥാപനങ്ങൾക്കും വസ്തു വഹകൾക്കും നേരിട്ട നഷ്ടം ഭീമമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.