മസ്കത്ത്: മസ്കത്ത് അടക്കം വിവിധ ഗവർണേറ്ററുകളിൽ വീശിയ ഷഹീൻ ചുഴലിക്കാറ്റിനെ നേരിടാൻ അധികൃതർ ഒരുക്കിയത് ശക്തമായ മുൻകരുതലുകൾ. ചുഴലിക്കാറ്റ് ദുരന്തം വിതച്ച് ഒമാനിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത് മുതൽ അധികൃതർ ശക്തമായ നടപടികൾ ആരംഭിച്ചിരുന്നു. ഒമാൻ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികളെടുക്കണമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിരുന്നു. പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറലിെൻറ നേതൃത്വത്തിൽ നടന്ന ദേശീയദുരന്തനിവാരണ സമിതിയുടെ യോഗത്തിലാണ് സുൽത്താൻ നിർദേശം വെച്ചത്. ഇതിെൻറ ഭാഗമായി ഷഹീൻ നാശം വിതക്കാൻ സാധ്യതയുള്ള എല്ലാ മേഖലകളിലും ശക്തമായ മുന്നൊരുക്കങ്ങളാണ് അധികൃതർ നടത്തിയത്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതും പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതുമടക്കം നടപടികൾ ശനിയാഴ്ച ആരംഭിച്ചിരുന്നു. പുനരധിവാസ കേന്ദ്രങ്ങളിൽ ഭക്ഷണവും മറ്റു സൗകര്യങ്ങളുമൊരുക്കാൻ വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് നടപടികൾ സ്വീകരിച്ചിരുന്നു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കാൻ 136 അഭയകേന്ദ്രങ്ങളാണ് വിവിധ ഗവർണറേറ്റുകളിൽ സർക്കാർ ഒരുക്കിയത്. 2734 പേരെ ഇത്തരം അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഏറെ വർഷത്തിനു ശേഷമുണ്ടായ അതിശക്തമായ കാറ്റും മഴയും നേരിടാൻ സർക്കാറിെൻറ എല്ലാ ഘടകങ്ങളും കൂട്ടായാണ് സഹകരിക്കുന്നത്. ദുരന്തത്തെ േനരിടാൻ ആരോഗ്യ മന്ത്രാലയം വിപുല പദ്ധതി ഒരുക്കിയിരുന്നു. എല്ലാ ഗവർണറേറ്റുകളിലേയും ആരോഗ്യ സ്ഥാപനങ്ങളിലേക്ക് മെഡിക്കൽ ഉപകരണങ്ങളും മറ്റും നേരത്തെ എത്തിച്ചിരുന്നു. പൊതുജനങ്ങൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനും ബോധവത്കരണത്തിനും ഇൻഫർമേഷൻ മന്ത്രി അബ്ദുല്ല ബിൻ നസാർ അൽ ഹറാസി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ യോഗം ശനിയാഴ്ച വിളിച്ചിരുന്നു. ബോധവത്കരണത്തിന് മാധ്യമങ്ങളുടെ സഹായം അദ്ദേഹം തേടിയിരുന്നു. മുൻ കരുതലിെൻറ ഭാഗമായി രണ്ട് ഞായർ, തിങ്കൾ ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചത് ആളുകൾ പുറത്തിറങ്ങുന്നതുവഴി അപകടങ്ങൾ ഒഴിവാക്കാൻ സഹായകമായി. സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടക്കം എല്ലാ സ്ഥാപനങ്ങളും അടഞ്ഞതിനാൽ പൊതുജനങ്ങൾ പുറത്തിറങ്ങിയിരുന്നില്ല.
അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും പൊതുജനങ്ങളെ അകറ്റിനിർത്തിയതും ഇൗ വിഭാഗം റോഡുകളിൽ ഗതാഗതം നിരോധിച്ചതും നടപടിയുടെ ഭാഗമായിരുന്നു. ശനിയാഴ്ച രാവിലെ മുതൽ തന്നെ മത്ര കോർണീഷിൽ തിരമാലകൾ ഉയർന്ന് പൊങ്ങിയിരുന്നു. ഇൗതു കാണാനും ഫോേട്ടാ എടുക്കാനും നിരവധി പേരാണ് ശനിയാഴ്ച കോർണീഷിൽ എത്തിയത്. പൊലീസ് അധികൃതർ രാവിലെ മുതൽ പൊതുജനങ്ങളെ നിയന്ത്രിച്ചിരുന്നു.
സ്ഥിതിഗതികൾ പന്തിയല്ലെന്ന് കണ്ടതോടെ കോർണീഷിലേക്കുള്ള റോഡുകൾ പ്രവേശനം നിരോധിച്ചത് അപകടങ്ങൾ ഒഴിവാക്കാൻ സഹായകമായി. അപകടസാധ്യതയുള്ള എല്ലാ റോഡുകളും അധികൃതർ അടച്ചതു കാരണം പൊതുജനങ്ങൾ അനാവശ്യ സഞ്ചാരം ഒഴിവാക്കി. ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും അപകടങ്ങളില്ലാതാക്കാനും പൊതു ഗതാഗത സംവിധാനമായ മുവാസലാത്ത് ബസ് സർവിസ് നിർത്തിവെച്ചിരുന്നു. മരം വീണും വെള്ളം കയറിയും നിരവധി റോഡുകൾ തകർന്നു.
കേടുപാടുകൾ വന്ന റോഡുകൾ അറ്റകുറ്റപ്പണി നടത്താൻ പ്രത്യേക കർമസമിതി രൂപവത്കരിച്ചതായി ഗതാഗതമന്ത്രി പ്രഖ്യാപിച്ചു. വൈദ്യുതി ബന്ധം താറുമാറാകാതിരിക്കാൻ എല്ലാ നടപടികളും അധികൃതർ സ്വീകരിച്ചു. വൈദ്യുതി വിതരണത്തിൽ തകരാർ വരാതിരിക്കാൻ കമ്പനികൾ പ്രത്യേക കർമസമിതിയും രൂപവത്കരിച്ചിരുന്നു. ദുരന്തങ്ങൾ ഉണ്ടാവുേമ്പാൾ ആളുകൾ ഭക്ഷ്യ ഉൽപന്നങ്ങളും മറ്റു കൂടുതൽ വാങ്ങിക്കൂട്ടാറുണ്ട്. ഇൗ വേളയിൽ വ്യാപാര സ്ഥാപനങ്ങൾ വില വർധിപ്പിക്കുന്നത് തടയാൻ ശക്തമായ നടപടികളാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.