മസ്കത്ത്: ഒമാനിൽ പുതിയ ആറ് വിമാനത്താവളങ്ങൾകൂടി നിർമിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ നായിഫ് അൽ അബ്രി പറഞ്ഞു. അവയിൽ മിക്കതും 2028-2029 ഓടെ പ്രവർത്തനക്ഷമമാകും. റിയാദിലെ ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിൽ ‘അൽ ശർഖിന്’ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 13 ആയി ഉയരും. ഇത് വിനോദസഞ്ചാര ആവശ്യങ്ങൾക്കായുള്ള ആഭ്യന്തര വ്യോമഗതാഗതം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിമാനത്താവളങ്ങൾ പൂർത്തിയാകുന്നതോടെ സുൽത്താനേറ്റിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം 2040 ഓടെ 17 ദശലക്ഷത്തിൽനിന്ന് 50 ദശലക്ഷമായി ഉയരും.
പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന പുതിയ ടെർമിനൽ മസ്കത്ത് വിമാനത്താവളത്തിൽ 2018ൽ തുറന്നിരുന്നു. സലാലയിലും പുതിയ ടെർമിനൽ യാഥാർഥ്യമാക്കി. ഇവിടെ പ്രതിവർഷം രണ്ട് ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ട്. ഇതിനുപുറമെ ദുകമിലും സുഹാറിലും പുതിയ വിമാനത്താവളങ്ങളും സുൽത്താനേറ്റ് തുറക്കുകയുണ്ടായി.
വിമാനത്താവളങ്ങൾക്കായി ബജറ്റിൽ തുക ഇതിനകം വകയിരുത്തിയിടുണ്ട്. പുതിയ വിമാനത്താവളങ്ങൾ കൂടുതൽ അന്താരാഷ്ട്ര ഗതാഗതം നേടുന്നതിന് സഹായിക്കും. സുഹാർ, സലാല എന്നീ വ്യാവസായിക മേഖലകളുമായി ബന്ധിപ്പിച്ച് ലോജിസ്റ്റിക്സ്, ടൂറിസം മേഖലകൾക്ക് ഉത്തേജനം നൽകുകയും ചെയ്യും.
പുതിയ മുസന്ദം വിമാനത്താവളം 2028ന്റെ രണ്ടാം പകുതിയോടെ പൂർത്തിയാക്കുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. പദ്ധതിയുടെ എല്ലാ പഠനങ്ങളും പൂർത്തിയാക്കി നിർമാണത്തിന് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ വിമാനത്താവളത്തിൽ റൺവേ, ടാക്സിവേ, ടെർമിനൽ, ബോയിങ് 737, എയർബസ് 320 വലിപ്പമുള്ള വിമാനങ്ങൾ വരെ കൈകാര്യം ചെയ്യാൻ അനുയോജ്യമായ സർവിസ്, ഹാംഗർ ഏരിയ എന്നിവ ഉണ്ടായിരിക്കും. ഈ വർഷത്തെ ആദ്യ പാദത്തിൽ മസ്കത്ത് വിമാനത്താവളത്തിന് 44,30,119 യാത്രക്കാരെയാണ് ലഭിച്ചത്. 12.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 37,92,212 യാത്രക്കാരാണുണ്ടായിരുന്നത്. സലാല എയർപോർട്ടിൽ 4,29,181, സുഹാർ 22,390, ദുകത്ത് 9,405 യാത്രക്കാരെയുമാണ് ഈ വർഷത്തിന്റെ ആദ്യപാദത്തിൽ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.