മസ്കത്ത്: സ്മാർട്ട് ഗേറ്റുകൾ പ്രവർത്തനക്ഷമമായതോടെ മസ്കത്ത് എയർപോർട്ടിലൂടെയുള്ള വേനൽക്കാല യാത്ര സുഗമമാകുന്നു. വേനലവധി, പെരുന്നാൾ അവധിയടക്കമുള്ള സീസണായതിനാൽ വൻതിരക്കാണ് എയർപോർട്ടിൽ അനുഭവപ്പെടാറുള്ളത്. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ മണിക്കൂറുകളോളം വരിയിൽ നിൽക്കേണ്ട സ്ഥിതിയുമുണ്ടായിരുന്നു.
സ്ത്രീകളും കുട്ടികളും വയോധികരുമായിരുന്നു ഇതുമൂലം പ്രയാസത്തിലായിരുന്നത്. എന്നാൽ, സ്മാർട്ട് ഗേറ്റുകൾ പ്രവർത്തനം തുടങ്ങിയതിനാൽ സെക്കൻഡുകൾകൊണ്ട് നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാൻ സാധിക്കും. സ്മാർട്ട് ഗേറ്റുകൾ ഏർപ്പെടുത്തിയതോടെ ഇമിഗ്രേഷൻ, ചെക്ക്-ഇൻ കൗണ്ടറുകളിലെ നീണ്ട വരികൾ പഴങ്കഥയായ അവസ്ഥയിലേക്ക് മാറിയിട്ടുണ്ടെന്ന് യാത്രക്കാർ തന്നെ പറയുന്നു.
സ്മാർട്ട് ഗേറ്റുകൾ പ്രവർത്തനക്ഷമമായതിനാൽ താമസക്കാർക്കും പ്രവാസികൾക്കും അവരുടെ പാസ്പോർട്ടുകൾ സ്കാൻ ചെയ്തും ഡിജിറ്റൽ ഐ.ഡി രജിസ്റ്റർ ചെയ്തും ഇമിഗ്രേഷൻ നടപടികൾ പെട്ടെന്ന് പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഒമാൻ എയർപോർട്ട്സിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ആർ.ഒ.പി ആപ്ലിക്കേഷനിൽ കയറി താമസക്കാർക്കും പൗരന്മാർക്കും ഡിജിറ്റൽ ഐഡി ഉണ്ടാക്കാവുന്നതാണെന്ന് ആർ.ഒ.പിയിലെ ഉദ്യോഗസ്ഥൻ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. രാജ്യത്തേക്ക് ആദ്യമായി വരുന്നവർക്ക് മാന്വൽ ഇമിഗ്രേഷൻ കൗണ്ടറുകൾ ഉപയോഗിക്കാവുന്നതാണ്.
സ്മാർട്ട് ഗേറ്റ് സ്ഥാപിച്ച ആദ്യ ഘട്ടത്തിൽ ചില യാത്രക്കാർക്ക് മസ്കത്ത് എയർപോർട്ടിൽ ചില പ്രയാസങ്ങൾ നേരിടേണ്ടിവന്നിരുന്നു. നിലവിൽ ഇതിന്റെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതോടെ സ്മാർട്ട് ഗേറ്റുകൾ വഴിയുള്ള യാത്രകൾ കൂടുതൽ സുഗമമായിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.