സലാല: മൺസൂൺകാലം സജീവമായതോടെ സലാലയിലെയും പ്രാന്ത പ്രദേശങ്ങളിലെയും മലനിരകൾ മഞ്ഞിൽ മൂടി. കഴിഞ്ഞ ദിവസം മുതൽ സലാല ടൗൺ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കാര്യമായ മഴയും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ചൂടുമാറി അന്തരീക്ഷം തണുത്ത് കാലാവസ്ഥ അനുകൂലമായതോടെ സലാലയിലേക്കുള്ള സന്ദർശകരുടെ വരവ് വർധിച്ചിട്ടുണ്ട്. പെരുന്നാൾ അവധി ദിവസങ്ങളിലും തുടർന്നും ഒമാനിലെ ഇതര ഗവർണറേറ്റുകളിൽനിന്നും ജി.സി.സി രാജ്യങ്ങളിൽനിന്നുമുള്ള സന്ദർശകരുടെ ഒഴുക്ക് വർധിക്കും.
കുറച്ചുദിവസങ്ങൾക്കു മുമ്പ് വരെയും വരണ്ടുണങ്ങി നിർജീവമായി കിടന്നിരുന്ന പ്രദേശങ്ങളിലൊക്കെയും സസ്യജാലങ്ങൾക്ക് ജീവൻവെച്ച് തുടങ്ങിയിട്ടുണ്ട്. കുറച്ചുദിവസംകൂടി കഴിയുമ്പോഴേക്കും സലാലക്ക് ചുറ്റുമുള്ള മലനിരകളും താഴ്വാരങ്ങളും ഹരിതവർണമണിഞ്ഞ് സുന്ദരമാകും. സലാലയുടെ പരിസരപ്രദേശങ്ങളിലുള്ള വാദികളും വെള്ളച്ചാട്ടങ്ങളും ചെറുനീരുറവകളും ജലസമൃദ്ധമാകുന്നതോടെ അറേബ്യൻ ഉപദ്വീപിലെ ഏറ്റവും സുന്ദരമായ പ്രകൃതിരമണീയ ഇടങ്ങളിൽ ഒന്നായി ഇവിടം മാറുകയാണ്. ഇതര പ്രദേശങ്ങൾ കൊടുംചൂടിൽ വെന്തുരുകുന്ന കാലത്താണ് ഇവിടെ മഴയും മഞ്ഞും വിരുന്നെത്തുന്നത്.
സലാലയിൽനിന്ന് അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന അയിൻ റസാത്ത്, സീക്ക്, മദീനത്തുൽ ഹക്ക്, അയിൻ സഹല്നൂത്ത്, ജബൽ അയ്യൂബ്, ജബൽ സംഹാൻ, ഹജീഫ്, ഇത്തീൻ തുടങ്ങിയ പ്രദേശങ്ങളും വാദി ദർബാത്ത്, ഹാസിക്ക്, മുഗ്സയിൽ, ദൽഖൂത്ത്, റഖ്യൂത്ത് തുടങ്ങി അൽപം ദൂരെയുള്ള സ്ഥലങ്ങളും സന്ദർശകരെ ഏറെ ആകർഷിക്കുന്ന ഇടങ്ങളാണ്.
ഒമാന്റെ പൗരാണിക ചരിത്രത്തിന്റെ സ്മരണികകളായി നിലകൊള്ളുന്ന അൽബലീദ് ആർക്കിയോളജിക്കൽ പാർക്ക്, താക്കയിലെ ഖോർ റൂറി, മിർബാത്ത് ഫോർട്ട് തുടങ്ങിയവയൊക്കെ സന്ദർശിക്കപ്പെടേണ്ട സ്ഥലങ്ങളാണ്.
പെരുന്നാൾ അവധി ദിവസങ്ങളിൽ മസ്കത്തിൽനിന്ന് സലാലയിലേക്കുള്ള പാതയിൽ തിരക്ക് വർധിക്കും എന്നതിനാൽ അപകടസാധ്യതയും കൂടുതലാണ്. റോഡ് മാർഗം യാത്രചെയ്യുന്നവരെല്ലാം ആവശ്യമായ മുൻകരുതലുകളും സുരക്ഷാക്രമീകരണങ്ങളും പാലിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.