മസ്കത്ത്: പ്രശസ്ത തെന്നിന്ത്യൻ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിെൻറ വിയോഗം മസ്കത്തിലെ കലാസ്വാദകരെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. മലയാളികളടക്കമുള്ള ആരാധകർ ഏറെ വേദനയോടെയാണ് പ്രിയഗായകെൻറ മരണവാർത്ത കേട്ടത്. ഗാനമേള അവതരിപ്പിക്കാൻ നിരവധിതവണ എസ്.പി.ബി മസ്കത്തിൽ എത്തിയിട്ടുണ്ട്. ഒപ്പം മലയാളത്തിലെ കെ.എസ്. ചിത്ര അടക്കമുള്ള മുൻനിര ഗായകർ ഉണ്ടാകാറുള്ളതിനാൽ പരിപാടികൾക്ക് മലയാളികളുടെ വൻ ജനക്കൂട്ടം ഉണ്ടാകും.
വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ സോഷ്യൽ ക്ലബ് തമിഴ് വിഭാഗത്തിെൻറ വാർഷിക ആഘോഷത്തിനാണ് അവസാനമായി അദ്ദേഹം ഒമാനിൽ വരുന്നത്. അന്ന് സിറ്റി ആംഫി തിയറ്ററിൽ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് അദ്ദേഹം പരിപാടി അവതരിപ്പിച്ചത്. പലപ്പോഴും ഗാനമാധുരിയെക്കാൾ അദ്ദേഹത്തിെൻറ വിനയമാണ് അദ്ദേഹത്തെ ആളുകൾക്ക് പ്രിയങ്കരനാക്കുന്നത്. കോവിഡ് രോഗബാധിതനായ സമയം മുതൽക്കു തന്നെ നിരവധി ആരാധകർ അദ്ദേഹത്തിെൻറ ആരോഗ്യനിലയിൽ ആശങ്ക രേഖപ്പെടുത്തുകയും ദിവസവും അദ്ദേഹത്തിെൻറ കുടുംബാംഗങ്ങളിൽനിന്ന് വിവരം ശേഖരിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി ആളുകളെ അറിയിക്കുകയും ചെയ്തിരുന്നു. കോവിഡ് രോഗത്തിൽനിന്നും അദ്ദേഹം മുക്തി നേടിയതറിഞ്ഞ് ആശ്വസിച്ചിരിക്കുന്ന സമയത്താണ് രോഗം മൂർച്ഛിക്കുന്നതും മരണമടയുന്നതും. എസ്.പി.ബിയുമായി അടുത്ത വ്യക്തിബന്ധം സൂക്ഷിക്കുന്ന ആളാണ് ദീർഘനാളായി ഒമാനിൽ പ്രവാസജീവിതം നയിക്കുന്ന ബാങ്ക് ഓഫ് ബറോഡയിൽ ജീവനക്കാരനായ തമിഴ്നാട് സ്വദേശി ആമിർ അലി.
ഓരോതവണ ഒമാനിൽ എത്തുന്ന സമയത്തും ആമിർ അലിയെ കാണാൻ അദ്ദേഹം എത്താറുണ്ട്. നബി തിരുമേനിയെ കുറിച്ച് ഒട്ടേറെ മനോഹര ഗാനങ്ങൾ ആലപിച്ച എസ്.പി.ബി ഓരോ മഹദ് വ്യക്തിയുടെയും ജീവിതത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്ന വ്യക്തി കൂടിയാണെന്ന് ഇദ്ദേഹം പറയുന്നു. അസുഖബാധിതനാകുന്നതിന് മുമ്പ് ഒരിക്കൽ ആരെങ്കിലും നാട്ടിലേക്ക് വരുന്നെങ്കിൽ അൽപം ഈന്തപ്പഴം കൊടുത്തയക്കണമെന്നാവശ്യപ്പെട്ട് വിളിച്ചിരുന്നു. ഒരിക്കലും തെൻറ ഉയർച്ചയിൽ അഹങ്കരിക്കുന്ന ആളായിരുന്നില്ല എസ്.പി.ബി. എന്നും വിശേഷങ്ങൾ തിരക്കി വാട്സ്ആപ് സന്ദേശങ്ങൾ അയക്കുമായിരുന്നെന്നും ആമിർ അലി പറയുന്നു. എസ്.പി.ബിയെ സംഗീതലോകം എന്നും ഓർക്കുമെന്നും ഗാനങ്ങളിലൂടെ അദ്ദേഹം എന്നും ജീവിക്കുമെന്നും മസ്കത്തിലെ അറിയപ്പെടുന്ന കലാകാരിയായ ധന്യ രതീഷ് പറഞ്ഞു. സംഗീത ലോകത്തെ അതികായൻ എന്നതിലുപരി അങ്ങേയറ്റം എളിമയുമുള്ള ആ വ്യക്തിയെ ഒരുകാലത്തും ആരും മറക്കില്ലെന്ന് കലാപ്രവർത്തകനായ രാജൻ കോക്കൂരി അഭിപ്രായപ്പെട്ടു. ഏതു ഭാഷയിൽ പാടിയാലും അതിലെല്ലാം തന്നെ തെൻറ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനെ ഒരുകാലത്തും സംഗീതലോകം മറക്കില്ലെന്ന് സംഗീത ആസ്വാദകനായ രാജേഷ് പറഞ്ഞു.
എസ്.പി.ബിയുടെ വേർപാടിൽ ഇന്ത്യൻ മീഡിയ ഫോറം അനുശോചനം രേഖപ്പെടുത്തി. സംഗീതത്തിന് ഭാഷയില്ല എന്നതിെൻറ ഏറ്റവും വലിയ ഉദാഹരണമായിരുന്നു എസ്.പി.ബി. മലയാളത്തിലും ഒട്ടേറെ മികച്ച ഗാനങ്ങൾ പാടിയ അദ്ദേഹം എന്നും മലയാളികൾക്കും പ്രിയങ്കരൻ ആയിരുന്നെന്നും സംഗീത ലോകത്തിന് തീരാ നഷ്ടമാണ് അദ്ദേഹത്തിെൻറ വേർപാടെന്നും ഇന്ത്യൻ മീഡിയ ഫോറം അനുശോചന കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.