'ഇല്ലാത്ത' കമ്പനികളുടെ വിസയിൽനിന്ന് സ്‌പോൺസർഷിപ് മാറ്റാം

കുവൈത്ത് സിറ്റി: അടച്ചുപൂട്ടിയതോ, നിലവിലില്ലാത്തതോ ആയ കമ്പനികളുടെ വിസയിൽ കുവൈത്തിൽ എത്തിയ തൊഴിലാളികൾക്ക് സ്‌പോൺസർഷിപ്പ് മാറ്റാൻ അവസരം ഒരുങ്ങുന്നു. ഇത്തരം കമ്പനികൾക്കെതിരെ പരാതി സമർപ്പിച്ച് നിയമ നടപടി ആരംഭിച്ച തൊഴിലാളികൾക്ക് വിസമാറ്റത്തിന് അനുമതി നൽകുമെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു.

മാൻപവർ അതോറിറ്റിയിലെ പരിശോധന വിഭാഗത്തിലെ ഡേറ്റ റെക്കോഡിങ് മോണിറ്ററായ ബഷായർ അൽ മുത്തൈരി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവർത്തനം നിലച്ചതോ കടലാസുകളിൽ മാത്രം പ്രവർത്തിക്കുന്നതോ ആയ കമ്പനികളുടെ വിസയിൽ എത്തിയ തൊഴിലാളികൾക്ക് താമസസ്ഥലം മാറ്റാനും തൊഴിലുടമകൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കാനുമാണ് മാൻപവർ അതോറിറ്റി സൗകര്യം ഒരുക്കുന്നത്. റിക്രൂട്ടിങ് കമ്പനികളുടെ തട്ടിപ്പിന് ഇരകളായി എത്തിയ നൂറുകണക്കിന് തൊഴിലാളികൾക്ക് ഈ അവസരം പ്രയോജനം ചെയ്യുമെന്ന് അൽ ഖബസ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഈ തൊഴിലാളികൾ രാജ്യത്ത് പ്രവേശിച്ചതിനുശേഷം ഫയലുകൾ അടച്ചുപൂട്ടിയതിനാൽ ഇത് അവരെ കുറ്റക്കാരായി കാണാൻ പറ്റില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് വിസ മാറ്റത്തിന് അവസരമൊരുക്കാൻ തീരുമാനം.

മാൻപവർ അതോറിറ്റി ഉൾപ്പെടുന്ന ത്രികക്ഷി സമിതി കഴിഞ്ഞ ആറുമാസത്തിനിടെ 73 പരിശോധന കാമ്പയിനുകൾ നടത്തിയതായും 1,314 തൊഴിൽ ലംഘനങ്ങൾ കണ്ടെത്തിയതായും ബഷായർ അൽ മുത്തൈരി പറഞ്ഞു. 2,029 തൊഴിലാളികൾക്കെതിരെ ഈ വർഷം നിയമനടപടികൾ സ്വീകരിച്ചു. സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന 600 വീട്ടുജോലിക്കാർ ഇക്കാലയളവിൽ പിടിയിലായതായും അദ്ദേഹം വ്യക്തമാക്കി.

റിക്രൂട്ടിങ് കമ്പനികളുടെ തട്ടിപ്പിന് ഇരകളായി അടച്ചുപൂട്ടിയതോ നിലവിലില്ലാത്തതോ ആയ കമ്പനികളുടെ വിസയിൽ എത്തി കുവൈത്തിൽ കുടുങ്ങിപ്പോകുന്ന മലയാളികൾ അടക്കമുള്ള പ്രവാസികൾ നിരവധിയാണ്. 

Tags:    
News Summary - Sponsorship can be changed from the visa of 'absent' companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.