മസ്കത്ത്: ഒമാനിലെ ആദ്യത്തെ മൃഗ വാക്സിൻ നിർമാണ കേന്ദ്രം സുഹാറിൽ സ്ഥാപിക്കും. പ്രതിവർഷം 144 ദശലക്ഷം വാക്സിനുകൾ നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫാർമ പ്രോജക്ട് സുഹാറിലെ ഫ്രീ സോണിൽ 10,000 ചതുരശ്ര മീറ്റർ അടിയിലായിരിക്കും ഒരുക്കുക.
നാഷനൽ വെറ്ററിനറി വാക്സിൻ കമ്പനിയുമായി ഭൂമി പാട്ടക്കരാർ ഒപ്പുവെക്കൽ ചടങ്ങിൽ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് ബിൻ നാസർ അൽ ബക്രി, ഒമാനിലെ ഈജിപ്ത് അംബാഡസർ ഖാലിദ് മുഹമ്മദ് അബ്ദുൽഹലീം രാധി, സൊഹാർ ഫ്രീസോൺ സി.ഇ.ഒ ഉമാർ അൽ മഹ്റ്സി, നാഷനൽ വെറ്ററിനറി വാക്സിൻ (എൻ.വി.വി.സി.ഒ) കമ്പനി ചെയർമാൻ യഅ്ഖൂബ് ബിൻ മൻസൂർ അൽ റുഖൈഷി എന്നിവർ പങ്കെടുത്തു.
ഈജിപ്തിലെ വെറ്ററിനറി സെറം, വാക്സിൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി എൻ.വി.വി.സി.ഒ മറ്റൊരു കരാറിലും ഒപ്പുവെച്ചു. ശാസ്ത്രീയ ഗവേഷണങ്ങളും വിദഗ്ധ അഭിപ്രായവും സാങ്കേതിക പിന്തുണയും നൽകുന്നതടക്കം ഉദ്ദേശിച്ചാണ് ഈജിപ്തുമായി കരാറിലെത്തിയിരിക്കുന്നത്.
കന്നുകാലി മേഖലയിൽ സാധാരണ ഉപയോഗിക്കുന്ന വാക്സിനുകളുടെ ആവശ്യം നിറവേറ്റുന്നതിനാണ് നാഷനൽ വെറ്ററിനറി വാക്സിൻസ് കമ്പനി സ്ഥാപിച്ചതെന്ന് റുഖൈഷി പറഞ്ഞു.
ആരോഗ്യകരമായ ഫാമുകൾ, ആട്ടിൻകൂട്ടങ്ങൾ, കന്നുകാലികൾ എന്നിവ പരിപാലിക്കുന്നതിനും ഉൽപാദനം വർധിപ്പിക്കാനും സാമ്പത്തിക നഷ്ടം തടയാനും കന്നുകാലികൾക്ക് വാക്സിനേഷൻ അത്യാവശ്യമാണ്.
വാക്സിനുകൾ ഉൽപാദിപ്പിക്കാനും മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും പ്രധാന വിപണികളിലേക്ക് കൊണ്ടുപോകാനും കയറ്റുമതി ചെയ്യാനും തുറമുഖത്തിന്റെയും ഫ്രീ സോണിന്റെയും ആധുനിക സൗകര്യങ്ങൾ വഴി സാധിക്കുമെന്ന് റുഖൈഷി പറഞ്ഞു.
ദേശീയ വെറ്ററിനറി വാക്സിൻ കമ്പനിയെ സുഹാറിലേക്ക് സ്വാഗതം ചെയ്യുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് സുഹാർ ഫ്രീസോൺ സി.ഇ.ഒ മഹ്റിസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.