മസ്കത്ത്: 2024ലെ രാജ്യത്തിന്റെ ബജറ്റിന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി. എണ്ണ വില ശരാശരി ബാരലിന് 60 യു.എസ്. ഡോളർ കണക്കാക്കിയാണ് ധനകാര്യമന്ത്രാലയം ബജറ്റ് തയാറാക്കിയിരിക്കുന്നത്. ഈ വർഷത്തെ വരുമാനം ഏകദേശം 11 ശതകോടി റിയാലാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 9.5 ശതമാനം കൂടുതലാണ്. മൊത്തം പൊതുചെലവ് ഏകദേശം 11.650 ശതകോടി റിയാലായും കണക്കാക്കുന്നു. ഇത് കഴിഞ്ഞ ബജറ്റിനെക്കാൾ 2.6 ശതമാനം കൂടുതലാണ്. ബജറ്റ് കമ്മി ഏകദേശം 640 ദശലക്ഷം റിയാലും പ്രതീക്ഷിക്കുന്നു.
ധനമന്ത്രാലയം അധികൃതരാണ് പുതിയ വർഷത്തെ ബജറ്റ് സംബന്ധമായ വിവരങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചത്. രാജ്യത്ത് ഈ വർഷവും ഇന്ധന വില വർധിപ്പിക്കില്ല. 2021 ഒക്ടോബറിൽ നിശ്ചയിച്ച പ്രകാരമുള്ള നിരക്ക് തന്നെയായിരിക്കും ഈ വർഷവും തുടരുകയെന്ന് ധനമന്ത്രി സുൽത്താൻ സലിം അൽ ഹബ്സി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പെട്രോൾ എം 91 ലിറ്ററിന് 229 ബൈസ, എം 95 ലിറ്ററിന് 239 ബൈസ, ഡീസൽ 258 ബൈസ(ലിറ്റർ) എന്നിങ്ങനെയായിരുന്നു 2021 ഒക്ടോബറിൽ നിശ്ചയിച്ച ഇന്ധന വില.
2013, 14 വർഷങ്ങളിലെ സർക്കാർ ജീവനക്കാരുടെ പ്രമോഷനുകൾക്കായി 60 ദശലക്ഷം റിയാൽ അനുവദിച്ചിട്ടുണ്ട്. ഇത് ഏകദേശം 52,000 ജീവനക്കാർ വരും. 2013ലെ സീനിയോറിറ്റിയിലുള്ള ജീവനക്കാർക്ക് ചൊവ്വാഴ്ച മുതൽ സ്ഥാനക്കയറ്റം നൽകും. 2014ലെ സീനിയോറിറ്റിയിലുള്ള ജീവനക്കാർക്കുള്ള സ്ഥാനക്കയറ്റം അടുത്ത ജൂലൈ മുതലും നൽകുമെന്നും മന്ത്രി പറഞ്ഞു
2024 ബജറ്റ് ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും സാമ്പത്തിക വികസനത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വിപുലീകരിക്കാനും സാമൂഹിക സംരക്ഷണ ഫണ്ട് ശാക്തീകരിക്കാനും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സേവനങ്ങളിലെ ചെലവുകളുടെ നിലവാരം നിലനിർത്താനും ലക്ഷ്യമിടുന്നതാണെന്ന് ധനമന്ത്രി സുൽത്താൻ സലിം അൽ ഹബ്സി വിശദീകരിച്ചു. ഇൻഷുറൻസ് കവറേജിന്റെയും പൗരന്മാർക്കുള്ള സാമൂഹിക പരിരക്ഷയുടെയും നിലവാരം ഉയർത്തുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. ബജറ്റിലെ മൊത്ത വരുമാനത്തിന്റെ 54 ശതമാനവും എണ്ണ വരുമാനത്തിൽനിന്നാണ്. ഗ്യാസ് മേഖലയിൽനിന്ന് 14 ശതമാനവും എണ്ണ ഇതര മേഖലയിൽനിന്ന് 32 ശതമാനവുമാണ് വരുമാനമെന്നും മന്ത്രി പറഞ്ഞു. ഈ പൊതുവരുമാനം കണക്കാക്കുന്നത് 2024 സാമ്പത്തിക വർഷത്തിൽ ഉണ്ടായേക്കാവുന്ന ഏതെങ്കിലും സാമ്പത്തിക വെല്ലുവിളികളുടെ ഭാരം കുറക്കുന്നതിനുള്ള മുൻകരുതൽ സമീപനത്തിന്റെ ചട്ടക്കൂടിനുള്ളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
എണ്ണവില വർധനയുടെ ഫലമായി കൈവരിച്ച സാമ്പത്തിക മിച്ചം വിനിയോഗിച്ച് മാറ്റിവെച്ച നിരവധി വികസന പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം വലിയൊരു ശതമാനം കടങ്ങളും അടച്ചുതീർക്കുന്ന പദ്ധതി നടപ്പാക്കാനും ഉപയോഗിച്ചതായി ധനമന്ത്രി വിശദീകരിച്ചു. പത്താം പഞ്ചവത്സര പദ്ധതിയുടെ പദ്ധതികളിൽ ഇത് പ്രതിഫലിച്ചു.
തൊഴിൽ പരിശീലന പരിപാടികൾക്കായി 36 ദശലക്ഷം റിയാലും അനുവദിച്ചിട്ടുണ്ട്. ഒമാൻ ഹൗസിങ് ബാങ്ക് മുഖേനയുള്ള വായ്പകൾ വേഗത്തിലാക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ 1.9 ശതകോടി റിയാൽ മൂല്യമുള്ള ‘ഇസ്കാൻ’ അല്ലെങ്കിൽ‘ഹൗസിങ്’ എന്ന പേരിൽ ഒരു പരിപാടി ആരംഭിക്കുമെന്ന് മന്ത്രി സ്ഥിരീകരിച്ചു. പൗരന്മാർക്ക് സബ്സിഡിയുള്ള ഭവനവായ്പകൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടാണിത്.
ആഗോള സാമ്പത്തിക സൂചകങ്ങൾ ഉയർത്തിക്കാട്ടിയുള്ള ഒരു വിഷ്വൽ അവതരണം ധനകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി അബ്ദുല്ല സലിം അൽ ഹാർത്തി നടത്തി. 2024ൽ ഒമാന്റെ പൊതുകടത്തിൽനിന്ന് ഏകദേശം 1.6 ശതകോടി റിയാൽ അടക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.