മസ്കത്ത്: ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ന്യൂഡൽഹിയിൽ നിരവധി വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, വ്യാപാര വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ ചർച്ചചെയ്തു. ഒമാനിൽ വിവിധ മേഖലകളിൽ ലഭ്യമായ നിക്ഷേപഅവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ വ്യാപാരികളോട് സുൽത്താൻ നിർദേശിച്ചു. സാമ്പത്തിക, വ്യാപാര വിഷയങ്ങളിലെ വീക്ഷണങ്ങൾ വ്യവസായികളും കൈമാറി. സുൽത്താനെകാണാൻ സാധിച്ചത് വലിയ ബഹുമതിയാണെന്ന് പറഞ്ഞ വ്യവസായികൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ കൂടിക്കാഴ്ച സഹായിക്കുമെന്നും പറഞ്ഞു.
ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുൽ സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ഊർജ, ധാതു വകുപ്പ് മന്ത്രി എൻജിനീയർ സലേം ബിൻ നാസർ അൽ ഔഫി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശ വ്യാപാര, അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജി, വിദേശകാര്യ മന്ത്രാലയത്തിലെ അംബാസഡർ അറ്റ്ലാർജ് ശൈയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഹിനായി, ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ്സ ബിൻ സാലിഹ് അൽ ഷിബാനി എന്നിവർ പങ്കെടുത്തു.
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഇന്ത്യ സന്ദർശനം ഒമാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ കരുത്തിന് അടിവരയിടുന്നതാണെന്ന് വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി വ്യക്തമാക്കി. ചരിത്രപരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും ഉഭയകക്ഷി ബന്ധം വികസിപ്പിച്ചെടുക്കുന്നതിൽ പുതിയ, ക്രിയാത്മകമായ ഘട്ടത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന പ്രധാന നാഴികക്കല്ലാണ് ഈ സന്ദർശനം. സഹകരണത്തിന്റെ നിരവധി അടിസ്ഥാനമേഖലകൾ തിരിച്ചറിയുന്ന സംയുക്തകാഴ്ചപ്പാടോടെയാണ് സന്ദർശനം സമാപിച്ചതെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.