മസ്കത്ത്: രാജ്യത്തിന്‍റെ 52ാം ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലെ സലാലയിലുള്ള അൽനാസർ സ്‌ക്വയറിൽ നടന്ന സൈനിക പരേഡിൽ സായുധ സേനയുടെ പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിഖ് സല്യൂട്ട് സ്വീകരിച്ചു. സുൽത്താൻ അധികാരമേറ്റതിനുശേഷമുള്ള രണ്ടാമത്തെ പരേഡാണ് കഴിഞ്ഞ ദിവസം നടന്നത്. റോയൽ ഒമാൻ എയർഫോഴ്സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താെൻറ പ്രത്യേക സേന, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ, സംയുക്ത സൈനിക മ്യൂസിക്കൽ ബാൻഡ് തുടങ്ങിയവയെ പ്രതിനിധാനംചെയ്യുന്ന യൂനിറ്റുകൾ ചടങ്ങിൽ പങ്കെടുത്തു.
പരേഡ് ഗ്രൗണ്ടിൽ എത്തിയ സുൽത്താനെ പ്രതിരോധ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, സുൽത്താന്റെ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ അബ്ദുല്ല ബിൻ ഖമീസ് റൈസി എന്നിവർ ചേർന്ന് സ്വീകരിച്ചു. സൈനിക വിഭാഗം സല്യൂട്ട് നൽകിയും സൈനിക ബാൻഡ് സംഘം ദേശീയഗാനം ആലപിച്ചുമാണ് സുൽത്താനെ ആനയിച്ചത്. സുൽത്താന് ആദരവ് അറിയിച്ച് 21 ആചാരവെടികളും മുഴക്കി. വിവിധ സൈനിക വിഭാഗങ്ങളുടെ മ്യൂസിക്കൽ പരേഡും നടന്നു.
സുൽത്താന് സായുധ സേനയുടെ പാരിതോഷികം പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഇൗദ് സമ്മാനിച്ചു. പരേഡിൽ രാജകുടുംബത്തിലെ അംഗങ്ങൾ, സ്റ്റേറ്റ് കൗൺസിൽ, ശൂറ കൗൺസിൽ ചെയർമാന്മാർ, മന്ത്രിമാർ, ഉപദേഷ്ടാക്കൾ, മറ്റ് സൈനിക, സുരക്ഷ വകുപ്പുകളുടെ കമാൻഡർമാർ, അറബ് നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാർ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, ശൂറാ കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, ഗവർണർമാർ, ജഡ്ജിമാർ, പബ്ലിക് പ്രോസിക്യൂഷൻ ഡിപ്പാർട്മെന്റ് അംഗങ്ങൾ, വലിമാർ, ശൈഖ്മാർ, അംബാസഡർമാർ, പൗരപ്രമുഖർ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.