മസ്കത്ത്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സുൽത്താൻ ഹൈതം ബിൻ താരിഖ് മേയ് 28ന് ഇറാനിലേക്ക് തിരിക്കുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസിയുടെ ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ ഇറാൻ സന്ദർശനം നടത്തുന്നത്. ഇരു നേതാക്കളും ഔദ്യോഗിക കൂടിക്കാഴ്ചകളും നടത്തും. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുന്നതിനൊപ്പം ഉഭയ കക്ഷി ബന്ധങ്ങൾ വിപുലപ്പെടുത്തുന്നതിനുള്ള കാര്യങ്ങളിൽ ചർച്ച നടത്തുകയും ചെയ്യും. സുൽത്താന്റെ സന്ദർശനത്തിന്റെ ഭാഗമായി വിവിധ കരാറുകളിലും ഒപ്പുവെക്കും. ഇരുരാജ്യങ്ങളുടെയും താൽപര്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി വിവിധ മേഖലകളിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും വിലയിരുത്തും.
പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി, ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ഊർജ, ധാതു വകുപ്പ് മന്ത്രി സലിം ബിൻ നാസർ അൽ ഔഫി, സുൽത്താന്റെ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ അബ്ദുല്ല ബിൻ ഖാമിസ് അൽ റഈസി, ഇറാനിലെ ഒമാൻ അംബാസഡർ ഇബ്രാഹിം ബിൻ അഹമ്മദ് അൽ മുഐനി തുടങ്ങിയവർ സുൽത്താനനെ അനുഗമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.