മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖിന്റെ ഈജിപ്ത് സന്ദർശനത്തിന് ഞായറാഴ്ച തുടക്കമാകും. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഈജിപ്തിലേക്ക് തിരിക്കുന്നത്. ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്യും. സുൽത്താൻ ഹൈതം 2020ൽ അധികാരമേറ്റശേഷം നടത്തുന്ന ആദ്യ ഈജിപ്ത് സന്ദർശനമാണ് ഇത്. അതുകൊണ്ട് തന്നെ അമ്പതിനായിരത്തോളം വരുന്ന, ഒമാനിൽ ജീവിക്കുന്ന ഈജിപ്ഷ്യൻ പൗരന്മാർക്കും ‘മസറു’മായി നിരന്തര വ്യാപാര വാണിജ്യ ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒമാനി പൗരന്മാർക്കും വിദേശികൾക്കും പ്രതീക്ഷിക്കാൻ ഏറെയുണ്ട്, വരും ദിവസങ്ങളിൽ.
വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വികസനത്തിന് ഇരു രാജ്യങ്ങളുടെയും ഭൂമിശാസ്ത്രപരമായ ഘടനയും തുറമുഖങ്ങളുമായുള്ള ദൂരക്കുറവും നിർണായകമാണ്. വടക്കേ ആഫ്രിക്കൻ രാജ്യമായ ഈജിപ്തിന് ലോകത്തിനു നൽകാൻ വിവിധ മേഖലകളിലെ ഉന്നത വിദ്യാഭ്യാസത്തിനു പുറമെ പ്രകൃതിസമ്പത്തും ടൂറിസം സാധ്യതകളും പിന്നെ മനുഷ്യ വിഭവശേഷിയും മറ്റും സ്വന്തമായുണ്ട്.
ഒമാനിൽനിന്ന് ഈജിപ്തിന്റെ പ്രധാന ഇറക്കുമതി ലോഹ അയിരുകൾ, മത്സ്യം, അലുമിനിയം, അതിന്റെ നിർമാണങ്ങൾ, ജൈവ രാസ ഉൽപന്നങ്ങൾ എന്നിവയാണ്. അതേസമയം, ഒമാൻ സുൽത്താനേറ്റ് ഈജിപ്തിൽനിന്ന് ചില കാർഷിക ഉൽപന്നങ്ങൾ, ഫർണിച്ചർ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പാലുൽപന്നങ്ങൾ മുതലായവ ഇറക്കുമതി ചെയ്യുന്നു.
കഴിഞ്ഞ വർഷം ഒമാൻ സന്ദർശിച്ച അൽസീസി, ഒമാനുമായി വിവിധ മേഖലകളിലെ സഹകരണങ്ങളും ബന്ധങ്ങളും ഊട്ടിയുറപ്പിക്കാനുള്ളതും ഇരുരാജ്യങ്ങളുടെയും വികസനത്തിന് കൂടുതൽ ഊർജംപകരുന്നതുമായ നിരവധി കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെച്ചാണ് മടങ്ങിയത്. വ്യാപാര മത്സരം പ്രോത്സാഹിപ്പിക്കുക, കുത്തക സമ്പ്രദായങ്ങളെ ചെറുക്കുക, നിക്ഷേപ പ്രോത്സാഹനം, കയറ്റുമതി വികസനം, വ്യവസായിക മേഖലകൾ സ്ഥാപിക്കൽ, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലാണ് കരാറുകൾ ഒപ്പുവെച്ചത്. സമുദ്രഗതാഗതം, തുറമുഖങ്ങൾ, ജ്യോതിശാസ്ത്ര, ഭൗമ ഭൗതിക ഗവേഷണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ സഹകരണങ്ങൾക്കും ധാരണപത്രങ്ങളിൽ ഒപ്പുവെച്ച സീസി, ഒമാൻ രാജാവിനെ കൈറോയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
വ്യാപാര മേഖലയിൽ കൈകോർത്ത്
ഒമാനും ഈജിപ്തും തമ്മിലുള്ള വ്യാപാരത്തിന്റെ അളവ് 2021നെ അപേക്ഷിച്ച് ഏകദേശം 52 ശതമാനം വർധിച്ചിട്ടുണ്ട്. വ്യാപാര വിനിമയത്തിന്റെ അളവ് ഏകദേശം ഒരു ബില്യൺ ഒമ്പതു ദശലക്ഷം ഈജിപ്ഷ്യൻ പൗണ്ടിലെത്തിയപ്പോൾ സുൽത്താനേറ്റിലേക്കുള്ള ഈജിപ്ഷ്യൻ കയറ്റുമതി ഏകദേശം 433 മില്യൺ ഡോളറാണ്.
ഒമാനിൽനിന്നുള്ള ഈജിപ്ഷ്യൻ ഇറക്കുമതി ഏകദേശം 760 മില്യൺ ഡോളറാണ്. ഏതാണ്ട് രണ്ടായിരത്തോളം ഈജിപ്ഷ്യൻ കമ്പനികളാണ് ഒമാനിൽ പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് ഒമാനി വിദ്യാർഥികൾ ഈജിപ്തിൽ ഉപരിപഠനം നടത്തുന്നുണ്ട്. ഈ കണക്കുകൾ രണ്ടു സഹോദര രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വികസിപ്പിക്കാനുള്ള യഥാർഥ ഇച്ഛാശക്തിയെ പ്രതിഫലിപ്പിക്കുന്നതായി സുൽത്താനേറ്റിലെ അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ അംബാസഡർ ഖാലിദ് മുഹമ്മദ് റാഡി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.