മസ്കത്ത്: ഒമാനിലെ പൗരന്മാരും താമസക്കാരുമായവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കുന്ന മാസ് വാക്സിനേഷൻ ഒന്നാം ഘട്ടത്തിന് ഞായറാഴ്ച തുടക്കമായി.ഒന്നാം ഡോസ് നൽകിയവർക്ക് രണ്ടാമത് കുത്തിവെപ്പ് നൽകിയാണ് കാമ്പയിൻ ആരംഭിച്ചത്. 12.5ലക്ഷം വാക്സിൻ ഡോസുകൾ ഈ മാസം വിതരണം ചെയ്യാനുള്ള തയാെറടുപ്പുകളാണ് ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്. ഈ വർഷം അവസാനിക്കുന്നതോടെ ജനസംഖ്യയുടെ 70ശതമാനം പേർക്കും കുത്തിവെപ്പ് നൽകലാണ് കാമ്പയിെൻറ ലക്ഷ്യം.
കാമ്പയിൻ ആദ്യദിനത്തിൽ സൗകര്യങ്ങൾ വിലയിരുത്തുന്നതിന് സുപ്രീംകമ്മിറ്റി ചെയർമാൻ സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലെ കേന്ദ്രം സന്ദർശിച്ചു.
കുത്തിവെപ്പിെൻറ മുൻഗണന പട്ടികയിൽ ഇടംപിടിച്ച എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് സുപ്രീംകമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയിൽ നിന്ന് സ്വന്തത്തെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും വാക്സിൻ രോഗപ്രതിരോധത്തിെൻറ ഏറ്റവും സുരക്ഷിതമായ മാർഗമാണെന്നും കമ്മിറ്റി വ്യക്തമാക്കി.വാക്സിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും എല്ലാവരെയും കുത്തിവെപ്പെടുക്കാൻ പ്രേരിപ്പിക്കണമെന്നും ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസി പറഞ്ഞു. വിവിധ രാജ്യങ്ങളിൽ കോവിഡ് പ്രതിരോധത്തിന് സ്വീകരിച്ച നിയന്ത്രണങ്ങൾ കാരണം സാമ്പത്തിക-വാണിജ്യ പ്രവർത്തനങ്ങൾ നിലച്ച അവസ്ഥായാണെന്നത് മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച പ്രതികരണമാണ് മാസ് വാക്സിനേഷന് പൊതുജനങ്ങളിൽ നിന്ന് ആദ്യ ദിനത്തിൽ ലഭിച്ചത്.വാക്സിൻ സ്വീകരിക്കാനെത്തിയവരുടെ എണ്ണക്കൂടുതൽ കാരണം മത്രയിലെ കേന്ദ്രം വത്തായ ഇമാം ജാബിർ ബിൻ സൈദ് സ്കൂളിലേക്ക് മാറ്റി. ഫൈസർ, ആസ്ട്രസെനിക വാക്സിനുകളാണ് വിതരണം ചെയ്യുന്നത്. നിരവധി സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളും ഞായറാഴ്ച കുത്തിവെപ്പ് നൽകിത്തുടങ്ങി.
നേരത്തെ രജിസ്റ്റർ ചെയ്ത കമ്പനി ജീവനക്കാർക്കും വിദേശരാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർക്കുമാണ് ഇത്തരത്തിൽ വാക്സിൻ ലഭിക്കുന്നത്.സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് റഷ്യൻ വാക്സിനായ സ്പുട്നിക്കാണ് നൽകുന്നത്.
ഹജ്ജ് തീർഥാടകർ, മുസന്ദം ഗവർണറേറ്റിലെ പൗരന്മാർ, 45വയസ്സ് പിന്നിട്ടവർ, സ്വകാര്യ സ്ഥാപനങ്ങളിലേതടക്കമുള്ള ആരോഗ്യ പ്രവർത്തകർ, സർക്കാർ ജീവനക്കാർ, റോയൽ ഒമാൻ പൊലീസ് അംഗങ്ങൾ, സുൽത്താെൻറ സായുധസേനാംഗങ്ങൾ, ഹൈ ഡിപ്ലോമ വിദ്യാർഥികൾ, എണ്ണ, ഗ്യാസ്, വിമാനത്താവള മേഖലയിലെ ജീവനക്കാർ എന്നിവരാണ് മാസ് വാക്സിനേഷെൻറ ഒന്നാം ഘട്ടത്തിൽ കുത്തിവെപ്പിന് എത്തേണ്ടത്. പൗരന്മാരും താമസക്കാരുമായ 45വയസ്സ് പിന്നിട്ടവർക്ക് ജൂൺ മൂന്നാം ആഴ്ച മുതലാണ് വാക്സിൻ ലഭ്യമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.