മസ്കത്ത്: വിശുദ്ധ റമദാൻ പരിസമാപ്തിയിലേക്ക് നീങ്ങവെ നാടും നഗരവും പെരുന്നാൾ തിരക്കിലേക്ക്. വിശുദ്ധ റമദാനിലെ എറ്റവും പുണ്യമുള്ളതെന്ന് കരുതുന്ന 27ാം രാവുകൂടി പിന്നിട്ടതോടെ വിശ്വാസികൾ പെരുന്നാൾ നിറവിലേക്ക് നീങ്ങി. ഇനിയുള്ള ദിവസങ്ങളിൽ വസ്ത്രങ്ങളും ഉൽപന്നങ്ങളും വാങ്ങുന്ന തിരക്കിലായിരിക്കും സ്വദേശികളും വിദേശികളും. വർഷത്തിലെ ഏറ്റവും കൂടുതൽ വിപണനം നടക്കുന്നതാണ് പെരുന്നാൾ സീസൺ. ഇത് കണക്കിലെടുത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും നേരത്തേ തന്നെ ഉൽപന്നങ്ങളുടെ വൻ സ്റ്റോക്ക് എത്തിച്ചിരുന്നു.
പെരുന്നാളിന്റെ ഭാഗമായി പരമ്പരാഗത ചന്തകളിലും സൂഖുകളിലും തിരക്ക് ആരംഭിച്ചു. പരമ്പരാഗത സൂഖുകളിൽ പെരുന്നാൾ ഉൽപന്നങ്ങൾ വൻതോതിൽ ലഭ്യമാണെങ്കിലും തിരക്ക് മുൻകാലത്തെപ്പോലെ അനുഭവപ്പെടുന്നില്ല. പെരുന്നാൾ ഉൽപന്നങ്ങൾ വാങ്ങാൻ മാളുകളെയും ഹൈപ്പർമാർക്കറ്റുകളെയുമാണ് ഇപ്പോൾ പൊതുജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത്. ഇത് പരമാവധി ഉപയോഗപ്പെടുത്താൻ ഇത്തരം സ്ഥാപനങ്ങൾ വൻ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പെരുന്നാൾ സീസണിൽ ഉടുപ്പുകളും സുഗന്ധദ്രവ്യങ്ങളും അനുബന്ധ ഉൽപന്നങ്ങളുമാണ് ഏറ്റവും കൂടുതൽ വിറ്റഴിയുന്നത്. സ്വദേശി മധുരപലഹാരങ്ങൾക്കും ഹൽവക്കും ആവശ്യക്കാരേറിയിട്ടുണ്ട്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കന്നുകാലി വ്യാപാരവും വർധിച്ചു.
ഒരു കാലത്ത് പെരുന്നാൾ ഉൽപന്നങ്ങൾക്കും വസ്ത്രങ്ങൾക്കും കടകളെയും ചെറുകിട സ്ഥാപനങ്ങളെയുമാണ് പൊതുജനങ്ങൾ ആശ്രയിച്ചിരുന്നത്. അതിനാൽ ഇത്തരം സ്ഥാപനങ്ങളിൽ പെരുന്നാൾ അടുക്കുന്നതോടെ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. റൂവിയടക്കമുള്ള നഗരങ്ങളിൽ മുൻകാലത്ത് ഇത്തരം നിരവധി ചെറുകിട സ്ഥാപനങ്ങളുണ്ടായിരുന്നു. ഹൈപ്പർമാർക്കറ്റുകളും വൻകിട വ്യാപാര സ്ഥാപനങ്ങളും വർധിച്ചതോടെ ഇത്തരം നിരവധി സ്ഥാപനങ്ങൾക്ക് പൂട്ട് വീണു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.