മസ്കത്ത്: രാജ്യത്ത് നടക്കുന്ന ഒന്നാം ഡിവിഷനൽ ഫുട്ബാൾ മത്സരങ്ങൾ ക്ലബ് സ്റ്റേഡിയങ്ങൾക്കു പകരം സ്പോർട്സ് കോംപ്ലക്സുകളിലേക്കു മാറ്റും. ഇവിടെ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള മെഡിക്കൽ സംഘവും ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തും. ചില കായികവേദികളിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സൗകര്യമില്ലെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഒമാൻ ഫുട്ബാൾ അസോസിയേഷനും (ഒ.എഫ്.എ) സാംസ്കാരിക, കായിക, യുവജന മന്ത്രാലയവും ചേർന്ന് ഈ തീരുമാനമെടുത്തത്. കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും എല്ലാ മത്സരങ്ങളും സുരക്ഷിതമായ സാഹചര്യത്തിലാണ് നടക്കുന്നതെന്ന് ഉറപ്പാക്കുമെന്നും ഒ.എഫ്.എ അറിയിച്ചു. ആഴ്ചകൾക്കുമുമ്പ് പരിശീലനത്തിലേർപ്പെടുന്നതിനിടെ ഒമാനി ഫുട്ബാൾ താരം കുഴഞ്ഞുവീണ് മരിച്ചിരുന്നു.
ഗ്രൗണ്ടുകളിലും മറ്റും അടിയന്തര സാഹചര്യങ്ങൾ കൈകാര്യംചെയ്യുന്ന സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് അന്നുതന്നെ രാജ്യത്ത് ആവശ്യമുയർന്നിരുന്നു കളിക്കു മുന്നോടിയായി വ്യായാമം ചെയ്യുന്നതിനിടെ മസ്കത്ത് എഫ്.സിയുടെ താരമായ മുഖാലിദ് അൽ റഖാദിയാണ് കഴിഞ്ഞ മാസം മരിച്ചത്. ഒമാൻടെൽ ഫുട്ബാൾ ലീഗിന്റെ ആറാം റൗണ്ടിൽ അൽ സുവൈഖ് എഫ്.സിയുമായുള്ള തന്റെ ടീമിന്റെ മത്സരം ആരംഭിക്കുന്നതിന് മുമ്പായി വാംഅപ്പ് ചെയ്യുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയ ഫുട്ബാൾ ആരാധകർ സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ച് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഫുട്ബാൾ ക്ലബുകളും അസോസിയേഷനുകളും ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികളോടും വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.