മസ്കത്ത്: ഒമാൻ അടക്കം അറേബ്യൻ ഉപദ്വീപിലെ രാജ്യങ്ങളിലും വരും വർഷങ്ങളിൽ കാലാവസ്ഥ മാറ്റത്തിെൻറ തീവ്രഫലങ്ങൾ അപകടകരമായ രീതിയിൽ അനുഭവപ്പെടുമെന്ന് യു.എൻ റിപ്പോർട്ട്. ചൂട് കാലാവസ്ഥയുടെ തീവ്രതയും ഇടവേളകളും വർധിക്കുന്നതിനൊപ്പം തണുപ്പ് കാലാവസ്ഥയുടെ തീവ്രതയിലും ഇടവേളകളിലും കാര്യമായ കുറവ് അനുഭവപ്പെടുമെന്നും ഐക്യരാഷ്ട്രസഭ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) ഈയാഴ്ച ആദ്യം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അടുത്ത രണ്ടു പതിറ്റാണ്ടിനുള്ളിൽ ആഗോളതാപനിലയിൽ ശരാശരി ഒന്നര ഡിഗ്രി സെന്റിഗ്രേഡിെൻറ വർധന ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. താപനിലയിലെ വർധന കാലാവസ്ഥ മാതൃകകളിലെ മാറ്റങ്ങളുടെ വേഗം വർധിപ്പിക്കും.
ഭൂമിയിലെ മനുഷ്യെൻറയും മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും നിലനിൽപ്പിന് ഈ സാഹചര്യം ഭീഷണിയാകുമെന്ന് ഐ.പി.സി.സി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
തീവ്രമായ കാലാവസ്ഥ മാറ്റം ഇടവിട്ടുള്ള വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റ്, സൂപ്പർസൈക്ലോൺ, മഞ്ഞുരുക്കം, സമുദ്രജലനിരപ്പ് ഉയരൽ, തീരദേശങ്ങളിലെ വെള്ളപ്പൊക്കം തുടങ്ങിയവക്കും കാരണമാകും. കൃഷി, ഭക്ഷ്യ സുരക്ഷ, രോഗങ്ങളിൽ നിന്നും മഹാമാരികളിൽ നിന്നുമുള്ള സുരക്ഷ തുടങ്ങിയവയെ ഈ സാഹചര്യങ്ങൾ തീവ്രമായി ബാധിക്കും.
14000 ശാസ്ത്ര പ്രബന്ധങ്ങളിൽ നിന്നുള്ള വിവരങ്ങൾ സ്വരൂപിച്ചാണ് ഐ.പി.സി.സി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. 2040ഓടെ ആഗോള താപനിലയിൽ ഒന്നര ഡിഗ്രിയുടെ വർധന ഉണ്ടാകുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
ആഗോളതാപനത്തെ തുടർന്ന് അന്തരീക്ഷ താപനില രണ്ട് ഡിഗ്രി കൂടുന്ന പക്ഷം അത് മനുഷ്യ ജീവിതത്തെയും കാർഷിക രംഗത്തെയും അതീവ ഗുരുതരമായി ബാധിക്കും. ആഗോള താപനത്തിലെ വർധനക്ക് അനുസരിച്ച് കാലാവസ്ഥ മാറ്റത്തിലെ തീവ്രതയും വർധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആഗോളതാപനത്തിെൻറ ഫലമായുള്ള കാലാവസ്ഥ മാറ്റങ്ങൾ ഒമാനെ അതീവ ഗുരുതര രീതിയിൽ ബാധിക്കുമെന്ന് ഒമാനിലെ പരിസ്ഥിതി വിദഗ്ധർ നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയരുന്ന ജലനിരപ്പ് ബാത്തിന, ശർഖിയ മേഖലകളിലെയടക്കം നഗരങ്ങളിലും പട്ടണങ്ങൾക്കും നാശനഷ്ടത്തിന് വഴിയൊരുക്കും. ടൂറിസം, റിയൽ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളെ ഇത് ബാധിക്കും.
കാർഷിക, ഫിഷറീസ് മേഖലകളിലും ഇത് പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഒമാനിലെ കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നീണ്ടുനിൽക്കുന്ന വരൾച്ച തീരദേശ മേഖലകളിൽ ഉപ്പുവെള്ളവും ഭൂഗർഭജലവും കൂടിച്ചേരാൻ ഇടയാക്കും. ഇത് കൃഷിക്കും ജലസേചനത്തിനുമുള്ള ശുദ്ധജലം കിട്ടാനാകാത്ത സ്ഥിതിയുണ്ടാകും. അറബിക്കടലിൽ ജലത്തിനുണ്ടാകുന്ന രാസമാറ്റം മത്സ്യ സമ്പത്തിനെയും ദോഷകരമായി ബാധിക്കുമെന്നും ഒമാനി പരിസ്ഥിതി വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.