മസ്കത്ത്: വിവിധ മേഖലകളിൽ സഹകരണങ്ങളും ബന്ധങ്ങളും ഊട്ടിയുറപ്പിച്ച് ഒരു ദിവസത്ത ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഇറാൻ പ്രസിഡന്‍റ് ഡോ. ഇബ്രാഹിം റഈസി മടങ്ങി. ഉഭയകക്ഷി ബന്ധങ്ങൾ, വാണിജ്യ വിനിമയം, നിക്ഷേപം എന്നിവ വികസിപ്പിക്കുന്നതിനും മറ്റുമുള്ള മാർഗങ്ങൾ ചർച്ച ചെയ്തും ഇറാൻ സന്ദർശിക്കാൻ സുൽത്താനെ ക്ഷണിച്ചുമാണ് ഇറാൻ പ്രസിഡന്‍റ് മടങ്ങിയത്. ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും സുൽത്താൻ ഹൈതം ബിൻ താരിഖിനും സർക്കാറിനും ഒമാൻ ജനതക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
മേഖലയിലും ലോകമെമ്പാടും സുരക്ഷയും സുസ്ഥിരതയും സ്ഥാപിക്കുന്നതിന് കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച് സന്ദർശനത്തിെൻറ ഭാഗമായി ഇറക്കിയ സംയുക്ത പ്രസ്താവനയിൽ സുൽത്താൻ ഹൈതം ബിൻ താരിഖും ഇറാൻ പ്രസിഡന്‍റ് ഡോ. ഇബ്രാഹിം റഈസിയും പറഞ്ഞു.
വിവിധ മേഖലകളിൽ നിലവിലുള്ള സഹകരണത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ നേതാക്കൾ പുതിയ സാമ്പത്തിക പങ്കാളിത്തത്തിനുള്ള വഴികൾ തുറക്കാൻ തീരുമാനിക്കുകയും ചെയ്തു. നിക്ഷേപം, കായികം, കൃഷി, മത്സ്യബന്ധനം, കന്നുകാലി, സമുദ്രഗതാഗതം, തുറമുഖങ്ങൾ, ലോജിസ്റ്റിക്‌സ്, എണ്ണ, വാതകം തുടങ്ങിയ മേഖലകളിലെ സഹകരണം കാര്യക്ഷമമാക്കുന്നതിനുള്ള കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.
എല്ലാതരത്തിലുള്ള ഭീകരവാദവും തീവ്രവാദവും തടയേണ്ടതാണെന്ന് ഇരുനേതാക്കളും അടിവരയിട്ട് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടോടെ ഇറാനിലേക്ക് തിരിച്ച ഇറാൻ പ്രസിഡന്‍റിനും പ്രതിനിധി സംഘത്തിനും റോയൽ എയർപോർട്ടിൽ അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താന്റെ പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിക് അൽ സഈദാണ് യാത്രയയപ്പ് നൽകിയത്. ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫിസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രി എന്‍ജി. സഈദ് ഹമൂദ് അല്‍ മഅ്‌വലി, ഇറാനിലെ ഒമാന്‍ അംബാസഡര്‍ ഇബ്‌റാഹിം ബിന്‍ അഹമദ് അല്‍ മുഐനി എന്നിവരും മിഷന്‍ ഓഫ് ഹോണര്‍ അംഗങ്ങളും സംബന്ധിച്ചു.
സന്ദർശനത്തിെൻറ ഭാഗമായി കാബിനറ്റ് കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒമാനിലെയും ഇറാനിലെയും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തിയ റഈസി ഒമാനിൽ താമസിക്കുന്ന ഇറാനിയൻ സമൂഹവുമായി മസ്കത്തിലെ ഇറാൻ എംബസിയിൽ ആശയവിനിമയം നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.