ഒമാനിലെ ഫാം ഹൗസുകളിലൊന്ന്​

ഫാം ഹൗസുകൾക്ക് പ്രിയം വർധിക്കുന്നു

മസ്കത്ത്: അവധി ദിന വിനോദത്തിനും വിശ്രമത്തിനും സൗകര്യം ഒരുക്കുന്ന ഫാം ഹൗസുകൾക്ക് ഒമാനിൽ സ്വീകാര്യത വർധിക്കുന്നു. മലയാളികൾ അടക്കമുള്ളവരും ആഘോഷ ദിവസങ്ങളിലും മറ്റും ഇത്തരം ഫാമുകളിൽ എത്തുന്നത് കൂടിയിട്ടുണ്ട്. സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ സ്വീകാര്യത വർധിച്ചതോടെ മുസന്ന അടക്കമുള്ള മേഖലകളിൽ നിരവധി ഫാം ഹൗസുകളാണ് ഉയർന്നിട്ടുള്ളത്. പെരുന്നാൾ സീസണിൽ ഇത്തരം ഫാമുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഏതാണ്ടെല്ലാ ഫാമുകളും പെരുന്നാൾ അവധിക്കാലം മുഴുവൻ ബുക്കിങ്ങിലാണ്. തിരക്ക് കാരണം പെരുന്നാൾ സീസണിൽ ഫാമുകളുടെ നിരക്കും വർധിപ്പിച്ചിട്ടുണ്ട്.

ഫാം ഹൗസുകളിൽ എത്തുന്നവർക്ക് വിനോദത്തിനും വ്യായാമത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ളതായി മുസന്നയിലെ അൽ നവാകിത ഫാമിലെ വടകര, പൈങ്ങോട്ടായി സ്വദേശി പി.സി. മുഹമ്മദ് പറഞ്ഞു. ഫാമുകളിൽ നിരവധി കുടുംബങ്ങൾക്കും മറ്റും വിനോദത്തിൽ ഏർപ്പെടാനുള്ള സൗകര്യങ്ങളുണ്ട്. പലതിലും 150ലധികം പേർക്കുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഒരു ദിവസത്തിനാണ് ഫാമുകൾ വാടക്ക് നൽകുന്നത്.

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സ്വിമ്മിങ് പൂളുകൾ അടക്കം എല്ലാ പ്രായക്കാർക്കും ഉല്ലസിക്കാനുള്ള സൗകര്യം ഉണ്ടാവും. മുതിർന്നവർക്ക് ഫുട്ബാൾ, ടേബിൾ ടെന്നിസ് അടക്കമുള്ള കളികൾക്കുള്ള സൗകര്യം, കുട്ടികൾക്ക് ഊഞ്ഞാലുകൾ അടക്കമുള്ള വിനോദങ്ങൾക്കുള്ള സൗകര്യം, മജ്ലിസുകൾ, കിച്ചൺ, വിശ്രമിക്കാനും ഡ്രസ് മാറാനുമുള്ള പ്രത്യേക മുറികൾ, കുട്ടികൾക്കുള്ള പ്ലേ സ്റ്റേഷൻ തുടങ്ങിയവയുള്ളതിനാൽ നിരവധി കുടുംബങ്ങൾ ഒത്തുകൂടിയാണ് ഇത്തരം ഫാം ഹൗസുകൾ ബുക്ക് ചെയ്യുന്നത്. മുൻകാലങ്ങളിൽ ഇത്തരം ഫാമുകൾ സ്വദേശികളും ഉത്തരേന്ത്യക്കാരുമാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇപ്പോൾ മലയാളികളും ഫാം ഹൗസുകൾ ഉപയോഗപ്പെടുത്തുന്നത് വർധിച്ചിട്ടുണ്ടെന്ന് മുഹമ്മദ് പറഞ്ഞു.

സന്ദർശകരെ ആകർഷിക്കാൻ പല ഫാമുകളിലും ചെറിയ തോതിലുള്ള കാഴ്ച ബംഗ്ലാവുകളും ഒരുക്കിയിട്ടുണ്ട്. യമു അടക്കമുള്ള വിവിധ തരം പക്ഷികൾ, മുയലുകൾ, പ്രാവുകൾ, ലൗബേഡ്സ്, ജർമൻ കോഴി തുടങ്ങിയ വ്യത്യസ്ത ഇനങ്ങളാണ് പല ഫാമുകളിലും ഒരുക്കിയിരിക്കുന്നത്. ഇതോടനുബന്ധിച്ച് ചെറിയ പൂന്തോട്ടങ്ങളും ഉണ്ടാവും. തണൽ ലഭിക്കാൻ നിരവധി മരങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. അൽ നവാകിതാ ഫാമിൽ നിറയെ തെങ്ങുകളാണ് വെച്ചുപിടിപ്പിച്ചിരിക്കുന്നത്. ഇത്തരം ഫാമുകൾതന്നെ മനസ്സിന് കുളിരേകുന്ന കാഴ്ചയാണ്.

സൗകര്യങ്ങൾ കൂടുതലുള്ള ഫാമുകളിൽ ഒരു ദിവസത്തേക്ക് വാരന്ത്യ അവധി ദിവസങ്ങളിൽ 120 റിയാലാണ് ഈടാക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ 80 റിയാലാണ് നിരക്ക്. പെരുന്നാൾ അവധി ദിവസങ്ങളിൽ ഇത്തരം ഫാമുകൾ 150 റിയാൽ വരെ ഈടാക്കിയിരുന്നു. ഫാമുകളുടെ വലുപ്പച്ചെറുപ്പവും സൗകര്യങ്ങളും അനുസരിച്ച് നിരക്കും മാറും. ചൂട് വർധിക്കുന്നതോടെ ഇത്തരം ഫാമുകളിൽ തിരക്ക് വർധിക്കാനാണ് സാധ്യത. ഏതായാലും മലയാളികളും പരമ്പരാഗത വിനോദരീതികളിൽനിന്ന് മാറി ചിന്തിക്കുന്നതിന്റെ ഉദാഹരണമാണ് ഇത്തരം ഫാമുകളിൽ കാണുന്ന തിരക്കുകൾ.

Tags:    
News Summary - The popularity of farm houses is on the rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.