മസ്കത്ത്: ഒമാനിൽ അണ്ണാരക്കണ്ണന്മാരുടെ സാന്നിധ്യം ഇൗത്തപ്പഴ കൃഷിക്ക് ഭീഷണിയാകുമെന്ന് പഠനങ്ങളിൽ പറയുന്നു. ഒമാനിൽ കണ്ടുവരുന്ന മുൾമരമായ ജുജുബെ മരങ്ങളുടെ പഴങ്ങളാണ് നിലവിൽ അണ്ണാന്മാർ കഴിക്കുന്നത്. എന്നാൽ, ഭാവിയിൽ ഇവ ഇൗത്തപ്പഴങ്ങൾ ഭക്ഷിക്കാൻ സാധ്യതയുള്ളതായും നിരീക്ഷകർ പറയുന്നു. മൂന്ന് വരയുള്ള ഇന്ത്യൻ അണ്ണാന്മാരെ യു.എ.ഇയിലെ റാസൽ ഖൈമയിൽ നേരത്തേ കണ്ടെത്തിയിരുന്നു. എന്നാൽ, ഇൗ വിഭാഗത്തിൽ അണ്ണാന്മാരെ ഒമാനിൽ ആദ്യമായാണ് കണ്ടെത്തിയത്. വടക്കൻ ഒമാനിലെ ഏഴ് സ്ഥലങ്ങളിലായി 11 എണ്ണത്തിനെയാണ് കണ്ടെത്തിയത്.
നിലവിൽ ഒമാനിൽ ഇവയുടെ എണ്ണം കുറവാണെന്ന് ഗവേഷകർ പറയുന്നു. ഇവയെ വളർത്തു മൃഗങ്ങളുടെ കടകൾ വഴിൽ വിൽക്കാൻ കഴിയുന്നതാണ്. ആളുകൾക്ക് വളർത്താൻ ഇഷ്ടമുള്ളവയാണ് ഇവയെങ്കിലും ചില ഘട്ടങ്ങളിൽ ഇവയെ ഉടമകൾ പ്രകൃതിയിലേക്ക് തുറന്നുവിടുകയോ കൂട്ടിൽ നിന്ന് ഒാടിപ്പോവാനോ സാധ്യതയുണ്ട്. ഇവയുടെ വളർച്ച ആദ്യഘട്ടത്തിൽ ആയതിനാൽ അവയെ നിയന്ത്രിക്കാനുള്ള നടപടികൾ എടുക്കേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നു.
ഒമാനിലെ പക്ഷി നിരീക്ഷൻ പ്രഫസർ ഖാലിദ് ദേയുടെ ഭാര്യയായ ജമീല ഹകാമാണ് മാസങ്ങൾക്ക് മുമ്പ് ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ജൂൺ 16 സുൽത്താൻ ഖാബൂസ് സർവകലാശാല ബൊട്ടാണിക്കൽ ഗാർഡനിലാണ് ആദ്യമായി ഇവർ ഇന്ത്യൻ അണ്ണാനെ കണ്ടെത്തിയത്. പിന്നീട് ബൊട്ടാണിക്കൽ ഗാർഡെൻറ മറ്റു ഭാഗങ്ങളിലും ഇവയെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഇവയുടെ ചിത്രങ്ങൾ സർവകലാശാല ബയോളജി വിഭാഗത്തിലെ ഡോ. എം. ബേരി ഇവയുടെ ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഇൗ ചിത്രത്തിൽ നിന്നാണ് ഇവ അഞ്ച് വരയനാണെന്ന് തിരിച്ചറിഞ്ഞത്. സർവകലാശാല ബയോളജി വിഭാഗത്തിെല ഗവേഷകർ ഇവയെക്കുറിച്ചുള്ള ഗവേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. അണ്ണാനുകളുടെ സാന്നിധ്യത്തെക്കുറിച്ച് വിശദമായ റിപ്പോർട്ടുകൾ തയാറാക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.