മസ്കത്ത്: നാല് മാസം നീണ്ട യാത്രാവിലക്ക് അവസാനിച്ചതോടെ ഇന്ത്യയടക്കം രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികൾ ഒമാനിലേക്ക് തിരികെയെത്തിത്തുടങ്ങി. ബുധനാഴ്ച ഉച്ച 12 മണിയോടെയാണ് യാത്രാവിലക്ക് അവസാനിച്ചത്.
കൊച്ചിയിൽനിന്നുള്ള ഒമാൻ എയർ വിമാനമാണ് ആദ്യമെത്തിയത്. കോഴിക്കോട് നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ്, ഹൈദരാബാദ്, കറാച്ചി എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങൾ ഒന്നിന് പിറകെ ഒന്നായി എത്തി. വന്നിറങ്ങിയ യാത്രക്കാരെല്ലാം ഏറെ ആഹ്ലാദം പ്രകടിപ്പിച്ചു. പലരും വികാരാധീനരായാണ് സംസാരിച്ചത്.
കുടുംബമായി താമസിക്കുന്ന പലരും നാട്ടിൽ പെട്ടുപോയിരുന്നു. ബന്ധുവിെൻറ വിവാഹത്തിൽ പങ്കെടുക്കാൻ ഹൈദരാബാദിലേക്ക് തനിച്ചുപോയ പുഷ്പാവതിക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വിലക്ക് നീങ്ങി ഒമാനിൽ തിരിച്ചെത്താൻ സാധിച്ചതിൽ ദൈവത്തിനും ഒമാൻ സർക്കാറിനും നന്ദിയുണ്ടെന്ന് പുഷ്പാവതി പറഞ്ഞു. വിമാനത്താവളത്തിൽ ഇവരെ സ്വീകരിക്കാൻ ഭർത്താവും മകളും എത്തിയിരുന്നു.
ഫൈസർ വാക്സിെൻറ ഒരു ഡോസ് സ്വീകരിച്ചശേഷം സ്വദേശമായ ഡൽഹിക്ക് പോയ ബാസിതിന് യാത്രവിലക്കുമൂലം നാട്ടിൽ തുടരേണ്ടിവന്നു. ഒരു ഡോസ് സ്വീകരിച്ചവർക്കും മടങ്ങിവരാൻ കഴിഞ്ഞതിൽ നന്ദി പറയുന്ന ബാസിത് ഇ-മുശ്രിഫ് അടക്കമുള്ള കാര്യങ്ങൾ നേരത്തേ തന്നെ ചെയ്തുവെച്ച് പ്രിൻറ് എടുത്ത്വെക്കണമെന്നും ഓർമിപ്പിക്കുന്നു. ആദ്യദിനം ആയതിനാൽ വിമാനത്താവളത്തിൽ ഏറെ താമസം നേരിട്ടതായും ബാസിത് പറഞ്ഞു. ആറ് മാസ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ വിലക്ക് മാറിയതിനാൽ ആലപ്പുഴ സ്വദേശി വിജേഷിന് മറ്റ് നടപടിക്രമങ്ങൾ ചെയ്യേണ്ടിവന്നില്ല. തറാസുദ്, ഇ മുശ്രിഫ് ആപ്പുകൾ നേരത്തേ ഡൗൺലോഡ് ചെയ്തുവെച്ചാൽ വന്നിറങ്ങുന്ന സമയത്തെ കാലതാമസം ഒഴിവാക്കാമെന്നും വിജേഷ് പറയുന്നു.
അതേസമയം, വിമാനത്താവളത്തിൽ വന്നിറങ്ങുന്നവരെ സ്വീകരിക്കാൻ വരുന്നവർക്കും വാക്സിൻ സ്വീകരിക്കൽ നിർബന്ധമാക്കിയ ആദ്യ ദിവസമായിരുന്നു ബുധനാഴ്ച. അതുകൊണ്ട് കാര്യമായ തിരക്കൊന്നും തന്നെ വിമാനത്താവളത്തിൽ ഉണ്ടായിരുന്നില്ല. വിമാനത്താവളത്തിലെ വാഹന പാർക്കിങ് ഫീസിന് വാറ്റ് ചുമത്തിയതിനാൽ 100 ബൈസയുടെ വർധന വന്നിട്ടുണ്ട്. മിനിമം പാർക്കിങ് ചാർജ് 500 ബൈസയിൽനിന്ന് 600 ബൈസ ആയിട്ടുണ്ട്. ഒരു മണിക്കൂറിന്ന് ഒരു റിയാലിൽനിന്നും ഒരു റിയാൽ നൂറ് ബൈസ ആയിട്ടുണ്ട്. ഓരോ മണിക്കൂറുകൾക്കും ഇതനുസരിച്ച് ചാർജിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ക്യൂ.ആർ കോഡുള്ള പി.സി.ആർ സർട്ടിഫിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ കൈവശം ഉണ്ടാകണമെന്ന് യാത്രക്കാർ പറഞ്ഞു. ഇ-മുഷ്രിഫ് വെബ്സൈറ്റിൽ ഇവ അപ്ലോഡ് ചെയ്യാൻ സൗകര്യമില്ലാത്തതിനാലാണ് ഇത്. ഇതോടൊപ്പം ഇ-മുഷ്രിഫ് രജിസ്ട്രേഷന് മൂന്ന് റിയാൽ പണമടക്കുകയും വേണം. പണമടക്കാത്ത ഒരു യാത്രക്കാരന് മസ്കത്ത് വിമാനത്താവളത്തിലെ കൗണ്ടറിൽ പണമടക്കാൻ സൗകര്യം ലഭിച്ചതായി കോഴിക്കോട് സ്വദേശി അബ്ദുറഹ്മാനും പറഞ്ഞു. തറാസുദ് ആപ് ഡൗൺലോഡ് ചെയ്യുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.