മസ്കത്ത്: സാങ്കേതിക പ്രശ്നങ്ങൾ കാരണം സലാം എയർ ഇന്ത്യയിലേക്ക് സർവിസ് നിർത്തുന്നത് ഏറെ പ്രതികൂലമായി ബാധിക്കുക സലാലയിൽനിന്നുള്ള മലയാളി യാത്രക്കാരെ. സർവിസ് നിർത്തുന്നതോടെ സലാലയിൽനിന്ന് കേരളത്തിലേക്കുള്ള സർവിസുകൾ ആഴ്ചയിൽ രണ്ടായി കുറയും. ഇപ്പോൾ ചൊവ്വാഴ്ച കോഴിക്കോട്ടേക്കും ശനിയാഴ്ച കൊച്ചിയിലേക്കുമാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവിസുള്ളത്. സലാലയിൽനിന്ന് കോഴിക്കോട്ടേക്ക് സലാം എയർ നടത്തുന്ന സർവിസുകൾ മലയാളികൾക്ക് ഏറെ സൗകര്യമുള്ളതായിരുന്നു.
താരതമ്യേന കുറഞ്ഞ നിരക്കും കൂടുതൽ സർവിസുമുള്ളത് യാത്രക്കാർക്ക് അനുഗുണമായിരുന്നു. സലാം എയർ സർവിസ് നിർത്തുന്നതോടെ യാത്രക്കാർക്ക് സീറ്റ് കിട്ടാത്തതടക്കമുള്ള പ്രയാസങ്ങളും നിരക്കുകൾ വർധിക്കുന്നതിനുള്ള സാധ്യതയും പലരും പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത മാസം മുതൽ സലാലയിൽനിന്ന് കോഴിക്കോട്ടേക്ക് എയർ ഇന്ത്യയുടെ ഒരു സർവിസ് മാത്രമാണുള്ളത്. ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് സലാലയിൽനിന്ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 6.40 നാണ് കോഴിക്കോട്ടേക്കെത്തുന്നത്. ഇവിടെ നിന്ന് രാവിലെ 9.35ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.05 ന് സലാലയിലെത്തും. കൊച്ചിയിലേക്കുള്ള വിമാനം ശനിയാഴ്ച വൈകുന്നേരം 3.45 നാണ് സലാലയിൽനിന്ന് പുറപ്പെടുന്നത്. വൈകുന്നേരം ഏഴിന് കൊച്ചിയിലെത്തും. ഇവിടെനിന്ന് ഉച്ചക്ക് 12ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2.45ന് സലാലയിലെത്തും. സലാലയിൽനിന്ന് കേരളത്തിലേക്ക് ആഴ്ചയിൽ രണ്ട് സർവിസുകൾ മാത്രമുള്ളത് അത്യാവശ്യമായി നാട്ടിൽ പോകേണ്ടവരെയും കുറഞ്ഞ വരുമാനക്കാരെയും പ്രതികൂലമായി ബാധിക്കും. അടിയന്തരമായി പോകേണ്ടവർക്ക് മസ്കത്ത് വഴിയോ അയൽ രാജ്യങ്ങൾ വഴിയോ മാത്രമാണ് കേരളത്തിലേക്ക് പോകാൻ കഴിയുക. ഇത്തരക്കാർ ഒമാൻ എയറിനെയോ, എയർ അറേബ്യയേയോ, ൈഫ്ല ദുബൈയേയോ ആശ്രയിക്കേണ്ടിവരും. ഒമാൻ എയർ സലാലയിൽനിന്ന് കേരളത്തിലേക്ക് മസ്കത്ത് വഴിയാണ് സർവിസ് നടത്തുന്നത്. ഇത് വലിയ സാമ്പത്തിക നഷ്ടത്തിനും കാരണമാകും. ഒമാൻ എയറിന്റെ സലാലയിൽനിന്ന് മസ്കത്ത് വഴിയുള്ള സർവിസിന് വൺവേക്ക് 160 റിയാലിനടുത്താണ് ടിക്കറ്റ് നിരക്ക്. ഈ റൂട്ടിൽ നാട്ടിലെത്താൻ ചുരുങ്ങിയത് 7.10 മണിക്കൂറെങ്കിലും എടുക്കും. സലാലയിൽനിന്ന് മസ്കത്ത് വഴി കൊച്ചിയിലേക്ക് ഒമാൻ എയറിൽ പോവുന്നവരും വൺവേക്ക് കുറഞ്ഞത് 148 റിയാലെങ്കിലും നൽകേണ്ടി വരും. ഈ യാത്രക്കും ചുരുങ്ങിയത് 6.20 മണിക്കൂർ വേണ്ടി വരും.
ചെറിയ ശമ്പളക്കാർക്കും കുറഞ്ഞ വരുമാനക്കാർക്കും ഈ നിരക്കുകൾ ചിന്തിക്കാൻതന്നെ കഴിയില്ല. അതിനാൽ പലർക്കും സലാലയിൽനിന്ന് ബസിൽ പുറപ്പെട്ട് മസ്കത്തിൽനിന്ന് യാത്ര തുടരേണ്ടി വരും. സലാലയിൽനിന്ന് മസ്കത്തിലെത്താൻ റോഡ് മാർഗം കുറഞ്ഞത് പത്തുമണിക്കൂറെങ്കിലും വേണ്ടിവരും. ഇതും യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കും. അടിയന്തരമായി നാട്ടിൽ പോകേണ്ടി വരുന്നത് പ്രായം ചെന്നവർക്കോ രോഗികൾക്കോ ആണെങ്കിൽ പ്രശ്നം കൂടുതൽ വഷളാവും. മുൻ കാലങ്ങളിൽ നാട്ടിൽനിന്ന് വരുന്നവർ മസ്കത്തിലെത്തി പിന്നീട് ബസ് വഴിയാണ് സലാലയിലേക്ക് പോയിരുന്നത്.
വിവിധ വിമാനക്കമ്പനികൾ സലാലയിലേക്ക് നേരിട്ട് സർവിസുകൾ തുടങ്ങിയതോടെയാണ് ഈ പ്രശ്നങ്ങൾക്ക് അറുതി വന്നത്. സലാം എയർ സർവിസ് നിർത്തുന്നതോടെ സമാന പ്രശ്നങ്ങൾ വീണ്ടും ഉടലെടുക്കും. അതിനാൽ സലാലയിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സർവിസുകൾ നടത്താൻ വിമാനക്കമ്പനികൾ തയാറാവണമെന്നാണ് സലാലയിലെ പ്രവാസികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.