സ്വന്തം അനുജെൻറ മരണം കൈയെത്തും ദൂരത്തിൽ പൊലിഞ്ഞില്ലാതായപ്പോൾ പകച്ചുപോയിട്ടുണ്ട്. കേവലം 23 വയസ്സുള്ള ഷംസീർ എന്ന ചെറുപ്പക്കാരെൻറ വിയോഗം മെഡിക്കൽ ഫയലിൽ കാർഡിയാക് അറസ്റ്റ് രൂപത്തിൽ പിടികൂടുമ്പോൾ അന്തിച്ചുപോയ ഒരു രാത്രി, 2017 ഡിസംബർ 26 ഇപ്പോഴും മനസ്സ് പതറിപ്പോകുന്നു. ഒരു തീൻമേശയുടെ അപ്പുറവും ഇപ്പുറവുമായി ഇരുന്നു അത്താഴം കഴിച്ചു പാത്രം കഴുകാൻപോയ അനുജൻ നെഞ്ചുപിടിച്ചു വിളറി ഓടി വന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു.
ഒരു നിമിഷം പകച്ചുപോയ ഞാൻ അടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന ഗവ. ഹോസ്പിറ്റലിലെ ഫാർമസിസ്റ്റും സുഹൃത്തുമായ സമദിനെ വിളിച്ചു. അദ്ദേഹം വന്ന് പരിശോധിച്ച ശേഷം പൾസ് കുറവാണെന്നും ഉടൻ ഹോസ്പിറ്റലിൽ എത്തിക്കണം എന്നും പറഞ്ഞു. റോഡിനു മറുവശമുള്ള സഹം ഗവ. ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഒമാനിലേക്കുള്ള കന്നിവരവിെൻറ നാലാം മാസമായിരുന്നു ഷംസീർ യാത്രപറഞ്ഞത്. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായായിരുന്നു അവെൻറയും വരവ്. പ്രവാസ ലോകത്ത് ഇതുപോലുള്ള മരണങ്ങളുടെ നിരവധി പേരുകൾ നാം കേട്ടിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ സാമൂഹിക പ്രവർത്തകരുടെ ഒരു നിരതന്നെ ഉണ്ടായിരുന്നു.
മറ്റൊരു രാജ്യത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുക എന്നത് വലിയ കടമ്പയാണ്. മരണസർട്ടിഫിക്കറ്റ് കിട്ടി പൊലീസ് സ്റ്റേഷനിൽനിന്ന് ക്ലിയറൻസും ലഭിച്ചു. ഇനിയുള്ളത് എമിഗ്രേഷനിൽ പോയി ഒമാൻ ഐഡി കാൻസൽ ചെയ്യണം. സാമൂഹിക പ്രവർത്തകർ അവിടെ എത്തിയപ്പോഴാണ് അറിയുന്നത് ഷംസീറിെൻറ ഒറിജിനൽ ഐഡി വേണം, അത് കാണുന്നില്ല. രാത്രി ഹോസ്പിറ്റലിൽ മഹസ്സർ തയാറാക്കാൻ വന്ന പൊലീസ് ഉദ്യോഗസ്ഥെൻറ കൈയിൽ ഏൽപിച്ചിരുന്നു. സാധാരണ ഫയലിൽ എഴുതിയാൽ അത് തിരിച്ചു തരികയാണ് പതിവ്. സമയം കടന്നുപോകുന്നുണ്ട്. മസ്കത്തിൽ രണ്ടുമണിക്ക് മൃതദേഹം എത്തിക്കണം. രാത്രി ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ വിളിച്ചു.
ഐഡി ആയാളുടെ കാറിൽ തന്നെയുണ്ടെങ്കിലും ഫുജൈറയിലായ അയാൾ രാത്രിയേ ഡ്യൂട്ടിക്ക് എത്തൂ. അന്നൊരു വ്യാഴാഴ്ചയായിരുന്നു. ഇന്ന് പറ്റിയില്ലെങ്കിൽ രണ്ടു ദിവസത്തെ അവധി കഴിഞ്ഞേ നാട്ടിലെത്തിക്കാൻ സാധിക്കുകയുള്ളൂ.സങ്കടംകൊണ്ട് എനിക്ക് കരച്ചിലടക്കാനായില്ല. ഇതിനിടെയാണ് 28 വയസ്സുള്ള പൊലീസ് ഉദ്യോഗസ്ഥൻ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. സലാം പറഞ്ഞ് കാര്യങ്ങൾ അവതരിപ്പിച്ചപ്പോഴേക്കും ഞാൻ വിതുമ്പിപ്പോയിരുന്നു. അദ്ദേഹം എന്നെ ചേർത്തു പിടിച്ച് എമിഗ്രേഷൻ ഓഫിസിലേക്ക് കൊണ്ടുപോയി. അവിടെയുള്ള ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും അഞ്ചു മിനിറ്റു കൊണ്ട് ഐഡി കാൻസൽ ചെയ്തു പേപ്പർ നൽകുകയും ചെയ്തു. അറിയില്ല ആ പൊലീസുകാരെൻറ പേരെന്തായിരുന്നുവെന്ന്... ഒരു നന്ദിവാക്ക് കേൾക്കാൻപോലും നിൽക്കാതെ നടന്നുപോയ ആ ചെറുപ്പക്കാരൻ ആരായിരുന്നു... അതെ ഒമാനികൾ അങ്ങനെയാണ് അവർക്ക് സ്നേഹിക്കാനെ അറിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.