മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതോടെയുള്ള യാത്രക്കാരുടെ ദുരിതത്തിന് അറുതിയായില്ല. രണ്ടാം ദിനവും നിരവധി ആളുകളുടെ യാത്രയാണ് മസ്കത്തിൽനിന്ന് കേരള സെക്ടറിലേക്ക് മുടങ്ങിയത്. അത്യാവശ്യമുള്ള ചില യാത്രക്കാർ അധികതുക നൽകി ദുബൈ വഴി മറ്റു വിമാനങ്ങളിലാണ് നാടണഞ്ഞത്. അതേസമയം, അവസരം മുതലാക്കി വിമാന കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നതായും പരാതിയുണ്ട്. വ്യാഴാഴ്ച മസ്കത്ത്-കൊച്ചി, മസ്കത്ത്-കണ്ണൂർ, മസ്കത്ത്-കോഴിക്കോട്, സലാല-കോഴിക്കോട് എന്നീ റൂട്ടിലുള്ള വിമാനങ്ങളാണ് കേരള സെക്ടറിൽ ഒമാനിൽനിന്ന് റദ്ദാക്കിയത്.
ബുധനാഴ്ച മസ്കത്ത് വിമാനത്താവളത്തിൽ കുടുങ്ങിയവരുടെ യാത്രയും അനിശ്ചിതമായി തുടരുകയാണ്. ഇവരിൽ ചില ആളുകൾ മസ്കത്തിലെ സുഹൃത്തുകളുടെയും മറ്റും റൂമുകളിലേക്ക് തിരിച്ചിട്ടുണ്ട്. എന്ന് യാത്ര തിരിക്കാനാകുമെന്നതിനെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു.
കേരളത്തിൽനിന്ന് കോഴിക്കോട്-സലാല, കൊച്ചി-മസ്കത്ത്, തിരുവനന്തപുരം-മസ്കത്ത് എന്നീ സർവിസുകളും റദ്ദാക്കി. ബുധനാഴ്ച യാത്ര മുടങ്ങിയവർ വ്യാഴാഴ്ചയെങ്കിലും മസ്കത്തിലേക്ക് തിരിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, ഇങ്ങനെ എത്തിയ പലർക്കും നിരാശയായിരുന്നു ഫലം. കൂട്ടമായി പല വിമാനത്താവളങ്ങളിലും ബഹളവും പ്രതിഷേധവും അറിയിച്ചെങ്കിലും എയർ ഇന്ത്യ അധികൃതർ കൈമലർത്തുന്ന സ്ഥിതിയായിരുന്നു പലയിടത്തും ഉണ്ടായിരുന്നതെന്ന് യാത്രക്കാർ പറഞ്ഞു.
അതേസമയം, വിമാനങ്ങൾ റദ്ദാക്കിയതോടെ നൂറുകണക്കിന് ഒമാനികൾ ഇന്ത്യയിൽ കുടുങ്ങിയിരിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈ-മസ്കത്ത്, കോഴിക്കോട്-മസ്കത്ത്, കണ്ണൂർ-മസ്കത്ത്, മംഗളൂരു-മസ്കത്ത്, തിരുവനന്തപുരം-മസ്കത്ത് എന്നീ വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ് വ്യാഴാഴ്ച റദ്ദാക്കിയതെന്ന് ട്രാവൽ ഏജൻറുമാർ പറഞ്ഞു. ഇവരിൽ പലരും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ചികിത്സ തേടിയും മറ്റും പോയതായിരുന്നു. യാത്ര മുടങ്ങിയ പലർക്കും ബദൽ സംവിധാനം ഒരുക്കുമെന്ന് അധികൃതർ വാക്കുകൊടുത്തെങ്കിലും ഫലമുണ്ടായില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.
അതേസമയം, സമരം പിൻവലിച്ചതോടെ ശനിയാഴ്ചമുതൽ പ്രശ്നത്തിന് അയവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാമെന്ന ഉറപ്പിലാണ് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ സമരം പിൻവലിച്ചത്.
ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്നും മാനേജ്മെന്റ് ഉറപ്പുനൽകി. തുടർന്നാണ് സമരം പിൻവലിക്കാൻ ജീവനക്കാരുടെ യൂനിയൻ തയാറായത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ജീവനക്കാർ ചൊവ്വാഴ്ച രാത്രിയാണ് ചരിത്രത്തിലില്ലാത്ത വിധം മിന്നൽ പണിമുടക്ക് തുടങ്ങിയത്.
പ്രതിഷേധവുമായി പ്രവാസി സംഘടനകൾ
റുവി കെ.എം.സി.സി
മസ്കത്ത്: ഗൾഫ് നാടുകളിലേതുൾപ്പെടെ മുന്നറിയിപ്പില്ലാതെ വിമാന സർവിസുകൾ റദ്ദ് ചെയ്തത് ആയിരക്കണക്കിന് പ്രവാസികളെയും യാത്രക്കാരെയും ദുരിതത്തിലാക്കിയ എയർ ഇന്ത്യയുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് റുവി കെ.എം.സി.സി പ്രസ്താവിച്ചു. കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഇതിൽതന്നെ കുടുംബാംഗങ്ങൾക്ക് അത്യാഹിതം വന്ന് യാത്ര ചെയ്യുന്നവരും വിസ കാലാവധി അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുന്നവരും ഉണ്ടെന്നതാണ് പരിതാപകരം.
വിമാന സർവിസ് ഏതെങ്കിലും കാരണവശാൽ നിലച്ചു പോയാൽ അടിയന്തിരമായി താമസ സൗകര്യവും ആഹാരവും നൽകുക എന്നത് ഒരു അന്താരാഷ്ട്ര മര്യാദയാണ്. യാത്രാക്ലേശം നേരിട്ട് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയവരെ സഹായങ്ങൾക്കായി കെ.എം.സി.സി ബന്ധപ്പെടുന്നുണ്ടെന്നും അടിസ്ഥാന സഹായങ്ങൾ എത്തിക്കുന്നുണ്ടെന്നും റുവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം അറിയിച്ചു.
സലാല കെ.എം.സി.സി
സലാല: എയർ ഇന്ത്യ എക്സ്പ്രസ് മിന്നൽ പണിമുടക്കിനെ തുടർന്ന് യാത്രാദുരിതം അനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ ഇടപെടണമെന്ന് സലാല കെ.എം.സി.സി ആവശ്യപ്പെട്ടു. വിസ കാലാവധി കഴിയുന്നവരുടെയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കേണ്ടവരുടെയും രോഗികളുടെയും കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കണം.
ലോകത്ത് മറ്റൊരു രാജ്യത്തും കാണാത്ത ക്രൂരതകളാണ് പ്രവാസികളോട് എയർ ഇന്ത്യ എക്സ്പ്രസ് കൈക്കൊള്ളുന്നതെന്ന് സലാല കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അലി ഹാജി, ജനറൽ സെക്രട്ടറി ഷബീർ കാലടി എന്നിവർ പറഞ്ഞു. കുടുംബം പോറ്റാനും നാട് കെട്ടിപ്പടുക്കാനും വേണ്ടി പ്രവാസ ജീവിതം നയിക്കുന്നവരോട് ഇത്രയും നിരുത്തരവാദ സമീപനം സ്വീകരിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കാനും മറ്റു പരിഹാര മാർഗങ്ങൾ കണ്ടെത്താനും സർക്കാർ സത്വരമായി ഇടപെടണം.
ആഴ്ചയിൽ ഒന്നോ രണ്ടോ സർവിസുകൾ മാത്രമുള്ള സലാല പോലെയുള്ള പ്രദേശങ്ങളിൽ ഇത് വലിയ തോതിലാണ് ബാധിക്കുന്നത്. വിസ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നവർക്കും ചികിത്സ ആവശ്യാർഥം നാട്ടിൽ പോകുന്നവർക്കും എല്ലാം വലിയ തോതിൽ സാമ്പത്തിക പ്രയാസമുണ്ടാക്കുമിത്. ഇത്തരം ക്രൂരതകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഗവൺമെന്റ് മുൻകൂട്ടി കാണണമെന്നും സലാല കെ.എം.സി.സി ആവശ്യപ്പെട്ടു.
പി.സി.എഫ്
സലാല: എയർ ഇന്ത്യ എക്സ്പ്രസ് പ്രവാസികളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കാൻ കേന്ദ്ര സര്‍ക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണം, അല്ലാത്തപക്ഷം എയർ ഇന്ത്യ എസ്പ്രസ് ബഹിഷ്കരിക്കാൻ പ്രവാസി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് സലാല പി.സി.എഫ് നേതാക്കൾ പ്രവാസി സമൂഹത്തോട് ആവശ്യപ്പെട്ടു. ജി.സി.സി രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യയുടെ വിമാന സർവിസ് നിരന്തരം മുന്നറിയിപ്പുകൾ കൂടാതെ നിർത്തലാക്കുന്നത് നിത്യ സംഭവമായിരിക്കുകയാണ്.
ജി.സി.സി മേഖലയില്‍ ജോലി ചെയ്യുന്നവർ കൂടുതലും ആശ്രയിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസ് ആണ്. ഗള്‍ഫിലെ പല രാജ്യങ്ങളിലും നിലവിലുള്ള വിസ സമ്പ്രദായം അനുസരിച്ചു കൃത്യസമയത്ത് ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ ജോലി തന്നെ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും. അത്യാവശ്യ കാര്യങ്ങള്‍ക്ക് നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്ത യാത്രക്കാരും തിരിച്ച് പ്രവാസ ലോകത്തേക്ക് ജോലിയിൽ പ്രവേശിക്കാൻ വന്ന യാത്രകാർക്കും നഷ്ടപരിഹാരം നൽകണമെന്നും സലാല പി.സി.എഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഡബ്ല്യു.എം.എഫ്
മസ്കത്ത്: എയർ ഇന്ത്യ വിമാനം റദ്ദാക്കിയതുമൂലമുള്ള പ്രയാസം പരിഹരിക്കാൻ ബദൽ സംവിധാനം ഉൾപ്പെടെ പ്രവാസികൾക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ സർക്കാരുകൾ മുന്നോട്ട് വരണമെന്ന് വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഒമാൻ നാഷനൽ കൗൺസിൽ ആവശ്യപ്പെട്ടു. യാതൊരു മുന്നറിയിപ്പുമില്ലാതെ നടത്തിയ ജീവനക്കാരുടെ പണിമുടക്കുമൂലം യാത്രക്കാർക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്.
വളരെ ചുരുങ്ങിയ അവധിക്ക് നാട്ടിൽ പോവുന്ന പ്രവാസികളേയും വിസ കാലാവധി അവസാനിക്കുന്നതും ഉൾപ്പെടെ പലർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ പോലും ഉണ്ടാക്കുന്നതാണ് എയർ ഇന്ത്യയുടെ നടപടി. ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ ഗൗരവപൂർവമായ ഇടപെടലുകൾ ബന്ധപ്പെട്ട അധികാരികൾ നടത്തണമെന്നും വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷനൽ കൗൺസിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.