മസ്കത്ത്/മത്ര: പ്രവാസലോകത്തെ യു.ഡി.എഫ് പ്രവർത്തകരിൽ ആഹ്ലാദം നിറച്ച് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം. വെള്ളിയാഴ്ച അവധിയായതിനാൽ ഫലമറിയാനായി രാവിലെ തന്നെ ഫ്ലാറ്റുകളിലും റൂമുകളിലും ടി.വിക്ക് മുന്നിലായിരുന്നു പ്രവാസികളിൽ അധികപേരും. വോട്ടെണ്ണലിന്‍റെ ആദ്യമണിക്കൂറുകളിൽ യു.ഡി.എഫ് സ്ഥാനാർഥി ലീഡ് തുടർന്നപ്പോൾ തിരിച്ചുവരുമെന്നും സഞ്ച്വറി തികക്കുമെന്നും എൽ.ഡി.എഫ് അനുഭാവികൾ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ, തുടർ മണിക്കൂറുകളിൽ ലീഡ് കുതിച്ചതോടെ തോൽവി സമ്മതിച്ച് പലരും ദൈനംദിന പ്രവർത്തനങ്ങളിലേക്ക് നീങ്ങി. യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദാരവത്തിലേക്കും. വിവിധ യു.ഡി.എഫ് കേന്ദ്രങ്ങളിൽ ജുമുഅക്കുശേഷം ആഘോഷ പരിപാടികളും നടന്നു.
ഒ.ഐ.സി.സി അഡ്ഹോക് കമ്മിറ്റിയും മത്ര റീജനൽ കമ്മിറ്റിയും സംയുക്തമായി റെക്സ് റോഡിൽ തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. അഡ്ഹോക് അംഗങ്ങളായ ബിന്ദു പാലക്കൽ, നിയാസ് ചെണ്ടയാട്, സലീം മുതുവൽ, മുതിർന്ന നേതാവ് എൻ.ഒ. ഉമ്മൻ, മത്ര റീജനൽ കമ്മിറ്റി പ്രസിഡന്‍റ് മുഹമ്മദ് കുട്ടി ഇടകുന്നം, കോൺഗ്രസ് നേതാക്കളായ മാത്യു മെഴുവേലി, വിപിൻ, വി.സി. നായർ, നൗഷാദ്, മനാഫ് തുടങ്ങിയവർ നേതൃത്വം നൽകി.
ഒ.ഐ.സി.സി ഒമാൻ സിദ്ദീഖ് ഹസ്സൻ വിഭാഗം പ്രവർത്തകർ റൂവി ബദറുസ്സമാ ഹോസ്പിറ്റലിനടുത്ത് പായസ വിതരണം നടത്തി. ഹൈദ്രോസ് പൊതുവന, അനീഷ് കടവിൽ, ജിജോ കടംതോട്ട്, കുര്യാക്കോസ് മാളിയേക്കൽ, ജോളി മേലേത്ത്, ഹരിലാൽ ഗോപകുമാർ, റാഫി ചക്കര, ബിനി ജോളി, ഷാജി ഏനത്ത്, റിൻസി എന്നിവർ പങ്കെടുത്തു.
മലയാളികള്‍ തിങ്ങിക്കഴിയുന്ന മത്ര സൂഖില്‍ നാലാൾ കൂടുന്നയിടങ്ങളിലൊക്കെ രാവിലെ മുതല്‍ തെരഞ്ഞെടുപ്പ് ഫലമായിരുന്നു ചര്‍ച്ച. പരമ്പരാഗത യു.ഡി.എഫ് മണ്ഡലമായതിനാല്‍ തന്നെ വലിയ വിജയ പ്രതീക്ഷ ഉണ്ടായില്ലെങ്കിലും ഇങ്ങനെ തകര്‍ന്നടിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വ്യാപാരിയായ തലശ്ശേരി ധർമടം സ്വദേശി നിസാര്‍ പ്രതികരിച്ചത്.
വമ്പിച്ച വിജയത്തിനുപിന്നില്‍ ഐക്യമുന്നണിയുടെ ഒറ്റക്കെട്ടായ പ്രവർത്തനമാണെന്നും ക്രഡിറ്റ് വി.ഡി. സതീശന് പ്രത്യേകം സമ്മാനിക്കുന്നുവെന്നും യു.ഡി.എഫ് അനുകൂലിയായ ഹൈദര്‍ ശ്രീകണ്ഠപുരം പറഞ്ഞു. പിണറായിയുടെ ധാർഷ്ട്യത്തിന് കേരള ജനതയുടെ മുഖമടച്ചുള്ള അടിയാണ് പരാജയത്തിലൂടെ കിട്ടിയിരിക്കുന്നതെന്നാണ് ലീഗ് അനുഭാവിയും സൂഖിലെ കയറ്റിറക്ക് തൊഴിലാളിയുമായ കണ്ണൂര്‍ സിറ്റി സ്വദേശി കരീമിന്‍റെ അഭിപ്രായം. രണ്ടാംവട്ടം അധികാരം കിട്ടിയതിലൂടെ സി.പി.എം കാണിച്ചുതുടങ്ങിയ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് അവര്‍ക്ക് കിട്ടിയതെന്ന് ബെഡ് ഷോപ് ജീവനക്കാരനായ റഷീദ് മട്ടന്നൂരും പറഞ്ഞു. പാര്‍ട്ടി സ്ഥാനാർഥിയെ നിര്‍ത്തി മത്സരിപ്പിച്ച് രാഷ്ട്രീയ പോരാട്ടം നടത്തിയാണ് തോറ്റതെങ്കില്‍ ഇത്ര നിരാശ തോന്നുകയില്ലായിരുന്നുവെന്ന് സൂഖിലെ ജെന്‍റ്സ് ടെയ്‍ലറായ ചക്കരക്കല്ല് സ്വദേശി പ്രകാശന്‍ പറഞ്ഞു. ഇടതുപക്ഷാനുകൂലികളായ വയനാട് സ്വദേശി ഉസ്മാനും തൃശൂർ സ്വദേശി രഘുവിനും പറയാനുള്ളതും സമാനഭിപ്രായമാണ്.
പി.സി. ജോര്‍ജിനെപ്പോലുള്ള കേരള രാഷ്ട്രീയത്തിലെ മാലിന്യത്തെ പേറിയതിനാലാണ് ബി.ജെ.പിക്ക് നേരത്തേയുള്ള വോട്ടുകള്‍കൂടി കുറയാനിടയാക്കിയതെന്നാണ് മുഹമ്മദലി പൊന്നാനി പറഞ്ഞത്. യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്നാല്‍ ഭരണം പുഷ്പംപോലെ തിരിച്ചുപിടിക്കാനാകുമെന്ന് തൃക്കാക്കര തെളിയിച്ചതായി എമിറ്റേഷന്‍ കച്ചവടക്കാരനായ റഫീഖ് ചെങ്ങളായി പറഞ്ഞു.
ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് മുഖ്യമന്ത്രിയും മന്ത്രിമാരും മാസങ്ങളോളം കിടന്നുനിരങ്ങി വോട്ട് അഭ്യർഥിച്ചിട്ടും ജയിക്കാന്‍ സാധിക്കാത്തത് വലിയ ഭരണ പരാജയം തന്നെയാണെന്ന് വെജിറ്റബിള്‍ കച്ചവടക്കാരനായ സുല്‍ഫിക്കറുടെ അഭിപ്രായം.
കെ-റെയില്‍ അല്ല കേരളത്തിന് വേണ്ടത്, സൗഹൃദാന്തരീക്ഷമാണ്. അഭ്യന്തര വകുപ്പ് അക്കാര്യത്തില്‍ തികഞ്ഞ പരാജയമാണെന്നതിന്‍റെ തെളിവാണ് ഭരണ മെഷിനറി മുഴുവനായി തമ്പടിച്ചിട്ടും പരാജയത്തിന്‍റെ കയ്പുനീര് കുടിക്കേണ്ടി വന്നതെന്ന് ഹൗസ് ഹോള്‍ഡ് വ്യാപാരിയായ അഫീലും പറഞ്ഞു.വ്യക്തമായ രാഷ്ട്രീയമൊന്നും ഇല്ലെങ്കിലും സഭയില്‍ പന്ത്രണ്ടാമതായി ഒരു വനിത പ്രതിനിധി എത്തിയതില്‍ സന്തോഷമുണ്ടെന്ന് മുനിസിപ്പാലിറ്റി ക്ലീനിങ് തൊഴിലാളികളായ മഞ്ജുവും ബിന്ദുവും അഭിപ്രായപ്പെട്ടു.
ഉമ തോമസിന്‍റെ വിജയത്തിൽ ആഹാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ മത്രയിൽ മധുരം വിതരണം ചെയ്തു. ഫസൽ മേക്കുന്ന്, സി.കെ. ബഷീർ, സി.കെ. അബ്ദുൽ ഗഫൂർ വയനാട്, റഫീഖ് ശ്രീകണ്ഠാപുരം, നാസർ മുതിര, നൗഷാദ് തെരുവുംപറമ്പ്, ശറഫ് ശ്രീകണ്ഠപുരം, മുസ്തഫ വയനാട്, ഖാദർ പുല്ലുക്കര എന്നിവർ നേത്രത്വം നൽകി.
മസ്കത്ത്: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലം കേരളത്തിന്‍റെ മതേതരത്വത്തിന്‍റെ വിജയമാണെന്ന് പ്രവാസി വെൽഫെയർ പ്രസിഡന്‍റ് കെ. മുനീർ അഭിപ്രായപ്പെട്ടു. കേരളത്തിലെ ജനങ്ങളെ ജാതി, മത അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് എൽ.ഡി.എഫിന്‍റെ ഭാഗത്തുനിന്നുണ്ടായത്.
ഇതിനുള്ള തിരിച്ചടിയാണ് വലിയ ഭൂരിപക്ഷത്തിലുള്ള യു.ഡി.എഫിന്‍റെ വിജയം. ജനങ്ങളെ വെല്ലുവിളിച്ച് കോർപറേറ്റ് താൽപര്യങ്ങൾക്കുവേണ്ടി കേരളത്തിന് അനുകൂലമല്ലാത്ത വികസന ധാർഷ്ട്യത്തിനുമുള്ള വിധിയെഴുത്താണ് തൃക്കാക്കരയിൽ കണ്ടത്. ഇതിൽനിന്ന് പാഠം ഉൾക്കൊള്ളാൻ എൽ.ഡി.എഫും മുഖ്യമന്ത്രിയും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.