മസ്കത്ത്: ഒമാനിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധന. ജൂലൈ അവസാനത്തോടെ 63,219 വിമാനങ്ങളിലായി 84,78,548 ആളുകളാണ് യാത്ര ചെയ്തത്. മുൻവർഷങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 9.3 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 2023 ജൂലൈ അവസാനത്തോടെ 59,778 വിമാനങ്ങളിലായി 77,57,629 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.
ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മസ്കത്ത് എയർപോർട്ട് വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം 8.9 ശതമാനം വർധിച്ച് 7,571,148ൽ എത്തി. 56,498 വിമാനങ്ങളിലൂടെയായിരുന്നു ഇത്രയും ആളുകൾ യാത്ര ചെയ്തത്. വിമാനങ്ങളുടെ എണ്ണത്തിൽ 5.8 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വന്നതും പുറപ്പെട്ടതുമായ 51,535 അന്താരാഷ്ട്ര വിമാനങ്ങളിലായി 6,949,193 യാത്രക്കാരെയും 4,963 ആഭ്യന്തര വിമാനങ്ങളിലൂടെ 6,21,955 യാത്രക്കാരെയും മസ്കത്ത് എയർപോർട്ടിന് ലഭിച്ചു.
2023 ജൂലൈ അവസാനത്തെ അപേക്ഷിച്ച് 10.3 ശതമാനം വർധനയോടെ സലാല വിമാനത്താവളത്തിലൂടെ യാത്ര ചെയ്തവരുടെ എണ്ണം 827,486 ആയി. 5,975 വിമാനങ്ങളിലായാണ് ഇത്രയും ആളുകൾ സലാലയിൽ എത്തിയത്. കഴിഞ്ഞ വർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയുമ്പോൾ 3.6 ശതമാനത്തിന്റെ വർധനവാണ് വിമാനങ്ങളിലുണ്ടായിരിക്കുന്നത്. 3,088 അന്താരാഷ്ട്ര വിമാനങ്ങളിലായി 3,088 യാത്രക്കാരെയും 2,887 ആഭ്യന്തര വിമാനങ്ങളിലായി 4,35,388 യാത്രക്കാരുമാണ് സലാല വിമാനത്താവളത്തെ ആകർഷിച്ചത്. സുഹാർ വിമാനത്താവളം വഴി 384 വിമാനങ്ങളിലായി 45,126 യാത്രക്കാരും ദുകം എയർപോർട്ട് വഴി 362 വിമാനങ്ങളിലായി 34,788 ആളുകളും എത്തി.
മസ്കത്ത് വിമാനത്താവളത്തിലൂടെ ഏറ്റവും കൂടുതൽ യാത്ര ചെയ്തവരിൽ മുന്നിൽ വരുന്നത് ഒമാനി പൗരൻമാരാണ്. 216,690 ഒമാനികൾ ആണ് വിമാനത്താവളത്തെ ആശ്രയിച്ചത്. ഇതിൽ 100,858 സുൽത്താനേറ്റിലേക്ക് വരാനും 1,15,832പേർ പുറത്തേക്ക് പോകാനുമാണ് ആശ്രയിച്ചത്. 1,82,873 ആളുകളുമായി തൊട്ടടുത്ത് വരുന്നത് ഇന്ത്യക്കാരാണ്. ഇതിൽ 99,920പേർ ഇവിടേക്ക് എത്തിച്ചേർന്നവരാണ്. 46,885 ആളുമായി പാകിസ്താനാണ് മൂന്നാം സ്ഥാനത്തു വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.