മസ്കത്ത്: ഈ വർഷം ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 'എ'ഡിവിഷൻ യോഗ്യത മത്സരങ്ങൾക്ക് വെള്ളിയാഴ് ച തുടക്കം. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ഒമാൻ, നേപ്പാൾ, കാനഡ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾ ഗ്രൂപ് 'എ'യിൽ മാറ്റുരക്കുമ്പോൾ യു.എ.ഇ, അയർലൻഡ്, ബഹ്റൈൻ, ജർമനി എന്നീ ടീമുകൾ ഗ്രൂപ് ബിയിലും ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ടു സ്ഥാനക്കാർ സെമി ഫൈനലിലേക്ക് യോഗ്യത നേടും. ഫൈനലിലെത്തുന്ന ടീമുകൾ ഈ വർഷം ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിന് യോഗ്യത നേടും.
ഒമാൻ ക്രിക്കറ്റ് അക്കാദമിയിലെ രണ്ട് ഗ്രൗണ്ടിലും ഒരേ സമയമാണ് മത്സരം. വെള്ളിയാഴ്ച രാവിലെ 10ന് ക്രിക്കറ്റ് അക്കാദമിയിലെ ഒന്നാം ഗ്രൗണ്ടിൽ നേപ്പാളുമായാണ് ഒമാന്റെ ആദ്യമത്സരം. ഇതേസമയം, രണ്ടാമത്തെ ഗ്രൗണ്ടിൽ ഫിലിപ്പീൻസും കാനഡയും ഏറ്റുമുട്ടും. ഉച്ചക്ക് രണ്ടിന് ആദ്യ ഗ്രൗണ്ടിൽ യു.എ.ഇ അയർലൻഡുമായും രണ്ടാം ഗ്രൗണ്ടിൽ ബഹ്റൈൻ ജർമനിയുമായും ഏറ്റുമുട്ടും. ഫെബ്രുവരി 24നാണ് ഫൈനൽ.
സെമി ഫൈനലിൽ കടക്കുക എന്നത് ആതിഥേയരായ ഒമാനിനെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല. തുടർന്ന് അങ്ങോട്ട് കാര്യങ്ങൾ കടുപ്പമായിരിക്കും. ദിവസങ്ങൾക്ക് മുമ്പ് നടന്ന യു.എ.ഇയുമായുള്ള ഏകദിന പരമ്പര ഒമാൻ അടിയറ വെച്ചിരുന്നു. ഇതിനു ശേഷം നടന്ന ചതുർരാഷ്ട്ര ട്വന്റി20 ടൂർണമെന്റിലും അവസാന മത്സരത്തിൽ മാത്രമാണ് ജയിക്കാനായത്. ഹോം ഗ്രൗണ്ടിൽ ഒമാന്റെ പ്രകടനം ഉദ്ദേശിച്ച രീതിയിൽ ഉയരാറില്ല എന്നതിന്റെ വലിയ ഉദാഹരണം ആയിരുന്നു കഴിഞ്ഞ മത്സരങ്ങൾ.
ലോകകപ്പ് യോഗ്യതാ മത്സരം ആന്നെന്നുള്ള കാരണത്താൽ കൂടുതൽ ഗൗരവത്തോടെ ഒമാൻ കളിയെ സമീപിക്കും. മാത്രവുമല്ല അവസാന കളിയിൽ യു.എ.ഇയെ പരാജയപ്പെടുത്താൻ കഴിഞ്ഞത് ടീമംഗങ്ങളുടെ ആത്മവിശ്വാസവും വർധിപ്പിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതിനാൽ സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കും. ഇതും ആതിഥേയർക്ക് ആത്മവിശ്വാസം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.