അജ്മാന്: പ്രാർഥനപോലെ ഒരു പുഞ്ചിരിയായിരുന്നു ആയിഷ ദുആ എന്ന രണ്ടുവയസ്സുകാരി. ഇപ്പോൾ അറിയുന്ന, കേൾക്കുന്ന ഓരോരുത്തരുടെയും മനസ്സിലെ കണ്ണീർകണമാണവൾ. കരിപ്പൂർ വിമാനദുരന്തത്തിൽ ആ കുഞ്ഞുജീവൻ പൊലിഞ്ഞുപോയെന്ന് വിശ്വസിക്കാനാവുന്നില്ല ആർക്കും. വിവാഹത്തിെൻറ അഞ്ചാം വർഷത്തിലാണ് മണ്ണാര്‍ക്കാട് കോടതിപ്പടി ചോമേരി ഗാര്‍ഡനില്‍ ഫസല്‍, പുത്തന്‍ കളത്തില്‍- സുമയ്യ തസ്നീം ദമ്പതികള്‍ക്ക് ആയിഷ ദുആ പിറക്കുന്നത്.
അവളെ ഒരുമിച്ച് താലോലിച്ച് കൊതിതീരാഞ്ഞിട്ടാണ് ടെലി കമ്യൂണിക്കേഷന്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഫസല്‍ മകളെയും ഭാര്യയേയും വിസിറ്റ് വിസയില്‍ യു.എ.ഇയിലേക്ക് കൊണ്ടുവന്നത്. ഫെബ്രുവരിയിൽ എത്തിയ ഇരുവരുടെയും വിസ കാലാവധി അടുത്ത ദിവസം അവസാനിക്കുമെന്നതിനാൽ മനസ്സില്ലാമനസ്സോടെ വന്ദേഭാരത് മിഷൻ വിമാനത്തിൽ നാട്ടിലേക്കയക്കുകയായിരുന്നു. ഇളം പൈതലിനെ ഒന്ന് കൂടി മാറോട് ചേര്‍ത്തണച്ച് യാത്രപറഞ്ഞയക്കുേമ്പാൾ ആരും പ്രതീക്ഷിച്ചില്ല ഇതുപോലൊരു ദുരന്തം. അവധി ദിനമായിരുന്നിട്ടും കുടുംബത്തെ യാത്രയാക്കിയ ശേഷം അദ്ദേഹം തിരികെ ദുബൈ റാഷിദിയയിലുള്ള വില്ലയിലേക്ക് മടങ്ങിയില്ല. പ്രിയതമയുടെയും മോളുടെയും ചിരിയും വർത്തമാനങ്ങളും തളം കെട്ടി നില്ക്കുന്ന ശൂന്യമായ വീട്ടിലേക്ക് മടങ്ങാന്‍ മനസ്സ് അനുവദിച്ചില്ല. നിശ്ചിത സമയമായപ്പോള്‍ നാട്ടില്‍ ഇറങ്ങിയോ എന്നറിയാൻ വിളിക്കാനൊരുങ്ങവെയാണ് ദുരന്ത വാര്‍ത്ത കാതുകളിലെത്തുന്നത്.
ഉടൻ നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടെങ്കിലും ഭയപ്പെടാനൊന്നുമില്ല എന്ന വിവരമാണ് ആദ്യമാദ്യം ലഭിച്ചിരുന്നത്. രാത്രിയോട് കൂടി എത്തിയ ഹൃദയഭേദകമായ വിവരം സത്യമാകരുതേ എന്ന് ഫസലും കുടുംബവും കൂട്ടുകാരുമെല്ലാം പ്രാര്‍ഥിച്ചുവെങ്കിലും വിഫലമായി.
ഫസല്‍ എത്തുന്ന സമയത്തോട് കൂടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മാതാവ് സുമയ്യയെ മകള്‍ മരണപ്പെട്ട വിവരം അറിയിച്ചത്. പിതാവ് എത്തുന്ന സമയത്തേക്ക് തന്നെ കുഞ്ഞിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് വീട്ടിലെത്തിച്ചു.
മെഡിക്കല്‍ കോളേജില്‍ തന്നെയുള്ള മൃതദേഹം അവിടെ തന്നെ ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണിച്ച ശേഷമായിരുന്നു വീട്ടിലേക്ക് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.