മസ്കത്ത്: സമൂഹ മാധ്യമങ്ങളിലെ അനധികൃത മാർക്കറ്റിങ്ങ്, പ്രമോഷനൽ പ്രവർത്തനങ്ങക്കെതിരെ നടപടി ശക്തമാക്കി അധികൃതർ. ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിച്ച വ്യക്തികളെ വിളിച്ചുവരുത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതായി വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വെബ്സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും നടത്തുന്ന മാർക്കറ്റിങ്, പ്രമോഷനൽ പ്രവർത്തനങ്ങൾ കുറച്ചുനാളായി അധികൃതർ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ലൈസൻസുകൾ നേടാതെയും പൊതുധാർമികിത ലംഘിച്ചും മറ്റ് വ്യവസ്ഥകൾ പാലിക്കാതെയുമാണ് ചിലർ മാർക്കറ്റിങ്ങ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് അധികൃതർ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. അനധികൃത പ്രൊമോഷനൽ, മാർക്കറ്റിങ് പ്രവർത്തനങ്ങൾ നടത്തുന്നത് കണ്ടെത്തിയതിനെ തുടർന്ന് ഈ വർഷത്തിന്റെ തുടക്കത്തിലും നിരവധിപേരെ അധികൃർ വിളിപ്പിച്ചിരുന്നു.
വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മാർക്കറ്റിങ്, പ്രൊമോഷണൽ പ്രവർത്തനങ്ങളിൽ നടത്തുന്നതിന് ലൈസൻസ് നേടണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇ-കോമേഴ്സ് ഇടപാടുകളും ഉപഭോക്തൃ അവകാശങ്ങളും സംരക്ഷിക്കുന്നതോടൊപ്പം വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും സംരക്ഷണം ഉറപ്പാക്കുക, സോഷ്യൽ മീഡിയയിൽ ഉൽപ്പന്നങ്ങൾ, ചരക്കുകൾ, സേവനങ്ങൾ എന്നിവയുടെ വിപണനവും പ്രമോഷന്റെ മേൽനോട്ടം വഹിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ പുറപ്പെടുവിച്ച മന്ത്രിതല തീരുമാനം അനുസരിച്ചാണ് ഈ നിർദ്ദേശം. എഴുത്ത്, വര, ചിത്രങ്ങൾ, ചിഹ്നങ്ങൾ, ശബ്ദം എന്നിവ വെബ്സൈറ്റുകളിലോ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രമാഷനും കാമ്പയിനും ഉപയോഗിക്കുന്നത് ഇതിന്റെ പരിധിയിൽ വരുമെന്ന് അധികൃതർ ചൂണ്ടികാണിക്കുന്നു.
സമൂഹ മാധ്യമങ്ങൾ വഴിയുള്ള ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രൊമോട്ടർമാർ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ വാണിജ്യ കാര്യ, ഇലക്ട്രോണിക് ട്രേഡ് വകുപ്പിൽനിന്നാണ് ലൈസൻസ് എടുക്കേണ്ടത്. ഇൻവെസ്റ്റ് ഈസി പോർട്ടലിലൂടെ ലൈസൻസിന് അപേക്ഷിക്കാം. ആവശ്യമായ രേഖകൾ സമർപ്പിച്ച് ഒരു വർഷം മുതൽ മൂന്ന് വർഷം വരെയുള്ള ലൈസൻസ് കാലയളവ് തിരഞ്ഞെടുക്കാം. കമ്പനി വാണിജ്യ രജിസ്ട്രേഷൻ നടത്തിയതായിരിക്കണം. മാർക്കറ്റിങ്, വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നൽകിയ ലൈസൻസ് മുമ്പ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്തിരിക്കരുത്. ചാരിറ്റി അല്ലെങ്കിൽ സന്നദ്ധ സേവനങ്ങൾ പോലെയുള്ള ലാഭേച്ഛയില്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ, വ്യാപാരി തന്റെ ഉൽപനങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമില്ല.
അപേക്ഷയിൻമേൽ 15 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. അപേക്ഷ അംഗീകരിച്ചാൽ ഇ-മാർക്കറ്റിങിനും പ്രമോഷൻ പ്രവർത്തനങ്ങൾക്കുമായി ലൈസൻസ് നൽകും. പിന്നീട് ഇവ പുതുക്കാവുന്നതാണ്. വ്യവസ്ഥകൾ ലംഘിച്ചാൽ, 1000 റിയാലിൽ കവിയാത്ത അഡ്മിനിസ്ട്രേറ്റീവ് പിഴ, ഒരു വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുക, ലൈസൻസ് പൂർണമായി റദ്ദാക്കുക തുടങ്ങിയ കാര്യങ്ങൾക്കും ബന്ധപ്പെട്ടവർക്ക് അധികാരമുണ്ടാകും. സമൂഹ മാധ്യമങ്ങളിൽ മാർക്കറ്റിങ്ങിനും പ്രമോഷനും കാമ്പയിനും നടത്തുന്നതിന് ഈ വർഷം മാർച്ച് മുതൽ ഒക്ടോബറിർ വരെ നൽകിയത് ആകെ 1,080 ലൈസൻസുകളാണ്. വാണിജ്യ കാര്യ, ഇ-കോമേഴ്സ് വകുപ്പിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം തടയുന്നതിനാണ് ഇത്തരം ലൈസൻസിങ് ചട്ടങ്ങൾ ഏർപ്പെടുത്തിയിരികുന്നതതെന്ന് ഇ-കോമേഴ്സ് ഡിപ്പാർട്മെന്റ് മേധാവി ഹനാൻ ബിൻത് ഹുമൈദ് അൽ ജബ്രിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.