മസ്കത്ത്: ജബൽ അഖ്ദർ, ജബൽ സംഹാൻ എന്നീ പ്രകൃതി സംരക്ഷിത മേഖലകളെ യുനസ്കോയുടെ ജൈവ സംരക്ഷിത പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഒമാൻ പരിസ്ഥിതി അതോറിറ്റി പ്രതിനിധികൾ സുൽത്താനേറ്റ് സന്ദർശിക്കുന്ന ജർമൻ വിദഗ്ധരുമായി ചർച്ച ആരംഭിച്ചു.
ലോകത്ത് 131 രാജ്യങ്ങളിലായി 727 ജൈവ സംരക്ഷിത മേഖലകളാണ് യുനസ്കോ പട്ടികയിലുള്ളത്. അറബ് മേഖലയിൽ 14 രാജ്യങ്ങളിലായി 35 ജൈവ സംരക്ഷിത മേഖലയാണുള്ളത്. ഇവയിൽ എട്ടെണ്ണം അൽജീരിയയിലാണ്. യുനസ്കോ പട്ടികയിൽ ഇടം പിടിക്കാനുള്ള സാധ്യത വിലയിരുത്താൻ ജർമൻ സംഘം ജബൽ അഖ്ദർ സന്ദർശിച്ചു.
യുനസ്കോ പദ്ധതി പ്രകാരമുള്ള പട്ടികയിൽ ഉൾപ്പെടുന്ന ജൈവ സംരക്ഷിത മേഖലകൾ അന്താരാഷ്ട്ര തലത്തിൽ രൂപപ്പെടുത്തിയ സംരക്ഷിത മേഖലയായാണ് കണക്കാക്കുക. ഇവിടെ പ്രകൃതിയും മനുഷ്യനും തമ്മിൽ സന്തുലിതബന്ധം പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരിക്കും വികസനം.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ദേശീയ പാർക്കുകളുടെയും ജൈവ സംരക്ഷിത മേഖലകളുടെയും സംരക്ഷണത്തിന്റെ ചുമതലയുള്ള ജർമൻ കമ്പനിയായ സക്കോ സ്റ്റിഫങ്ങുമായി ഒമാൻ പരിസ്ഥിതി സമിതി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ജബൽ അഖ്ദർ, ജബൽ സംഹാൻ എന്നീ മേഖലകൾ യുനസ്കോയുടെ ജൈവ സംരക്ഷിത മേഖല പദ്ധതിയിൽ ഉൾപ്പെടുത്താൻ യോഗ്യമാണോ എന്ന പരിശോധനയാണ് ഇപ്പോൾ നടക്കുന്നതെന്ന് ജർമൻ സംഘം അറിയിച്ചു. യുനസ്കോയുടെ പട്ടികയിൽ ഇടം പിടിക്കണമെങ്കിൽ ജൈവ വൈവിധ്യം അടക്കമുള്ള നിരവധി മാനദണ്ഡം ഒത്തുവരണം. ജബൽ അഖ്ദറിൽ ഇത് യോജിച്ച് വരുന്നതായി കണ്ടെത്തി. അതിനാൽ മറ്റു മാനദണ്ഡങ്ങൾ സംബന്ധമായ പരിശോധന നടത്താൻ ശിപാർശ നൽകുമെന്ന് സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.